പുറത്ത് കനത്ത മഴയാണ്. മോഹൻ, തന്റെ ദേഹത്തോട് ഒട്ടിക്കിടന്നിരുന്ന മകന്റെ കൈ പതുക്കെ ഇളക്കി മാറ്റിയതിനു ശേഷം കിടക്കയിൽ നിന്നും എഴുന്നേറ്റു. ഇന്നെങ്കിലും ജോലിക്കുപോയേ തീരു. റിജുമോന് ഒരു ഷർട്ട് വേണമെന്ന് പറഞ്ഞു കൊണ്ട് കുറച്ചുദിവസമായി പിണക്കത്തിലാണ്. മഴത്തുള്ളികൾ കാറ്റിൽ മുറം പോലെ വീശിയടിക്കുകയാണ്. പഴയ വീടായതിനാൽ അവിടവിടെ ചോർച്ചയുമുണ്ട്. റിജുമോൻ എപ്പോഴും പറയാറുണ്ട്; ഈ ചോർച്ച കാരണമാണ് ഇടക്കിടയ്ക്ക് പനി വരുന്നതെന്ന്. അപ്പോൾ എന്തു മറുപടി പറയണമെന്നറിയാതെ നിസഹായതയോടു കൂടി നോക്കി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളു. മൂന്നു ദശാബ്ദങ്ങൾക്ക് മുമ്പ് അന്നാട്ടിലെ ഏറ്റവും വലിയ ആഢംബര വീടായിരുന്നു അത്. ഓട് പാകിയ, ഓല മേഞ്ഞ തൊഴുത്തുള്ള, ഇതുപോലെ മോശമായ ഒരു വീട് പോലും ഇപ്പോൾ ആ നാട്ടിലില്ല. ചുറ്റും കോൺക്രീറ്റ് കൊണ്ട് മേഞ്ഞിട്ടുള്ള വലുതും ചെറുതുമായ വീടുകൾ കൊണ്ട് മിക്കവാറും ആ പ്രദേശം മുഴുവനും നിറഞ്ഞിരിക്കുന്നു. അയാൾ കുട്ടിക്കാലത്ത് കളിച്ചു നടന്നിരുന്ന തെങ്ങിൻ തോപ്പും പാതയോരങ്ങളും എന്തിന് പാടവും തോടും കുളങ്ങളും പോലും നികത്തി പകരം അവിടെയെല്ലാം കടകളും വീടുകളുമായി മാറിയിരിക്കുന്നു.
റിജുമോൻ ഉറങ്ങുകയാണ്. മഴ ശമിച്ചു തുടങ്ങിയെങ്കിലും അതുടനെ നിറുത്തുന്ന മട്ടില്ല. മഴ ചോരുന്ന മുറികളിലൂടെ അയാൾ കണ്ണോടിച്ചു. അനിയത്തിയും ഏട്ടനുമെല്ലാം ഇവിടെയെത്ര വട്ടം ഓടിക്കളിച്ചിരിക്കുന്നു. അനിയത്തിയുടെ കൊലുസിന്റെ കിലുക്കം മുറികളിലെവിടെയോ കേൾക്കാം! ഈ വീട്ടിലെ ചുവരുകൾക്കും വാതിലിനും, എന്തിന് അലമാരയ്ക്ക് പോലും ഓരോ കഥകളുണ്ടാകും പറയാൻ. ഓർമ വെച്ച നാൾ മുതൽ കേട്ടു പഴകിയ ഗാനങ്ങളുടെ പെട്ടിയായി യസാക്കി റേഡിയോ പല്ലു കൊഴിഞ്ഞ മുത്തശനെപ്പോലെ ഇളകിയ സ്വിച്ചുമായി അയാളെ നോക്കി ചിരിക്കുകയാണെന്ന് തോന്നിപ്പോകുന്നു.
ചായ റെഡിയാക്കിക്കഴിഞ്ഞപ്പോൾ അകത്ത് നിന്ന് റിജുവിന്റെ ശബ്ദം കേട്ടു.
'അച്ഛാ ഫോൺ."
അവൻ തന്റെ മൊബൈൽ ഫോണുമായി വരികയാണ്.
' ഹൊ, കട്ടായിപ്പോയി മോനെ."
അയാൾ തുടർന്നു.
'കുഴപ്പമില്ല, റീചാർജ്ജ് ചെയ്തിട്ട് വിളിക്കാം."
'അല്ലെങ്കിൽ ലാൻഡ് ഫോണിൽ നിന്നും വിളിക്കാം."അയാൾ പറഞ്ഞു.
'എന്തിനാ അച്ഛാ നമുക്ക് ഈ ലാൻഡ് ഫോൺ? അച്ഛനിനി എന്നാ ഒരു വലിയ മൊബൈൽ ഫോൺ വാങ്ങുന്നത്. എനിക്കതിൽ ഗെയിമൊക്കെ കളിക്കാൻ വലിയ ഇഷ്ടമാണ്. "
ശരിയാണ് പുതിയ കാലഘട്ടത്തിലെ സുഖവും സൗകര്യങ്ങളുമൊന്നും അവൻ അനുഭവിച്ചിട്ടില്ല. അയാൾ മഴവെള്ളം വീണ് നനഞ്ഞ ഭിത്തിയിലേക്ക് നോക്കി.
ജീവനുള്ള ഒരു ഓർമ്മയായി അമ്മയോടൊപ്പം നിൽക്കുന്ന നാൽപ്പതു വർഷം പഴക്കമുള്ള ഫോട്ടോ. അമ്മ മരിക്കുന്നതു വരെയും അത് വെറുമൊരു ഫോട്ടോ മാത്രമായിരുന്നു. . ഇന്ന് അമ്മയുടെ ഓർമ്മ മാത്രമല്ല, അച്ഛന്റെ അദൃശ്യ സ്നേഹവും ബാല്യവും സ്വപ്നങ്ങളും ഏതോ കാണാമറയത്ത് ഉറങ്ങുന്ന ഫോട്ടോ. അയാളുടെ ഓർമകൾ വർഷങ്ങൾ പുറകിലേക്ക് ഒഴുകി. ചൂടുള്ള അരുവി പോലെ. ചിന്തകളും വിചാരങ്ങളും അങ്ങനെ തിളച്ച് പൊന്തുകയാണ്! ഫോട്ടോ എടുക്കുന്നതിനു വേണ്ടി ടൗണിലേക്കുള്ള ബസ് യാത്രയും ജീവിതത്തിലാദ്യമായി ക്യാമറയുടെ മുന്നിൽ നിന്നതും എല്ലാം നനവുള്ളോരോർമ്മയായി മനസിന്റെ കോണിലെവിടെയോ തങ്ങിക്കിടക്കുന്നു.
എവിടെയാണ് പിഴച്ചത്? ഇടയ്ക്ക് അമ്മയും അച്ഛനും പിണങ്ങിയിരുന്ന സമയത്താണോ? അന്നൊക്കെ ആരോടും സംസാരിക്കാതെ അമ്മയെപ്പോഴും ദുഃഖിതയായിരിക്കുന്ന കാഴ്ച്ച മനസിനെ എരിയുന്ന കനലാക്കി മാറ്റി. നിരാശയും അമർഷവും ഉള്ളിലൊതുക്കി. സഹവിദ്യാർത്ഥികളുടെ അച്ഛനും അമ്മയും അവരോട് ലാളന കാട്ടുമ്പോൾ മനസിൽ അസഹിഷ്ണുത തോന്നി. ചിലപ്പോൾ, വഴിയരികിൽ ആരും കാണാതെയിരുന്ന് പൊട്ടിക്കരയും.
ഒടുവിൽ വേർപിരിയലിന്റെ തിരശ്ശീലകൾ മാറ്റി അച്ഛൻ തിരിച്ചു വരുമ്പോഴെക്കും കൂട്ടുകെട്ടുകൾ ശക്തമായിരുന്നു. ബാല്യത്തിന്റെ മൃദുലശീതളമായ ഹൃദയം പരുക്കൻ യൗവനത്തിന് വേണ്ടി വഴിമാറി. അച്ഛന്റെ സ്നേഹത്തിനായി ഒരിക്കലും ദാഹിച്ചില്ല. മോഹന്റെ മേൽ അമ്മയ്ക്കുണ്ടായിരുന്ന നിയന്ത്രണച്ചരടും പൊട്ടിയിരുന്നു. സുഹൃത്തുക്കളോടൊപ്പം സുഖഭോഗം തേടിയുള്ള യാത്രകൾക്കിടയിൽ ജീവിക്കാൻ മറന്നു തുടങ്ങിയിരുന്ന കാലം. പരിചയമില്ലാത്ത ബിസിനസുകൾക്ക് വേണ്ടി പണം മുടക്കുക, ഒന്നു പൊട്ടുമ്പോൾ അടുത്തത് വീണ്ടും തുടങ്ങുക. അങ്ങനെ ആടിത്തിമിർക്കുന്ന ജീവിതം. അത് തുടർന്നു കൊണ്ടേയിരുന്നു. കടലുകളും കടമ്പകളും താണ്ടി ലക്ഷ്യബോധമില്ലാത്ത യാത്രകൾ.
ഇടയ്ക്കെപ്പോഴോ സ്വന്തം മുഖം കണ്ണാടിയിൽ നോക്കിയപ്പോഴാണ് അയാൾക്ക് തിരിച്ചറിവുണ്ടായത്.
തിരികെ നാട്ടിലേക്ക് പോകണം! മനസ് തെളിഞ്ഞപ്പോൾ കേട്ട മന്ത്രമിതാണ്. കഷണ്ടി കയറിയ ശിരസിൽ തലോടവെ തിരികെ വരാത്ത വിധം ജീവിതം മുന്നോട്ട് പോയതയതറിഞ്ഞിരുന്നില്ല.
യാത്ര ബസിലായതിനാൽ നാട്ടിലെ മാറ്റങ്ങൾ അറിയാൻ കഴിയുന്നുണ്ട്. തെളിഞ്ഞ മാനത്തിന്റെ ശോഭയിൽ ഗ്രാമം ഇന്ന് നഗരതുല്യമായിരിക്കുന്നു. ഇപ്പോൾ മനസിലെന്താണ്? വിഷാദമാണോ? പക്ഷേ നിർവികാരമായ സ്വന്തം മുഖം മുന്നിലെ സ്ക്രീനിലെന്നോണം തെളിഞ്ഞു കാണാം. മങ്ങിയ മുഖം. അയാളുടെ മനസിൽ നഷ്ടബോധങ്ങളുടെ മുള്ളുകൾ മുളച്ചു വന്നു.
അച്ഛൻ ഉമ്മറത്ത് തന്നെയുണ്ട്. മോഹനെക്കണ്ടതും അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞെങ്കിലും ഒന്നും പറഞ്ഞില്ല. പകരം അകത്തേക്ക് നോക്കി. ആ നോട്ടം കണ്ടിട്ടാവണം അമ്മ പുറത്തേക്ക് വന്നു. അൽപം ആശ്ചര്യത്തോടെ തന്നെ നോക്കി. കുഞ്ഞു നാളിലെ അതേ വാൽസല്യം പക്ഷെ, ആ മുഖത്തുണ്ടായിരുന്നു.
ഒന്നും പറയാതെ അയാളെ കെട്ടിപ്പിടിച്ചു.
'കാലം മാറി, എന്നാൽ നമുക്കതനുസരിച്ച് മാറാൻ കഴിഞ്ഞില്ല. നിങ്ങളുടെ മൂന്ന് പേരുടെയും കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോഴേക്കും സമ്പത്തെല്ലാം നഷ്ടപ്പെട്ടു. അച്ഛൻ കിടപ്പിലുമായി."
അമ്മ നിർത്തി. മോഹൻ മൗനമായി നിന്നു.
'നിനക്കൊരു ജീവിതം ഉണ്ടായേ പറ്റൂ. നീ ഞങ്ങളെ അനുസരിക്കണം."
അമ്മ തേങ്ങി.
'എനിക്കറിയാം അമ്മേ, ഈ നിമിഷം വരെയും സമ്പത്ത് മുഴുവൻ നഷ്ടപ്പെടുത്തി ജീവിതം ആഘോഷിച്ചവനാണ് ഞാൻ."കുറ്റബോധം മനസിനെ വേട്ടയാടിയപ്പോൾ അയാൾക്ക് വാക്കുകൾ കിട്ടുന്നില്ല.
അമ്മക്ക് ആ മറുപടി തൃപ്തിയായില്ല. രൂക്ഷമായി നോക്കി. ആ നോട്ടത്തിനു മുന്നിൽ മോഹൻ തല കുനിച്ചു പോയി. എത്രവട്ടം അതുപോലെ അമ്മയ്ക്ക് മുന്നിൽ അയാൾ തല കുനിച്ചിരിക്കുന്നു. ഇനിയും അമ്മയെ ധിക്കരിക്കാൻ കഴിയില്ല. പാകമല്ലാത്ത പ്രായത്തിൽ അയാൾ കുടുംബസ്ഥനായത് അങ്ങനെയാണ്.
വളഞ്ഞ് പുളഞ്ഞ് അതിവേഗം ചലിച്ചുകൊണ്ടിരുന്ന ജീവിതം നേരെയാകാൻ തുടങ്ങിയിരുന്നുവെങ്കിലും അച്ഛന്റെ മരണത്തോട് കൂടി ജീവിതയാത്ര കുറച്ചു കൂടി കടുപ്പമുള്ളതായി. അമ്മ കൂടുതൽ മൗനിയായി. റിജുവിന്റെ ജനനത്തോട് കൂടി അമ്മയും യാത്രയായി. അത് മോഹന്റെ ജീവിതത്തെ ഏറ്റവും നൊമ്പരപ്പെടുത്തുന്നതായിരുന്നു. ദുഃഖത്തിന് ഇടവേള നൽകാതെ ഭാര്യയുടെ അകാലമരണം. ജീവിതം ഒറ്റയ്ക്കായി. വിധി പിന്നെയും വെല്ലുവിളിക്കുകയാണെന്നാണ് അയാൾക്ക് തോന്നിയത്. പഴയ കാലങ്ങൾ എത്ര പെട്ടെന്നാണ് പുതിയതിന് വഴിമാറിയത്? എത്ര പെട്ടെന്നാണ് പ്രിയപ്പെട്ടവർ ജീവിതത്തിൽ നിന്നും തുടച്ചു നീക്കപ്പെടുന്നത്?
ജീവിതം പഠിക്കുകയായിരുന്നു. കഠിനമായ പരീക്ഷണം. ഭക്ഷണം, ജോലി , വിദ്യാഭ്യസം എന്നത് മാറി, മനുഷ്യന്റെ ജീവിതം പിന്നെയും വലുതായി. കാലഘട്ടത്തിന്റെ മാറ്റം! അത് ഉൾക്കൊള്ളാൻ പാങ്ങില്ലാത്തൊരു മനുഷ്യനായി അയാൾ മാറുകയായിരുന്നു.
പരാജയപ്പെട്ട മകനിൽ നിന്നും വളരെ പെട്ടെന്ന് പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന അച്ഛനായി അയാൾ മാറുകയായിരുന്നു.
മോഹന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്ന് വീണു. പുറത്ത് മഴ കനക്കുകയാണ്. അയാൾ വിഷണ്ണനായി.
ഓർമ്മകൾ എവിടെയോ കാർമേഘമായ് മാറുന്നു. മറയുകയും ചെയ്യുന്നു.
'എന്താ, അച്ഛാ എനിക്ക് മാത്രം നല്ലൊരു ഷർട്ട് വാങ്ങിത്തരാത്തത്?"
റിജു ചിണുങ്ങുന്നു. ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
'അച്ഛൻ പുറത്ത് പോയി വരുമ്പോൾ വാങ്ങിക്കൊണ്ട് വരാം."
അയാൾ അവനെ സാന്ത്വനിപ്പിച്ചു.
'മോനാദ്യം ആഹാരം കഴിക്ക്."
അവൻ പാതി കൂമ്പിയ മുഖത്തോടെ അയാളോടൊപ്പം അടുക്കളയിലേക്ക് നടന്നു. അവൻ പലഹാരം കഴിക്കുന്നത് നോക്കി അയാളിരുന്നു.
മഴ കുറഞ്ഞില്ലെങ്കിലും കുടയുമെടുത്ത് അയാൾ പുറത്തേക്കിറങ്ങി. പട്ടിണി കിടന്നായാലും ഇന്നു തന്നെ റിജുവിന് ഉടുപ്പ് വാങ്ങണം. അതാണ് ലക്ഷ്യം.
കുറേ ബംഗ്ലാദേശികൾ പണിക്കായി റോഡിൽക്കൂടെ പോകുന്നത് കാണാമായിരുന്നു. പലചരക്ക് കടക്കാരൻ അബ്ദുവുമുണ്ട് കൂടെ. അബ്ദുവിന്റെ വീട്ടിലാണ് അവർ താമസിക്കുന്നത്. മോഹനെ കണ്ടപാടെ ജോലിക്ക് വരാൻ നിർബന്ധിച്ചു.അപകടമാണ്. ബംഗ്ലാദേശികൾക്ക് വ്യാജ തിരിച്ചറിയൽ കാർഡും കൊടുത്ത്, പകൽ അവരെക്കൊണ്ടു പണിയെടുപ്പിച്ചിട്ട്, രാത്രി മോഷണം നടത്തുകയാണ് അബ്ദുവിന്റെ പരിപാടി. അവസാനം മനസില്ലാ മനസോടെയാണെങ്കിലും അയാളുടെ പുറകേ പോകാൻ തന്നെ അയാൾ തീരുമാനിച്ചു.
അന്ന് പകൽ മുഴുവനും പണിയൊന്നും ചെയ്യിക്കാതെ, ജോലി സ്ഥലമെന്നു പറഞ്ഞ് ഒരു കെട്ടിടത്തിലാക്കിയിട്ട് അബ്ദു പുറത്തേക്കെവിടെയോ പോയി. ഭക്ഷണം വാങ്ങാനുള്ള പൈസ ബംഗ്ലാദേശികളെ ഏൽപ്പിച്ചിട്ടാണ് അവിടെ നിന്നും വലിഞ്ഞത്. ഭായിമാർക്ക് ഇടക്കിടക്ക് ഫോൺ വരുന്നുണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞു എന്തോ ശബ്ദം കേട്ടതും അയാൾ കെട്ടിടത്തിന്റെ പുറകിലേക്ക് പോയി നോക്കി. ഭായിമാർ കെട്ടിടത്തിന്റെ പുറകിലത്തെ വാതിൽ കുത്തി പൊളിക്കുകയാണ്. എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുൻപേ അതിനകത്തെ സാധനങ്ങൾ മുഴുവൻ അവർ വെളിയിലേക്ക് കൊണ്ട് വരാനും തുടങ്ങി. മോഹന് ഹിന്ദി വശമില്ലാത്തതിനാൽ ഒന്നും പറയാൻ കഴിഞ്ഞില്ല. പക്ഷേ, അയാൾ അവരെ തടയാൻ ശ്രമിച്ചു. എതിർക്കാനാണ് ഭാവമെന്ന് കണ്ടു കൊണ്ട്, ഭായിമാർ അയാളെ ആക്രമിക്കാനുമാരംഭിച്ചു.
പക്ഷേ, മോഹൻ അവരെ ഓരോരുത്തരെയായി ഓടിച്ചു വിട്ടു. എങ്കിലും അവരുടെ മർദ്ദനത്തിൽ അയാളാകെ തളർന്ന് പോയിരുന്നു.
അൽപ്പമകലെയായി കുറച്ചു പേർ ചുമടെടുക്കുന്നത് കണ്ട് മോഹൻ അങ്ങോട്ടേക്ക് ചെന്നു.
'എന്താണ്?"
കടക്കാരൻ ചോദിച്ചു.
'ഞാനും കൂടെ കൂടിക്കോട്ടെ?"
മോഹൻ ചോദിച്ചു.
'അവരോട് ചോദിക്കൂ." കടക്കാരൻ ജോലിക്കാരെ ചൂണ്ടിക്കാണിച്ചു.
'ആ കൂടിക്കോ."
ചുമടെടുപ്പുകാരിൽ ഒരാൾ പറഞ്ഞു. അങ്ങനെ മോഹനും അവരുടെ കൂടെ ജോലി തുടങ്ങി.
'ആരാ ഇയാൾ?" കൂട്ടത്തിൽ താടിവച്ചയാൾ ഈ ചോദ്യം ചോദിക്കുമ്പോഴേക്കും ജോലിയെല്ലാം പൂർത്തിയായിരുന്നു.
' നിങ്ങൾ യൂണിയൻ അംഗമാണോ?"
'അല്ല."മോഹൻ പറഞ്ഞു.
'പിന്നെന്തിനാണ് ചുമടെടുത്തത്. നിങ്ങൾക്ക് കാശ് തരാൻ കഴിയില്ല."
'ഇത്രയും സമയം ജോലി ചെയ്തിട്ടും കാശ് തരാൻ കഴിയില്ലെന്നോ?"
'തടി കേടാക്കാതെ സ്ഥലം വിട്ടോ. അതാ നല്ലത്." താടിക്കാരൻ പറഞ്ഞു.
അവർ പറയുന്നത് അനുസരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളു.
അയാൾ ഒരിക്കൽക്കൂടി നിരാശനായി.
മൊബൈൽ ഫോൺ ബെല്ലടിച്ചു. അബ്ദുവാണ്.
'മോഹൻ നീയെവിടെയാ?"
'ഞാനിവിടെ മാർക്കറ്റിനടുത്താണ്." മോഹൻ പറഞ്ഞു.
' നീയെന്ത് പണിയാണ് കാണിച്ചത്? ഭായിമാരുടെ പണി നീ മുടക്കിയല്ലോ!"
' അബ്ദു, പട്ടിണിയാണെങ്കിലും മോഷ്ടിക്കാൻ ഞാൻ പഠിച്ചിട്ടില്ല." മോഹൻ തേങ്ങിക്കൊണ്ടാണത് പറഞ്ഞത്.
'ചതിക്കരുത്. പൊലീസിൽ പറയരുത്. നിങ്ങടെ പണീടെ കാശ് ഞാൻ കൊണ്ട് തരാം." അബ്ദുവും വിറക്കാൻ തുടങ്ങി. 'മോഹനെങ്ങാനും പോലീസിനെ വിളിച്ചാൽ...."
'വേണ്ട അബ്ദു. അതെനിക്ക് വേണ്ട. ചെയ്യാത്ത ജോലിയുടെ കാശല്ലെ?"മോഹൻ അത് പറഞ്ഞു തീരുന്നതിനു മുമ്പേ അബ്ദു ഫോൺ വച്ചു കളഞ്ഞു.
അൽപ്പദൂരം നടന്നപ്പോൾ അതാ അബ്ദു സ്ക്കൂട്ടറുമായി മുന്നിൽ !
'മോഹൻ മോഷ്ടിച്ചില്ലല്ലോ. ചെയ്ത ജോലിയുടെ കാശിതാ."
അബ്ദു നൽകിയ നോട്ട് മോഹൻ മടിച്ചു മടിച്ചാണെങ്കിലും വാങ്ങി.
'ദയവു ചെയ്ത് പൊലീസിൽ ഞങ്ങളെ പിടിപ്പിക്കരുത് ." അബ്ദു കെഞ്ചി .
മോഹൻ രൂക്ഷമായൊരു നോട്ടമെറിഞ്ഞിട്ട് അവിടെ നിന്ന് നടന്നു.
ടൗണിലെ നല്ലൊരു കടയാണ്. ഒരു കാലത്ത് ഇതിനെക്കാർ വലിയ കടകളിൽ വില കൂടിയ ഉടുപ്പുകൾ വാങ്ങാൻ അച്ഛനോടൊപ്പം വന്ന കാര്യം അയാൾ ഓർത്തു: പക്ഷേ, ഇന്ന് തന്റെ മകന് അത്തരം ഒരു ഉടുപ്പു വാങ്ങാൻ പോലും കയ്യിൽ കാശില്ല!
പൈസ കയ്യിലുണ്ടായിരുന്നതിനാൽ അയാൾ റിജുവിന് നല്ലൊരു ഉടുപ്പ് തിരഞ്ഞെടുത്തു.
പണം കൊടുത്തിനു ശേഷം അയാൾ കാത്തു നിന്നു. കുറച്ചു കഴിഞ്ഞ് യുണിഫോമിട്ട ജീവനക്കാരൻ അയാളെ വിളിച്ചു മാനേജരുടെ മുറിയിൽ കൊണ്ട് പോയി.
' എന്താണ് സർ?'
'ക്ഷമിക്കണം, നിങ്ങൾ നൽകിയ നോട്ടുകൾ വ്യാജമാണ്. ഞങ്ങൾക്ക് പൊലീസിനെ വിളിക്കേണ്ടി വരും.'
മോഹൻ സ്തബ്ദനായിപ്പോയി. ഈശ്വരാ എന്താണ് സംഭവിക്കുന്നത്?
ഇതിനിടയ്ക്ക് ഒരു സെയിൽസ്മാൻ മുറിയിലേക്ക് വന്നു. മോഹന്റെ കൈയിലിരുന്ന പൊതി പിടിച്ചു വാങ്ങിക്കൊണ്ട് പോയി. അത് കഴിഞ്ഞ് മറ്റൊരാൾ വന്നു പറഞ്ഞു.
' പൊലീസ് ഇപ്പോൾ വരും!"
സമയം ഏറെ വൈകി. റിജുമോൻ വീട്ടിൽ ഒറ്റക്കാണ്. പൊലീസുകാരൻ തന്നെ തുറിച്ചു നോക്കിയിരുപ്പാണ്. തന്റെ നിരപരാധിത്വം ബോധിപ്പിക്കാൻ ഒരു പാട് ബുദ്ധിമുട്ടി. അബ്ദുവിനെയും ബംഗ്ലാദേശികളെയും അറസ്റ്റ് ചെയ്തു. മകൻ ഒറ്റക്കാണെന്ന് പറഞ്ഞതു കൊണ്ടാണ് പൊലീസ് ജീപ്പിൽ തന്നെ വീട്ടിൽ കൊണ്ടു വിടുന്നത്.
'ഇതാണ് സർ എന്റെ വീട്."
മോഹൻ മടിച്ചാണെങ്കിലും പോലീസിനോട് പറഞ്ഞു.
'ഹാ.. പൊക്കോ... ഇനിയൊരിക്കൽ കൂടി പിടി വീഴരുത്."
പൊലീസുകാരൻ മുന്നറിപ്പ് നൽകി.
അപമാനത്താലും വേദനയാലും കുനിഞ്ഞ ശിരസുമായി അയാൾ വാതിലിൽ മുട്ടി.
റിജു വാതിൽ തുറന്നു.
'മോനെ അച്ഛനോട് ക്ഷമിക്കൂ."
അയാൾക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല.
'അച്ഛനെന്താണ് താമസിച്ചത് ? "
' അത്..."
'ഉടുപ്പ് കിട്ടിയല്ലോ"
റിജുമോൻ ഒരു ഉടുപ്പ് എടുത്ത് കാണിച്ചതിനു ശേഷം മോഹനോട് പറഞ്ഞു.
'ങേ?"
അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്. 'ഇത് വിലകൂടിയ ഉടുപ്പാണല്ലോ?"
'ഇതു മാത്രമല്ലച്ഛാ, വേറെയും ഉടുപ്പുകൾ ഉണ്ടല്ലോ."
'ഇതെല്ലാം എവിടുന്ന് കിട്ടി?"
അയാൾക്കൊന്നും മനസിലായില്ല.
'എല്ലാം ഈ തലയണയിൽ നിറച്ചിരുന്നതാണ്."
റിജു തലയണ അയാളെ കാണിച്ചു.
ഈ ഷർട്ടുകളെല്ലാം അയാളുടെ കുട്ടിക്കാലത്തുള്ളതാണ്. വില കൂടിയ ഉടുപ്പുകൾ! സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ചതിന്റെ അടയാളം. പണത്തിന്റെയും സ്നേഹത്തിന്റെയും അമിതമായ പരിലാളനകളിൽ പ്രതിസന്ധികൾ വിരുന്നു വരുമ്പോൾ സ്വയം നഷ്ടപ്പെടുത്തിയ പൂർവ്വ കാലത്തിന്റെ സ്മരണകൾ മാത്രമാണ് ഈ ഷർട്ടുകളെന്ന് ഒരു നിമിഷം അയാൾ ചിന്തിച്ചു പോയി.
'മോനെ എന്നോട് ക്ഷമിക്കൂ. നിനക്ക് കിട്ടേണ്ടിയിരുന്നതെല്ലാം ഞാൻ നശിപ്പിച്ചു."
അയാൾ അവനെ കെട്ടിപ്പിടിച്ചു തേങ്ങി.