maradu-flat
maradu flat

കൊച്ചി: ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രിൽ മണിക്കൂറുകൾവൈകി​. രാവിലെ 11 മണിയോടെ നടത്തുമെന്ന് പറഞ്ഞ മോക്ഡ്രിൽ നടന്നത് രണ്ട് മണിക്കൂറിന് ശേഷം. ഫയർഫോഴ്സ് യൂണിറ്റുകളും ആംബുലൻസുകളും രാവിലെ മുതൽ തയ്യാറെടുത്ത് നിന്നു. മോക്ഡ്രില്ലിന് മുന്നോടിയായുള്ള നടപടിക്രമങ്ങളും ആകെ ഇഴഞ്ഞു. സ്ഫോടനത്തിനായുള്ള ബ്ലാസ്റ്റിംഗ് പോയിന്റുകളും മറ്റ് സംവിധാനങ്ങളും പൊളിക്കൽ ഏറ്റെടുത്ത കമ്പനിക്കാർ ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി. മോക്ഡ്രില്ലിനായി ഒരുങ്ങി വന്ന പൊലീസുകാർക്കിടയിലും ആശയക്കുഴപ്പവും സംശയങ്ങളും ഉയരവെ ആദ്യ സൈറൺ മുഴങ്ങി,​ സമയം ഉച്ചയ്ക്ക് ഒരുമണി. പത്തുമിനിട്ട് ഇടവിട്ട് നാലുതവണ സൈറൺ .

പൊലീസിന്റെ സുരക്ഷാക്രമീകരണ യോഗത്തിന് ശേഷമായിരുന്നു മോക്ഡ്രിൽ. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റിന് സമീപത്താണ് ആദ്യം മോക്ഡ്രിൽ നടത്തിയത്. കുണ്ടന്നൂർ - തേവര റോഡി​ൽ അരമണിക്കൂറോളം ഗതാഗതം നിറുത്തിവെച്ചു. നാല് സൈറണുകളും പൂർത്തിയായതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ മുഴങ്ങിയ സൈറണ് ശബ്ദം കുറവായിരുന്നു. മരട് നഗരസഭയ്ക്ക് അകത്ത് സ്ഥാപിച്ച സൈറൺ പുറത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. ഹോളിഫെയ്ത്തിന് ശേഷം ആൽഫ സെറീൻ, ജെയിൻ കോറൽ കോവ് എന്നിവിടങ്ങളിലും മോക് ഡ്രിൽ നടത്തി. ഇന്ന് രണ്ട് ഫ്ലാറ്റുകളിലെ സ്ഫോടനത്തിന് ശേഷം വൈകിട്ട് ഗോൾഡൻ കായലോരത്തിൽ മോക്ഡ്രിൽ നടത്താനാണ് ആലോചന. കമ്മീഷണർ വിജയ് സാഖറേ, കളക്ടർ എസ്. സുഹാസ്, സബ്കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് എന്നിവരും ഇന്നലെ സ്ഥലത്തെത്തിയിരുന്നു.

'മോക്ഡ്രിൽ വിജയകരമായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ ചെറിയ പോരായ്മകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പരിഹരിക്കും'

കമ്മീഷണർ വിജയ് സാഖറെ

-------------------------------------------------------------------------------------------------------------------------------

അവസാനവട്ട കാഴ്ചക്കായി

സ്‌ഫോടനത്തിലൂടെ പൊടിഞ്ഞമരുന്ന മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ കാണാൻ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. . കെട്ടിടങ്ങൾ കാണുക മാത്രമല്ല അത് പശ്ചാത്തലമാക്കി സെൽഫിയെടുക്കാനായിരുന്നു മിക്കവർക്കും തിടുക്കം. പ്രദേശത്ത് പൊലീസ് സന്നാഹവും ഫയർഫോഴ്സ് യൂണിറ്റുകളും കണ്ട് അതുവഴി പോയവർ പോലും വാഹനമൊതുക്കി പാലത്തിന് മേൽ സ്ഥാനം പിടിച്ചു. ഇന്ന് ഫ്ലാറ്റുകൾ പൊളിഞ്ഞുവീഴുന്നതിന് സാക്ഷിയാവാൻ സമീപത്തെ ഉയർന്ന കെട്ടിടങ്ങൾ അന്വേഷിക്കുകയാണ് മിക്കവരും.