ജിദ്ദ: സ്‌പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ സ്വപ്നം കണ്ടവർക്ക് മാഡ്രിഡ് ഡെർബി കാണാം. ഇന്നലെ നടന്ന സൂപ്പർ കപ്പ് സെമിയിൽ അത്‌ലറ്രിക്കോ മാഡ്രിഡ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം നേടി ലാലിഗ ചാമ്പ്യൻമാരായ ബാഴ്സലോണയുടെ സൂപ്പർ കപ്പ് മോഹങ്ങൾ അവസാനിപ്പിച്ചു. അവസാന പത്ത് മിനിട്ടിൽ നേടിയ രണ്ടു ഗോളുകളുടെ മികവിലാണ് അത്‌ലറ്രിക്കോ തകർപ്പൻ ജയം സ്വന്തമാക്കിയത്. കോക്കെ, പെനാൽറ്റിയിലൂടെ അൽവാരൊ മൊറാട്ട, എയ്ഞ്ചൽ ഡി കൊറെയ എന്നിവരാണ് അത്‌ലറ്രിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. ലയണൽ മെസിയും അന്റോയിൻ ഗ്രിസ്മാനുമാണ് ബാഴ്സയുടെ സ്കോറർമാർ.ഗോൾ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ 46-ാം മിനിട്ടിൽ തന്നെ കോക്കെയിലൂടെ അത്‌ലറ്രിക്കോ ലീഡ് നേടി. എന്നാൽ 51-ാം മിനിട്ടിൽ മെസിയും 62-ാം മിനിട്ടിൽ ഗ്രീസ്മാനും നേടിയ ഗോളുകളിലൂടെ ബാഴ്സ മുന്നിലെത്തി. ഇതിനിടെ മെസി രണ്ടാം വട്ടം അത്‌ലറ്രിക്കോയുടെ ഗോൾ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഹാൻഡ് ബാൾ വിളിച്ചു. മെസിയുടെ ഫ്രീ കിക്കിൽ നിന്ന് ജെറാർഡ് പിക്വെയും അത്‌ലറ്റിക്കോയുടെ വല ചലിപ്പിച്ചെങ്കിലും വീഡിയോ അസിസ്റ്രന്റ് റഫറി ഓഫ് സൈഡ് വിധിച്ചു.
മത്സരം കൈപ്പിടിയിലായെന്ന് ബാഴ്സ ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി 81-ാം മിനിട്ടിൽ അത്‌ലറ്രിക്കോയ്ക്ക് അനുകൂലമായി പെനാൽറ്രി ലഭിക്കുന്നത്. വിട്ടോളയെ ബാഴ്സ ഗോളി നെറ്രൊ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്രി മൊറാട്ട ഗോളാക്കി മാറ്രി അത്‌ലറ്റിക്കോയ്ക്ക് സമനില നൽകി. തുടർന്ന് 86-ാം മിനിട്ടിൽ മൊറാട്ട നൽകിയ പാസിൽ നിന്ന് കൊറെയ ബാഴ്സയെ ഞെട്ടിച്ച് അത്‌ലറ്രിക്കോയുടെ വിജയ ഗോൾ നേടുകയായിരുന്നു.
ഫൈനൽ മാഡ്രിഡ് ഡെർബി
നാളെ നടക്കുന്ന ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് അയൽക്കാരായ റയൽ മാഡ്രിഡാണ് എതിരാളികൾ
ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11.30 മുതലാണ് ഫൈനൽ
ഇത് വളരെ നാണക്കേടായിപ്പോയി. ബാഴസലോണ നന്നായി കളിച്ചെങ്കിലും അവസാനം നിമിഷങ്ങളിൽ കുട്ടികളെപ്പോലെ വരുത്തിയ പിഴവുകൾക്ക് വലിയ വില ഞങ്ങൾക്ക് കൊടുക്കേണ്ടി വന്നു. ഇത്തരത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും.
ലയണൽ മെസി