ഏതാനും മണിക്കൂറുകളിൽ സന്തോഷം നൽകുകയും പ്രത്യുൽപാദനത്തിനു സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ മാത്രമല്ല സെക്സ്. അതിനു പുറമെ ശാരീരികവും മാനസികവുമായ നിരവധിയേറെ ഗുണങ്ങളും സെക്സിനുണ്ട്. ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്ന ആളുകൾക്കിടയിൽ മറ്റുള്ളവരെ അപേക്ഷിച്ച് സമ്മർദ്ദം കുറവായിരിക്കും. ക്യാൻസർ മുതൽ ഹൃദയാഘാതം വരെയുള്ള അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും നല്ല ഉറക്കം സമ്മാനിക്കാനും ആരോഗ്യകരമായ സെക്സിനു കഴിയും.
ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ജലദോഷം പോലുള്ള പ്രശ്നങ്ങൾ കുറവായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം, ശരീരത്തിൽ സാധാരണഗതിയിൽ അസുഖങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയകൾ, വൈറസുകൾ, അണുക്കൾ എന്നിവയെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം ഇവരിൽ കൂടുതൽ ആയിരിക്കും. ഇതുവഴി, അണുബാധകളും മറ്റു പകർച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യതകളും കുറയും.
ലൈംഗിക തൃഷ്ണ വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴി ലൈംഗിക ജീവിതം സജീവമാക്കുക തന്നെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. സെക്സിനോട് വിരക്തി വരാതിരിക്കാനും ഇത് സഹായിക്കും. ചില സ്ത്രീകളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദനയും യോനിയിൽ വരൾച്ചയും ഉണ്ടാവാറുണ്ട്. എന്നാൽ സജീവമായ ലൈംഗിക ജീവിതം ഈ പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുകയും യോനിയിലേക്കുള്ള രക്തയോട്ടം കൂട്ടി യോനികോശങ്ങളുടെ ഇലാസ്‌തികത വർദ്ധിപ്പിക്കാൻ സഹായിക്കും.
മുപ്പതു ശതമാനത്തോളം സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും കടന്നുപോയ അവസ്ഥയാണ് മൂത്രം നിയന്ത്രിക്കാനാവാത്ത അവസ്ഥ (യൂറിനറി ഇൻകോണ്ടിനൻസ്). പെൽവിക് പേശികളുടെ ബലക്കുറവുകളാണ് പല സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഓർഗാസം സംഭവിക്കുമ്പോൾ സ്ത്രീകളിലെ പെൽവിക് മസിലുകൾ കൂടുതൽ ശക്തിപ്പെടും. പെൽവിക് മസിലുകൾ ശക്തമാവുകയും സെക്സിലൂടെ അവയ്ക്ക് മികച്ച വ്യായാമം കിട്ടുകയും ചെയ്യുന്നതോടെ മൂത്രസഞ്ചിയുടെ നിയന്ത്രണവും ബലപ്പെടും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന മൂത്രം ലീക്ക് ചെയ്യുന്ന പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കപ്പെടും.
സെക്സിൽ ഏർപ്പെടുമ്പോൾ ലോവർ സിസ്റ്റോളിക് ബ്ലഡ് പ്രഷർ കുറയുന്നായി പഠനങ്ങൾ കാണിക്കുന്നു. ബിപി ടെസ്റ്റിൽ കാണിക്കുന്ന (120/80) എന്ന രക്തസമ്മർദ്ദത്തിന്റെ തോതിലെ ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്റ്റോളിക് ബിപിയിലാണ് കാര്യമായ കുറവ് സംഭവിക്കുന്നത്. എന്നാൽ സ്വയംഭോഗത്തിൽ ഈ ഗുണം ലഭിക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നുകൾക്ക് ബദൽ അല്ല സെക്സ് എങ്കിലും ആരോഗ്യകരമായ സെക്സ് അക്കാര്യത്തിലും ഗുണം ചെയ്യുന്നുണ്ട്.
വ്യായാമം എന്നു കേൾക്കുമ്പോൾ മടി പിടിക്കുന്നവർ ഏറെയാണ്. എന്നാൽ സെക്സ് നല്ലൊരു വ്യായാമം കൂടിയാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും വിവിധ പേശി ഗ്രൂപ്പുകൾക്ക് വ്യായാമം നൽകുകയും ചെയ്യുന്നു, ഇതുവഴി മിനിറ്റിൽ ഏതാണ്ട് അഞ്ച് കലോറിയോളം ആണ് ഉപയോഗിക്കപ്പെടുന്നത്.
സാധാരണ വ്യായാമം ലഭിക്കാത്ത പല പേശികൾക്കും ലൈംഗികബന്ധത്തിനിടെ ആയാസം ലഭിക്കുന്നതിനാൽ സെക്സ് ഒരു മികച്ച വ്യായാമമാണ്. വ്യായാമത്തിനു ബദലായി സെക്സിനെ കാണാൻ ആവില്ലെങ്കിലും സെക്സിന് ഇത്തരം ഗുണങ്ങൾകൂടിയുണ്ടെന്ന് ചുരുക്കം.
ആരോഗ്യകരമായ ഹൃദയത്തിനും സെക്സ് ഗുണം ചെയ്യും. കൂടുതൽ ലൈംഗികബന്ധത്തിൽ ഏർപ്പെടൂ, അതുവഴി, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഈ ഹോർമോണുകൾ അസന്തുലിതമാകുമ്പോൾ ആണ് ഹൃദ്രോഗം, അസ്ഥിക്ഷയം (osteoporosis) തുടങ്ങിയ അവസ്ഥകൾ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ, ആഴ്ചയിൽ രണ്ടു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50% ഹൃദ്രോഗസാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വേദന കുറയ്ക്കാനും വേദനാസഹനശേഷി കൂട്ടാനും സഹായിക്കുന്ന വിവിധ ഹോർമോണുകൾ രതിമൂർച്ഛയുടെ ഭാഗമായി ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. അതിനാൽ സെക്സ് ഒരു മികച്ച വേദനാസംഹാരിയാണ്.സ്വയംഭോഗത്തിലൂടെയും മറ്റും ശരീരം ഉത്തേജിപ്പിക്കുമ്പോൾ ആർത്തവകാലത്തെ വേദനകൾ, സന്ധിവാതം, തലവേദന പോലുള്ള വേദനകൾ കുറയ്ക്കുന്നതായി സ്ത്രീകളിൽ നടത്തിയ ചില പഠനങ്ങളും തെളിയിക്കുന്നുണ്ട്.
പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ ആരോഗ്യകരമായ സെക്സ് സഹായിക്കും. മാസത്തിൽ 20 ൽ കൂടുതൽ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകൾ കുറവാണ് എന്നാണ് ഒരു പഠനം പറയുന്നത്. ലൈംഗികബന്ധം, സ്വയംഭോഗം, നിദ്രാ സ്ഖലനം തുടങ്ങി ഏതുതരത്തിലുള്ള സ്ഖലനവും ഗുണകരമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
നന്നായി ഉറങ്ങാൻ മനുഷ്യരെ സഹായിക്കുന്ന ഒന്നാണ് സെക്സ്. രതിമൂർച്ഛയുടെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിൻ എന്ന ഹോർമോൺ നല്ല ഉറക്കം സമ്മാനിക്കും. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോർമോൺ ആണ് പ്രോലാക്റ്റിൻ. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം പലപ്പോഴും നിങ്ങൾ എളുപ്പത്തിൽ ഉറക്കത്തിലേക്ക് വീണുപോവുന്നത്.
ടെൻഷൻ, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാൻ സെക്സ് മികച്ചൊരു ഉപാധിയാണ്. സ്പർശനം, ആലിംഗനം, ലൈംഗികപരമായ അടുപ്പം, വൈകാരിക അടുപ്പം എന്നിവ മനസ്സിന് ശാന്തതയും ആശ്വാസവും നൽകും. അടുപ്പവും മാനസികോല്ലാസവും ഉണ്ടാകുന്നതോടെ സമ്മർദ്ദങ്ങളിൽ നിന്നും മുക്തരാവുകയും ആരോഗ്യകരമായ മാറ്റങ്ങൾ ശരീരത്തിലും മനസ്സിലുമുണ്ടാവുകയും ചെയ്യും. സെക്സിലൂടെയും രതിമൂർച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്സിടോസിൻ എന്ന ഹോർമോൺ വ്യക്തികൾക്കിടയിലെ മാനസികമായ അടുപ്പം കൂട്ടും. സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കാൻ ‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിനു സാധിക്കും.
എന്നാൽ ശരീരത്തിന്റെയും മനസിന്റെയും ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് സെക്സ്. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകൾ വ്യക്തികളെ ചെറുപ്പമായും ഊർജ്ജസ്വലരായും നിലനിർത്താൻ സഹായിക്കും. ചർമ്മത്തിന്റെ തിളക്കവും ശോഭയും വർധിപ്പിക്കാനും ഈസ്ട്രജൻ ഹോർമോണുകൾ സഹായിക്കും. ആളുകളെ കണ്ട് അവരുടെ പ്രായം ഊഹിച്ചുപറയാനായി നടത്തിയ ഒരു സർവേയിൽ, ആഴ്ചയിൽ നാലുതവണയെങ്കിലും സെക്സിൽ ഏർപ്പെടുന്ന ആളുകൾ മറ്റുള്ളവരേക്കാൾ കാഴ്ചയിൽ 7 മുതൽ 12 വയസ്സ് വരെ പ്രായം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
ലൈംഗികതയുടെ ഗുണങ്ങൾ യഥാർത്ഥത്തിൽ തല മുതൽ കാൽ വരെ നീളുന്ന ഒന്നാണ്. സജീവമായ ലൈംഗിക ജീവിതം നിങ്ങളുടെ തലച്ചോറിനെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കും. ഓർമ്മശക്തി കൂട്ടാനും കാര്യങ്ങളെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ ശേഷിയേയും സെക്സ് സഹായിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.