ഓരോ വീട്ടിലേയും അടുക്കളകൾ ഓരോ പരീക്ഷണശാലകളാണ്. വർഷങ്ങളായി ചോറും കറിയും വയ്ക്കുന്നവരാണെങ്കിൽ പോലും പാകപ്പെടലുകൾക്കിടയിൽ അടുക്കളയിലെ പരീക്ഷണങ്ങൾക്കിടെ ചിലപ്പോൾ പതറി നിൽക്കാത്ത വീട്ടമ്മമാരുണ്ടാകില്ല. വീട്ടിൽ ഏറ്റവും എളുപ്പം ചീത്തയാവുന്ന സാധനമാണ് പച്ചകറി. പച്ചകറികൾ ഫ്രിഡ്ജിൽ വയ്ക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചില പൊടിക്കൈകൾ ഇതാ!
1.ചീര വേരോടു കൂടി സൂക്ഷിക്കേണ്ടി വരുമ്പോൾ, വേര് വെള്ളത്തിൽ താഴ്ത്തി വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് വാടില്ല.
2. വെണ്ടയ്ക്ക വറുക്കുമ്പോൾ വഴുവഴുപ്പ് ഉണ്ടാകാതിരിക്കാൻ വറുക്കുന്ന സമയത്ത് ഒരു ടേബിൾ സ്പൂൺ തൈരോ, മോരോ ചേർത്താൽ മതി.
3. പച്ചക്കറികളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള കീടനാശിനികൾ നീക്കം ചെയ്യാൻ, ഉപയോഗിക്കുന്നതിനു മുൻപ് പച്ചക്കറികൾ ഉപ്പും മഞ്ഞളും ചേർത്ത വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വയ്ക്കുക.
4. കാരറ്റും, ബീറ്റ്റൂട്ടും വാടിപ്പോയെങ്കിൽ അൽപം ഉപ്പുവെള്ളത്തിൽ അര മണിക്കൂർ ഇട്ടുവച്ച ശേഷം എടുത്താൽ മതി.
5. കഴുകി വൃത്തിയാക്കിയ പച്ചമുളക്; വെള്ളം ഉണങ്ങിയതിനു ശേഷം, അതിന്റെ ഞെട്ടു കളഞ്ഞ് പോളിത്തീൻ കവറിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ രണ്ട് ആഴ്ചയോളം കേടാകാതെയിരിക്കും.
6. ഉരുളക്കിഴങ്ങിൽ കളപൊട്ടുന്നത് തടയാൻ ഇട്ട് വയ്ക്കുന്ന പാത്രത്തിൽ ഒരു ആപ്പിൾ വച്ചാൽ മതി.
ര വേവിക്കുമ്പോൾ വെള്ളത്തിൽ അൽപ്പം ഉപ്പു ചേർത്താൽ ചീരയുടെ നിറം മാറുകയില്ല.
7. കഴുകി വൃത്തിയാക്കിയ നാരങ്ങ, വെള്ളം തുടച്ചു മാറ്റിയതിനു ശേഷം ഒരു ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ രണ്ടാഴ്ചയോളം കേടാകാതെയിരിക്കും.
8. തക്കാളിയുടെ ഞെട്ട് മാറ്റിയ ഭാഗം താഴെ വരത്തക്കവിധം സൂക്ഷിച്ചാൽ പെട്ടെന്ന് കേടാവില്ല.
9. ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ഉരുളക്കിഴങ്ങ് പച്ച മോരിൽ മുക്കിയ ശേഷം വറുത്താൽ നല്ല മൃദുവായി കിട്ടും എന്നു മാത്രമല്ല രുചിയും കൂടും.
10. തേങ്ങ പാൽ പിഴിയുമ്പോൾ തേങ്ങ ചിരകിയതിൽ അൽപം ചൂടുവെള്ളം കൂടി ഒഴിച്ച് പിഴിഞ്ഞെടുക്കാം. മുഴുവൻ പാലും പിഴിഞ്ഞെടുക്കാൻ കഴിയും. പച്ചമയവും മാറും. വെളിച്ചെണ്ണയോ പുളിവെള്ളമോ കൈയിൽ പുരട്ടിയാൽ പച്ചമുളക് അരിയുമ്പോൾ കൈയിൽ അനുഭവപ്പെടുന്ന പുകച്ചിൽ അകറ്റാം.