കൊച്ചി: കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ ഒന്നിച്ചുനിന്ന് പോരാടിയാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം മറൈൻഡ്രൈവിൽ ഭരണഘടനാ സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുമായി ചേർന്ന് സത്യാഗ്രഹ സമരം നടത്തിയത് നല്ല തുടക്കമായിരുന്നു. ഒരുമിച്ചുള്ള സമരത്തിൽ പാർട്ടിയിൽ പ്രശ്നമുണ്ടെന്ന് പിന്നീട് സർവകക്ഷിയോഗത്തിൽ ചെന്നിത്തല അറിയിച്ചു. ഇതോടെ തുടർ സമരങ്ങളിൽ തീരുമാനമെടുക്കാൻ പ്രതിപക്ഷ നേതാവിനെയും തന്നെയും ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു. പിന്നീട് പ്രതിപക്ഷ നേതാവിൽ നിന്ന് മറുപടി ഉണ്ടായില്ല. ഒറ്റയ്‌ക്ക് പോരാടിയാൽ ഒന്നും നടക്കില്ല. ഒരുമിച്ച് നിന്നാൽ ലക്ഷ്യത്തിലെത്താമെന്ന് ഓർക്കണം. കൂട്ടായ്മയിൽ തീവ്രവാദ ശക്തികളെ മാത്രമാണ് ഒഴിവാക്കേണ്ടത്. അവരെ ഏഴയലത്ത് അടുപ്പിക്കില്ല. ഏകമനസോടെ ഒന്നിച്ചുനിന്നാൽ രാജ്യത്ത് ഇപ്പോഴുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയും. നിയമസഭയിൽ പ്രമേയം പാസാക്കിയതിലൂടെ കേരളം രാജ്യത്തിനൊരു മാതൃക കാട്ടി. പൗരത്വ നിയമ ഭേദഗതിയിലൂടെ ലോകഭൂപടത്തിൽ ഇന്ത്യ ഒറ്റപ്പെട്ടു. കൂടെ നിന്ന പല രാജ്യങ്ങളും തള്ളിപ്പറഞ്ഞു. ന്യൂനപക്ഷങ്ങളെ നിഷ്‌കാസനം ചെയ്യുകയാണ് ആർ.എസ്.എസ് അണ്ടണ്ട. രണ്ടാമതും ബി.ജെ.പി അധികാരത്തിലെത്തിയതോടെ അതിനുള്ള സമയമായെന്ന രീതിയിലാണ് അവർ പദ്ധതി നടപ്പാക്കുന്നത്.- മുഖ്യമന്ത്രി പറഞ്ഞു. പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ മന്ത്രി മാത്യു ടി.തോമസ്. ടി.പി. പീതാംബരൻ, പി. രാജു. സി.എൻ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.