തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിലെ ബുദ്ധിമുട്ടുകളും പരാതികളും ഇനി മെഡിക്കൽ കോളേജിൽ പഴങ്കഥ. ആധുനിക സൗകര്യത്തോടെ തയ്യാറാവുന്ന പുതിയ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനമാരംഭിക്കും. ഇതിന്റെ 90 ശതമാനം പണികളും പൂർത്തിയായി. എല്ലാ രോഗികൾക്കും ആധുനിക ചികിത്സ ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം. അത്യാഹിത വിഭാഗത്തിന് മുൻവശത്തുള്ള റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടുകൂടി ഇതിന്റെ പ്രവർത്തനമാരംഭിക്കും.
മെഡിക്കൽ കോളേജിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപം മെയിൻ റോഡിനോട് ചേർന്നായിരിക്കും പുതിയ അത്യാഹിത വിഭാഗം പ്രവർത്തിക്കുക. രണ്ട് നിലകളിലായുള്ള കെട്ടിടത്തിൽ എക്സ്റേ, അൾട്രാ സൗണ്ട് സ്കാൻ, സി.ടി. സ്കാൻ, എം.ആർ.ഐ സ്കാൻ തുടങ്ങിയ അടിയന്തര പരിശോധനകളെല്ലാം പുതിയ സംവിധാനം വരുന്നതോടുകൂടി എളുപ്പമാകും. വിവിധ അത്യാഹിത വിഭാഗങ്ങൾ, സർജിക്കൽ ഐ.സി.യു, മെഡിക്കൽ ഐ.സി.യു, ഓപ്പറേഷൻ തിയേറ്ററുകൾ, പ്രീ ഓപ്പറേഷൻ, പോസ്റ്റ് ഓപ്പറേഷൻ മുറികൾ, 80 കിടക്കകളുള്ള ഒബ്സർവേഷൻ റൂം എന്നിവയും പുതിയ അത്യാഹിത വിഭാഗത്തിലുണ്ടാകും.
ഒരുങ്ങുന്നത് അത്യാധുനിക സംവിധാനങ്ങൾ
വാഹനാപകടത്തിലും മറ്റുംം പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യവും പുതിയ അത്യാധുനിക വിഭാഗത്തിനുണ്ട്. എയിംസ് മാതൃകയിൽ അത്യാധുനിക സംവിധാനത്തോടെയുള്ള ട്രോമ കെയർ സംവിധാനവും എമർജൻസി മെഡിസിൻ വിഭാഗവും ഇവിടെയുണ്ടാകും. ഏകദേശം 10 കോടി രൂപ മുടക്കിയാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. സമ്പൂർണ ട്രോമ കെയർ സംവിധാനത്തിന്റെ ഭാഗമായി 11.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
നിലവിലുള്ള മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾക്ക് പകരം പുതിയ അത്യാഹിത വിഭാഗത്തിൽ എട്ട് ഓപ്പറേഷൻ തിയേറ്ററുകളുണ്ടാകും. വിവിധ സ്പെഷ്യാലിറ്റികളായ സർജറി, ന്യൂറോ സർജറി, ഓർത്തോപീഡിക്സ് എന്നിവയ്ക്കും സെപ്റ്റിക് ഓപ്പറേഷൻ തിയേറ്റർ, സർജറി പ്രൊസീജിയർ റൂം, ഓർത്തോ പ്രൊസീജിയർ റൂം എന്നിങ്ങനെയാണ് ഓപ്പറേഷൻ തിയേറ്ററുകൾ ക്രമീകരിച്ചിരിക്കുന്നത്.
ലെവൽ ടു ട്രോമ കെയർ സംവിധാനം
എയിംസിലെ ഡോക്ടർമാരുടെ സഹകരണത്തോടെ ലെവൽ 2 സംവിധാനമുള്ള ട്രോമ കെയർ സംവിധാനമാണ് ഒരുക്കുന്നത്. ഒരു രോഗി എത്തുമ്പോൾ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലകളിലായി മാറ്റി ചികിത്സ നൽകും. ചുവപ്പ്, മഞ്ഞ, പച്ച മേഖലകളാക്കി തിരിച്ചാണ് ചികിത്സാക്രമീകരണം. അതീവ തീവ്ര പരിചരണം ആവശ്യമുള്ളവരെ ചുവന്ന മേഖലയിലേക്കും അത്ര ഗുരുതരമല്ലാത്തവരെ മഞ്ഞ മേഖലയിലും പ്രവേശിപ്പിക്കും. സാരമായ പ്രശ്നങ്ങളില്ലാത്ത രോഗികളെ പരിശോധിക്കുന്നതാണ് പച്ച മേഖല. ജീവനക്കാർക്കുള്ള ജീവൻ രക്ഷാ പരിശീലനങ്ങളും പൂർത്തിയാവുകയാണ്.
പുത്തൻ റോഡും പാർക്കിംഗ് സൗകര്യങ്ങളും
717 കോടി രൂപയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ. ആദ്യഘട്ടത്തിൽ അനുവദിച്ച തുകയിൽ ഉൾക്കൊള്ളിച്ചുള്ള പുതിയ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആംബുലൻസുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിനായി നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമായി പാർക്കിംഗ് സൗകര്യവും ഒരുക്കും. പുതിയ റോഡ് വരുന്നതോടുകൂടി ആശുപത്രിയിലെത്താനുള്ള ഗതാഗത പ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.