കോഴിക്കോട്: കേരളകൗമുദി 109-ാം പിറന്നാളിലേക്ക് കടക്കുന്നതോടനുബന്ധിച്ച് ഒരുക്കുന്ന 'കൗമുദി നൈറ്റ് - 2020' ഇന്ന് കോഴിക്കോട് ബീച്ചിലെ വിശാലമായ വേദിയിൽ അരങ്ങേറും. ആഘോഷത്തിന്റെ ഉദ്ഘാടനം വൈകിട്ട് 6ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ എം.പത്മകുമാർ വിശിഷ്ടാതിഥിയാകും.കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി വിശിഷ്ട വ്യക്തികൾക്ക് ഉപഹാരം സമർപ്പിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. റിഷി എഫ്.ഐ.ബി.സി പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനം എ.പ്രദീപ്‌കുമാർ എം.എൽ.എ നിർവഹിക്കും. കെ.മുരളീധരൻ എം.പി, വി.കെ.സി.മമ്മദ് കോയ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സംബന്ധിക്കും. നീണ്ട ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടെത്തുന്ന കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സി കലാസന്ധ്യയിൽ അരങ്ങ് തകർക്കും. പുതുതലമുറയുടെ പ്രിയഗായകൻ സിയാ ഉൽ ഹഖിന്റെ ഗാനങ്ങൾ സംഗീതാസ്വാദകർക്ക് ഒന്നാന്തരം വിരുന്നാവും. പ്രശസ്ത ചലച്ചിത്രനടി അനുശ്രീയുടെ നൃത്തച്ചുവടുകളും ഹരീഷ് കണാരൻ - നിർമ്മൽ പാലാഴി കൂട്ടുകെട്ട് ഒരുക്കുന്ന ചിരിയുടെ പൂരവും കൂടിയാവുമ്പോൾ കോഴിക്കോട് ബീച്ച് അക്ഷരാർത്ഥത്തിൽ ആഘോഷരാവിലാഴും.