പൂനെ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസണ് അവസാന ഇലവനിൽ അവസരം നൽകിയ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 78 റൺസിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 2-0ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഇരുപതോവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തി. മറുപടിക്കിറങ്ങിയ ശ്രീലങ്ക 15.5 ഓവറിൽ 123 റൺസിന് ആൾ ഔട്ടായി.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. റിഷഭ് പന്തിന് പകരം സഞ്ജുവിനും കുൽദീപിന് പകരം ചഹലും ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡേയ്ക്കും ഇന്ത്യ ഇന്നലെ അവസരം നൽകി.
തകർപ്പൻ തുടക്കം
ടോസ് നേടിയ ലങ്കൻ നായകൻ ലസിത് മലിംഗ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമായ കെ.എൽ.രാഹുലും (36 പന്തിൽ 54), ശിഖർ ധവാനും (36 പന്തിൽ 52) തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ലങ്കൻ ബൗളർമാരെ അടിച്ച് പരത്തിയ ഇരുവരും ഒന്നാം വിക്കറ്രിൽ 10.5 ഓവറിൽ 77 റൺസ് കൂട്ടിച്ചേർത്തു. അർദ്ധ സെഞ്ച്വറി തികച്ച ഉടനെ ധവാനെ ഡീപ് മിഡ്‌വിക്കറ്റിൽ ഗുണതിലകയുടെ കൈയിൽ എത്തിച്ച് സൻഡാകനാണ് പതിനൊന്നാമത്തെ ഓവറിലെ അഞ്ചാം പന്തിൽ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. 7 ഫോറും 1 സിക്സും അടങ്ങിയതാണ് ധവാന്റെ ഇന്നിംഗ്സ്.
സഞ്ജു സിക്സ്, ഷോക്ക്
ഏവരെയും അദ്ഭുതപ്പെടുത്തി മൂന്നാമനായി കൊഹ്‌ലിക്ക് പകരം സഞ്ജുവാണ് ക്രീസിൽ എത്തിയത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാറ്ര് ചെയ്യാനെത്തിയ സഞ്ജു നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സടിച്ച് ആരാധകരെ ആവേശത്തിൽ ആറാടിച്ചു. നായകൻ വിരാട് കൊഹ്‌ലി എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് സഞ്ജുവിന്റെ സിക്സിനെ വരവേറ്രത്. എന്നാൽ ആഹ്ലാദം അധിക സമയം നീണ്ടില്ല. നേരിട്ട അടുത്ത പന്തിൽ വാനിന്ദു ഹസരംഗയുടെ പന്തിൽ വിക്കറ്രിന് മുന്നിൽ കുടുങ്ങി സഞ്ജു മടങ്ങി.
പതറാതെ പാണ്ഡേ
സഞ്ജുവിനെപ്പോലെ അവസരത്തിനായി കാത്തിരുന്ന മനീഷ് പാണ്ഡേയാണ് പിന്നീടെത്തിയത്. നന്നായി കളിച്ചു വരികയായിരുന്ന രാഹുലിനെ വിക്കറ്ര് കീപ്പർ സൻഡാകന്റെ പന്തിൽ പെരേര സ്റ്രമ്പ് ചെയ്തു പുറത്താക്കി. അധികം വൈകാതെ ശ്രേയസ് അയ്യരെ (4) സ്വന്തം ബൗളിംഗിൽ സൻഡാകൻ തന്നെ പിടികൂടിയതോടെ ഇന്ത്യ ചെറിയ പ്രതിസന്ധിയിലായി. എന്നാൽ പിന്നീട് നായകൻ കൊഹ്‌ലിക്കൊപ്പം (17 പന്തിൽ 26) ക്രീസിൽ ഉറച്ച് നിന്ന് പൊരുതിയ പാണ്ഡെ കിട്ടിയ അവസരം മുതലാക്കി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. ടീം സ്കോർ 164ൽ വച്ച് കൊഹ്‌ലി റണ്ണൗട്ടായി.വാഷിംഗ്ടൺ സുന്ദർ (0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. തുടർന്നെത്തിയ ഷർദ്ദുൾ താക്കൂർ 8 പന്തിൽ 2 സിക്സും 1 ഫോറും ഉൾപ്പെടെ 22 റൺസെടുത്ത് പാണ്ഡെയ്ക്കൊപ്പം ഇന്ത്യയെ 200 കടത്തുകയായിരുന്നു. 18 പന്തിൽ 4 ഫോറുൾപ്പെടെ 31 റൺസുമായി പാണ്ഡെ ഷർദ്ദുളിനൊപ്പം പുറത്താകാതെ നിന്നു.
ഏറ് കൊണ്ട് പുളഞ്ഞ് ലങ്ക
ഇന്ത്യ ഉയർത്തിയ വമ്പൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്കൻ ബാറ്റിംഗ് നിര ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ചൂളിപ്പോയി. 78 പന്ത് ബാക്കി നിൽക്കെ അവർ 123 റൺസിന് ആൾ ഔട്ടായി. ധനഞ്ജയ സിൽവയ്ക്കും (57), എയ്ഞ്ചലോ മാത്യൂസിനും (30) മാത്രമാണ് ലങ്കൻ ബാറ്രിംഗ് നിരയിൽ പിടിച്ചുനിൽക്കാനായുള്ളൂ. ബാക്കി ഒരു ലങ്കൻ ബാറ്ര്‌സ്‌മാനും രണ്ടക്കം കടക്കാനായില്ല.ഇന്ത്യയ്ക്കായി നവദീപ് സെയ്‌നി മൂന്നും ഷർദ്ദുൾ താക്കൂർ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. സൻഡാകനെ വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ സ്റ്രമ്പ് ചെയ്ത് ഒരു വിക്കറ്റ് നേട്ടത്തിലും സഞ്ജു പങ്കാളിയായി.