തിരുവനന്തപുരം: കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ച് തിന്ന് പൊണ്ണത്തടിയൻമാരാകേണ്ടെന്ന് പുതിയ പാഠം, പൊണ്ണത്തടിയോട് എങ്ങനെ വിട പറയാമെന്നും അസുഖങ്ങളെ പ്രതിരോധിക്കാമെന്നും പുതിയ ആരോഗ്യപാഠവുമായി ഇൗറ്റ് റൈറ്റ് സ്കൂൾ.
പണ്ട് മുതിർന്നവരിൽ മാത്രം കണ്ടിരുന്ന പല അസുഖങ്ങളും കുട്ടികളിലേക്ക് എത്തിയതിന്റെ പിന്നിൽ തെറ്റായ ആഹാരശീലങ്ങളാണ്. കൊളസ്ട്രോൾ മുതൽ കാൻസർ വരെയുള്ള രോഗങ്ങൾ കുട്ടികളിൽ സാധാരണയായികഴിഞ്ഞു. കലോറി കൂടിയ ജങ്ക് ഫുഡ് കഴിക്കുന്നതിനാൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പൊണ്ണത്തടിയൻമാരായ കുട്ടികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുവെന്ന് പഠനങ്ങൾ പറയുന്നു. തിക്കും തിരക്കും മാറിയ ജീവിതസാഹചര്യങ്ങളും ഫാസ്റ്റ്, ജങ്ക് ഫുഡുകൾക്ക് അമിത പ്രാധാന്യം നൽകുമ്പോൾ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന് കുട്ടികൾ തന്നെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരം ചിന്താവിത്തുകൾ വിദ്യാർത്ഥികളിൽ പാകുക എന്ന ലക്ഷ്യത്തോടെയാണ് ആർദ്രം ജനകീയ കാമ്പെയിനിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം 'ഈറ്റ് റൈറ്റ് സ്കൂൾ 2020' എന്ന പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 750ഓളം കുട്ടികൾ പങ്കെടുത്തു. രാവിലെ 7ന് കവടിയാറിൽ നിന്നു ടാഗോർ തിയേറ്ററിലേക്ക് നടത്തിയ വാക്കത്തോണോടെയാണ് പരിപാടി ആരംഭിച്ചത്. ഭക്ഷ്യസുരക്ഷാ കമ്മിഷണർ രത്തൻ ഖേൽക്കർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സുംബ ഡാൻസ്. വിദ്യാർത്ഥികളുമായി സംവദിക്കാനെത്തിയത് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയും അവർക്കൊപ്പം ഫോട്ടോയെടുത്തും നല്ല ആരോഗ്യപാഠങ്ങൾ അദ്ദേഹം പകർന്നുനൽകി. തുടർന്ന് ക്വിസ് മത്സരം. പ്രിലിമിനറി റൗണ്ടുകൾക്ക് ശേഷം നടന്ന ഫെെനലിൽ സ്കൂളുകൾ ആവേശത്തോടെ പങ്കെടുത്തു. ബി.എസ്. അരവിന്ദ് ക്വിസ് മാസ്റ്ററായി. വേദിയുടെ പരിസരത്തായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്രറുകൾ പ്രദർശിപ്പിച്ചിരുന്നു. ഡോ. ദിവ്യ എസ്. അയ്യർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. തുടർന്ന് നടന്ന പാനൽ ഡിസ്കഷനിൽ ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. ശ്രീജിത് എൻ. കുമാർ, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ചീഫ് ഡോ. ഇന്ദു, എഫ്.എസ്.എസ്.എ.ഐ ഡയറക്ടർ മുത്തുമാരൻ, ന്യൂട്രീഷ്യൻ ഡോ. അനിതാ മോഹൻ, ഡോ. അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.
ഐ.എം.എയുടെ നേതൃത്വത്തിൽ ഉയരത്തിനനുസരിച്ചുള്ള ശരീരഭാരത്തെ പറ്റിയും ആഹാരശീലത്തെപ്പറ്റിയുമുള്ള മെഡിക്കൽ സ്കീനിംഗും സംഘടിപ്പിച്ചു.
ഉച്ചവരെ നടന്ന പരിപാടിയിൽ പോഷകസമൃദ്ധമായ ആഹാരമാണ് സംഘാടകർ വിദ്യാർത്ഥികൾക്കായി ഒരുക്കിയത്. കേരളത്തെ അഞ്ച് ഭൂപ്രകൃതിയായി തിരിച്ച് ഓരോ പ്രദേശത്തും ലഭ്യമായ ഭക്ഷ്യവസ്തുക്കളും എങ്ങനെ കഴിക്കണമെന്നും വ്യക്തമാക്കുന്ന ഹെൽത്ത് പ്ലേറ്റുകളും വേദിക്ക് സമീപം പ്രദർശിപ്പിച്ചു.