തിരുവനന്തപുരം: സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജവഹർ ബാലഭവൻ സ്കൂൾ വിദ്യാർത്ഥികൾക്കായി നാടകോത്സവം സംഘടിപ്പിക്കുമെന്ന് ചെയർമാൻ വി.കെ. പ്രശാന്ത് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 മുതൽ 22 വരെയാണ് 'ഇളനാടകം' നാടകോത്സവം. 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കും നാടക സമിതികൾക്കും മറ്റ് സംഘടനകൾക്കും പങ്കെടുക്കാം. 16 വയസുവരെയുള്ള കുട്ടികൾക്കാണ് അവസരം. 12ന് മുമ്പായി സ്ക്രിപ്റ്റ് ബാലഭവന്റെ തിരുവനന്തപുരം ഓഫീസിൽ ലഭിക്കണം. ഏഴ് നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകും.
തിരഞ്ഞെടുക്കപ്പെടുന്ന ഏഴ് സംഘങ്ങൾക്ക് യാത്രാബത്തയായി 5000 രൂപ വീതം നൽകും. ഒന്നാം സ്ഥാനം ലഭിക്കുന്ന നാടകത്തിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം. മികച്ച നടൻ, നടി, സംവിധായകൻ എന്നിവർക്ക് 10,000 രൂപയും ഫലകവും പ്രശംസാപത്രവും ലഭിക്കും. നാടക രംഗത്തെ പ്രമുഖരടങ്ങുന്ന വിധികർത്താക്കൾ വിജയികളെ തിരഞ്ഞെടുക്കും.
പരിപാടിയുടെ ഭാഗമായി ലോഗോ മത്സരവും സംഘടിപ്പിക്കും. 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയികൾക്ക് സമ്മാനം നൽകും. ബാലഭവനിൽ പുതുതായി നിർമിച്ച ഓപ്പൺ എയർ ഓഡിറ്റോറിയവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രശാന്ത് പറഞ്ഞു.
ജനറൽ കൺവീനർ ജി.എസ്. പ്രദീപ്, പ്രിൻസിപ്പൽ എസ്.മാലിനി, മാനേജിംഗ് കമ്മിറ്റി അംഗം കെ. ത്രിവിക്രമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.