മലയാളത്തിന്റെ ഗാനഗന്ധർവയേശുദാസിന്റെ എൺപതാം പിറന്നാളായിരുന്നു ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ ഗന്ധർവ്വ ഗായകന് ആശംസകൾ നേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും യേശുദാസിന് ആശംസകൾ നേർന്നവരിൽ പ്രമുഖരാണ്.
ഫോർട്ട് കൊച്ചിയിലാണ് യേശുദാസ് ജനിച്ചത്. യേശുദേസ് ജനിച്ചുവളർന്ന തറവാട്ട് വീട് ഇന്നൊരു ഹോട്ടലാണ്. പക്ഷേ എല്ലാവർഷവും ദാസേട്ടൻ ഈ വീട്ടിലെത്തുന്നതിന് ഒരു കാരണമുണ്ട്. ഫോർട്ടുകൊച്ചിയിൽ യേശുദാസും കുടുംബവും താമസിച്ചിരുന്ന വീടിന് മുന്നിൽ ഒരു മാവുണ്ടായിരുന്നു... അദ്ദേഹത്തിന്റെ അമ്മ നട്ടുവളർത്തിയ മാവാണത്. പിൽക്കാലത്ത് ആ വീട് വിറ്റു. തറവാട് വീട് വിൽക്കുമ്പോൾ ദാസേട്ടന് ഒരു നിബന്ധനയുണ്ടായിരുന്നു. അമ്മ നട്ടു വളർത്തിയ മാവ് മുറിക്കരുത്.
താജുദ്ദീൻ എന്നയാളാണ് ആദ്യം വീട് വാങ്ങിയത്. പിന്നീട് കൊച്ചി സ്വദേശിയായ നാസർ ചെറിയിൽ ആ വീട് വാങ്ങി. 20 വർഷം മുമ്പാണത്. നാസർ ആ വീട് പുതുക്കിനിർമിച്ചു. പക്ഷേ, മുറ്റത്തുണ്ടായിരുന്ന മാവ് അദ്ദേഹം മുറിച്ചില്ല. മാവ് അകത്ത് നിർത്തിക്കൊണ്ട് അതിന്റെ ചുറ്റുമായി കെട്ടിടം പൂർത്തിയാക്കി. വീടിന്റെ മുകളിലേക്ക് കയറുമ്പോൾ മാവിന്റെ ഓരോ ഭാഗവും കാണാം. ഇത് കൊച്ചിയിലെ മനോഹരമായ കാഴ്ചകളിലൊന്നാണ്.
ഹോട്ടലാക്കി മാറ്റിയെങ്കിലും യേശുദാസിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ‘ഹൗസ് ഓഫ് യേശുദാസ്’ എന്ന പേരാണു കെട്ടിടത്തിനു നൽകിയിരിക്കുന്നത്. ഹോട്ടലിന്റെ സ്വീകരണ മുറിയിൽ വച്ചിട്ടുള്ള യേശുദാസിന്റെ ഛായാചിത്രവും അദ്ദേഹത്തോടുള്ള സ്‌നേഹവായ്‌പിന്റെ പ്രതീകം. രണ്ടു കെട്ടിടങ്ങളായാണ് നാസർ ഇതു വാങ്ങിയത്. അതിനിടയിലായിരുന്നു നാട്ടുമാവ്. ‘അമ്മ വച്ച മാവാണ്. അതു വെട്ടാതിരിക്കാൻ പറയണമെന്ന’ യേശുദാസിന്റെ അഭ്യർത്ഥന അദ്ദേഹത്തിന്റെ സുഹൃത്തു വന്ന് അറിയിച്ചപ്പോൾ തന്നെ നാസർ തീരുമാനമെടുത്തു: മാവ് വെട്ടരുതെന്ന്.
‘എന്റെ കല്യാണത്തിനു മുൻപാണ് അമ്മ ഈ മാവ് വച്ചുപിടിപ്പിച്ചത്. ഒട്ടുമാവല്ല. മുളപ്പിച്ചെടുത്തതു തന്നെ. 37 വർഷത്തിലേറെ ആയിക്കാണും. വീടു വാങ്ങിയവർ ഇതു വെട്ടിമാറ്റരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവരോട് നന്ദിയേറെയുണ്ട്.’ദാസേട്ടൻ പറയുന്നു.
യേശുദാസിന്റെ മുറി അതുപോലെതന്നെ നിലനിർത്തി. എല്ലാ വർഷവും യേശുദാസ് ഈ വീട്ടിലെത്തും, മാവിന് വെള്ളമൊഴിക്കും. നേരത്തെ ശേഖരിച്ചുവച്ച മാമ്പഴങ്ങൾ നാസർ ദാസിന് സമ്മാനിക്കും. ‘ഇവിടെ എത്തുമ്പോൾ അമ്മയുടെ അടുത്ത് എത്തുന്നതുപോലെയാണ്’ എന്ന് യേശുദാസ് പറയാറുണ്ട്.