തിരുവനന്തപുരം: തിരുമല - വേട്ടമുക്ക് റോഡിൽ പാറേക്കോവിലിന് സമീപത്ത് പച്ചപ്പുൽത്തകിടിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു 'വീട്' കാണാം. പടികൾ കടന്ന് കണ്ണാടി വാതിൽ തുറന്ന് അകത്ത് കയറിയാൽ പക്ഷേ കാണുന്നത് വീടിനകത്തുള്ള പോലെ ഫർണിച്ചറുകളല്ല. മറിച്ച്, ഒരുപക്ഷേ നമ്മളാരും ഇതുവരെ കണ്ടിട്ടില്ലാത്ത മണികളുടെ അപൂർവശേഖരമാണ്. കനേഡിയൻ തടികളുപയോഗിച്ച് പ്രശസ്ത ആർക്കിടെക്ട് എൻ. മഹേഷ് രൂപകല്പന ചെയ്ത സ്വകാര്യ മ്യൂസിയമാണിത്. നിർമ്മാണത്തിലും പൗരാണികത നിലനിറുത്തിയ അദ്ദേഹം ഭാര്യ ലതയുടെ സ്വകാര്യശേഖരത്തിലുള്ള ഏഴായിരത്തിലധികം മണികളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. 30 വർഷത്തിനിടെ തൊണ്ണൂറോളം രാജ്യങ്ങളിൽ നടത്തിയ യാത്രയ്ക്കിടെ ലത ശേഖരിച്ച വ്യത്യസ്ത മണികളാണ് ഇവിടെ ദൃശ്യവിരുന്നൊരുക്കുന്നത്.
സ്വകാര്യ മ്യൂസിയമായതിനാൽ തന്നെ കൗതുകങ്ങളോട് താത്പര്യമുള്ള ആൾക്കാരെയാണ് കാഴ്ചക്കാരായി പ്രതീക്ഷിക്കുന്നത്. കാനഡയിലെ പശ്ചിമ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ ഗവൺമെന്റിന്റെ വനഉത്പന്നങ്ങൾ വിദേശ വിപണികളിൽ വിപണനം ചെയ്യുന്ന മുഖ്യ ഏജൻസിയായ എഫ്.ഐ.ഐ ഇന്ത്യ എന്ന കനേഡിയൻ വുഡ് കമ്പനിയാണ് മ്യൂസിയം രൂപകല്പന ചെയ്തത്. വെസ്റ്റേൺ ഹെംലോക്ക് ഉപയോഗിച്ച് കാനഡയിൽ നിർമ്മിച്ച 'ടങ്ക് ആൻഡ് ഗ്രൂവ്' (ടി ആൻഡ് ജി) പാനലിംഗാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. പുറം ആവരണം നിർമ്മിച്ചിരിക്കുന്നത് വെസ്റ്റേൺ റെഡ്സെഡാർ ഇനത്തിലുള്ള തടി കൊണ്ടാണ്.
പരിമിത സ്ഥലത്ത് ക്ളീൻ കട്ട് ഡിസൈൻ സൃഷ്ടിക്കുകയെന്നതായിരുന്നു ഇതിന്റെ ആശയം. കനേഡിയൻ തടികൾ ഇതിന് യോജിച്ചതാണ്. പരിസ്ഥിതി സൗഹൃദം മാത്രമല്ല, കാർബൺ പോസിറ്റീവുമാണ്. - എൻ.മഹേഷ്, ആർക്കിടെക്ട്