
തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 50 വർഷം തികഞ്ഞ വേളയിൽ കേരള ജനതയ്ക്കും ഈശ്വരനും നന്ദി പറഞ്ഞ് ഒരു ഗാനം ചിട്ടപ്പെടുത്താൻ യേശുദാസ് ആവശ്യപ്പെട്ടത് അനിൽ പീറ്ററിനോടും അജയ് വെള്ളരിപ്പണത്തോടുമാണ്. അജയ് എഴുതി, 'ഈശ്വര പദം പതിഞ്ഞ ഭൂവിൽ മലയാള നാടാം പുണ്യഭൂമി, ഇവിടെയെനിക്കൊരു ജന്മമൊന്നേകിയ സർവേശ്വരാ പ്രണാമം" അനിൽ ഈണമിട്ടു. പാട്ട് യേശുദാസിനും ഏറെ ഇഷ്ടമായി. ഏറെ പ്രഗല്ഭരുണ്ടായിട്ടും തങ്ങളെ തന്നെ ഇത്തരമൊരു കർമ്മം ഏൽപ്പിച്ചതിൽ വലിയ അഭിമാനവും സന്തോഷവും തോന്നി ഇൗ കലാകാരന്മാർക്ക്. ഗാനഗന്ധർവ്വന്റെ എൺപതാം പിറന്നാൾ ആഘോഷ സമയത്ത് ഇരുവരും തങ്ങളുടെ ജീവിതത്തിലെ അസുലഭ സന്ദർഭമായി കണക്കാക്കുന്നതും ഇതു തന്നെ.
യേശുദാസിന്റെ സ്റ്റുഡിയോ ആയ തരംഗിണിക്കു വേണ്ടി രണ്ട് മ്യൂസിക് ആൽബങ്ങളാണ് അനിലും അജയും ചേർന്ന് ചെയ്തിട്ടുള്ളത്. 2010ലാണ് 9 പ്രണയഗാനങ്ങളുമായി അനിൽ-അജയ് കൂട്ടുകെട്ടിൽ 'ഇനിയും കേൾക്കുവാനായ് ' എന്ന മ്യൂസിക് ആൽബം തരംഗിണി പുറത്തിറക്കിയത്. ഇതിൽ 5 പാട്ടുകളും പാടിയത് യേശുദാസ്. എം.ജി.ശ്രീകുമാർ തരംഗിണിക്കു വേണ്ടി ആദ്യമായി പാടിയത് ഈ ആൽബത്തിലാണെന്ന പ്രത്യേകതയുമുണ്ട്. 2011ൽ തരംഗിണിയിൽ നിന്ന് പുറത്തുവന്ന 'ധർമ്മതൃപ്പടി"അയ്യപ്പഭക്തിഗാനങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ആൽബമായിരുന്നു. ഇതിലും യേശുദാസ് പാടി. തരംഗിണി സ്റ്റുഡിയോയുടെ ഏറ്റവും ഒടുവിലത്തെ ആൽബമായിരുന്നു ഇതെന്നതും യാദൃശ്ചികതയായി. ഈ ആൽബം നൽകിയ തൃപ്തിയാലാണ് ചലച്ചിത്രഗാന ജീവിതത്തിലെ അമ്പതാം വർഷത്തിൽ അനിലിനെയും അജയിനെയും കൊണ്ട് യേശുദാസ് പാട്ട് ചെയ്യിപ്പിച്ചത്.
കൊച്ചുവേളി സ്വദേശിയായ അനിൽ പീറ്റർ 25 വർഷമായി സംഗീതസംവിധാന രംഗത്തുണ്ട്. ഉദയഭാനുവും പി.ജയചന്ദ്രനും ദലീമയും പാടിയ 'മലയാള മധുരിമ", മാർക്കോസ് പാടിയ 'സങ്കീർത്തനം", ജഗതി ശ്രീകുമാർ പാടിയഭിനയിച്ച 'എല്ലാം മായാജാലം" എന്നിവ അനിലിന്റെ ഹിറ്റ് ആൽബങ്ങളാണ്. വെട്ടുകാട് പള്ളിയിലെ ക്വയർ മാസ്റ്റർ കൂടിയായ അനിൽ 110 ആൽബങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിങ്ങിയ 'കൃഷ്ണപക്ഷം" ആണ് ഒടുവിലത്തെ ആൽബം.
കാൽനൂറ്റാണ്ടായി ഗാനരചന രംഗത്തുള്ള അജയ് വെള്ളരിപ്പണം ശ്രീവരാഹം സ്വദേശിയാണ്. തരംഗിണിയിലെ ജീവനക്കാരനായിരുന്ന സോമന്റെ മകനായ അജയ്ക്ക് ചെറുപ്പം മുതൽക്കേ തരംഗിണി സ്റ്റുഡിയോയോട് അടുത്ത ബന്ധമുണ്ട്. തരംഗിണിക്കും ആകാശവാണിക്കും വേണ്ടി പാട്ടെഴുതി തുടങ്ങിയ അജയ് പിന്നീട് നൂറുകണക്കിന് ആൽബങ്ങളിൽ പ്രവർത്തിച്ചു. ടാറ്റ ഇൻഷ്വറൻസ് അഡ്വൈസർ ആയി ജോലിചെയ്യുന്നു.