തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുൾപ്പെടെ 480 ജീവനക്കാരെ പിരിച്ചുവിടാൻ ആരോഗ്യവകുപ്പിന്റെ ഉത്തരവ്. 430 ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്.
അവധിയിലായിരുന്നവർക്ക് സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിരുന്നു. എന്നിട്ടും ജോലിയിൽ പ്രവേശിക്കാതിരുന്ന 480 പേർക്കെതിരെയാണ് നടപടിയെടുത്തത്. ഒരു വർഷത്തെ ഇടവേളയ്ക്കുള്ളിൽ രണ്ട‌് തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കാൻ താത്പര്യം കാണിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പുറത്താക്കിയിരുന്നു.
ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതത്പരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യവകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 480 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു.
സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെ 430 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 6 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 1 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 3 ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, 2 ലാബ് ടെക്‌നീഷ്യന്‍മാര്‍, 3 റേഡിയോഗ്രാഫര്‍മാര്‍, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 2 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍, 1 പി.എച്ച്.എന്‍. ട്യൂട്ടര്‍മാര്‍, 3 ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.