jnu

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ മുട്ടുമടക്കി കേന്ദ്രം. വിദ്യാർത്ഥികളുടെ ആവശ്യപ്പെട്ട ഫീസ് വർദ്ധനവടക്കമുള്ള വിഷയങ്ങളിൽ പരിഗണിക്കാമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉറപ്പുനൽകിയതായി ജെ.എൻ.യു വിദ്യാർത്ഥി പ്രസിഡന്റ് ഐഷി ഘോഷ് അറിയിച്ചു. മാസങ്ങളായി തുടർന്ന് വരുന്ന പ്രതിഷേങ്ങൾക്കൊടുവിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് തീരുമാനം.

വിദ്യാർ‌ത്ഥി യൂണിയൻ പ്രസിഡന്റ് നാല് പേരാണ് എം.എച്ച്.ആർ.ഡി സെക്രട്ടറിയെ കണ്ടത്. ഫീസ് വര്‍ധന പിന്‍വലിക്കുക, ജെ.എൻ.യു വി.സിയെ മാറ്റുക എന്നിവയാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ. സ്ഥിതിഗതികള്‍ സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേരയോട് വിശദീകരിച്ചതായി വി.സി ജഗദീഷ് കുമാറും അറിയിച്ചു. മാത്രമല്ല തിങ്കളാഴ്ച ക്ലാസ് പുനരാരംഭിക്കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.

അതേസമയം ജനുവരി അഞ്ചിന് ജെ.എൻ.യുവിൽ നടന്ന അക്രമസംഭവങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. ഇവരിൽ ഒമ്പതുപേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് അറിയിച്ചു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷുൾപ്പെടെ അഞ്ച് ഇടത് വിദ്യാർ‌ത്ഥി സംഘടനാ പ്രവർത്തകരും എ.ബി.വി.പി പ്രവർത്തകരും അക്രമികളുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് ഡൽഹി പൊലീസ് പുറത്തുവിട്ടു.