പോത്തൻകോട്: മഹാ ക്ഷേത്രങ്ങളുടെ ഗണത്തിലേക്കുയർന്ന പോത്തൻകോട് പണിമൂല ദേവീക്ഷേത്രം ഇനി തങ്കശോഭയിൽ തിളങ്ങും. ക്ഷേത്രത്തിലെ പ്രധാന ദേവിമാരുടെ ശ്രീകോവിലുകളും തൂണുകളും താഴികക്കുടങ്ങളും ക്ഷേത്രത്തിലെ വിളക്കുമാടവും പ്രധാന കവാടങ്ങളും പിച്ചള കൊണ്ടുള്ള തങ്കഷീറ്റ് പൊതിഞ്ഞതോടെയാണ് ക്ഷേത്രത്തിന് സുവർണ ശോഭ കൈവന്നത്. പണിമൂല ദേവീക്ഷേത്ര ട്രസ്റ്റ് ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് രണ്ട് ശ്രീകോവിലുകളുടെ ചുറ്റാകെ വെണ്ണക്കൽ പാകലും പിച്ചള പൊതിയലും പൂർത്തിയാക്കുന്നത്. ശ്രീകോവിലിന്റെ പൂർണ പഞ്ചവർഗം, കനദ്വാരം, ഭിത്തികൾ, മൂലത്തൂണുകൾ, ഗോമുഖവും വടക്കുഭാഗത്തെ പ്രധാനകവാടവും മുഖപ്പുകളും ഉപദേവ ക്ഷേത്രങ്ങളുമെല്ലാം കമനീയമായി പിച്ചള പൊതിഞ്ഞിട്ടുണ്ട്. സിങ്ക്, ചെമ്പ് എന്നീ ലോഹങ്ങൾ പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന പിച്ചള ലോഹ തകിടുകൾ ഉപയോഗിച്ചാണ് പണികൾ നടത്തുന്നത്.
കർണാടകയിലെ ജഹാദ്രിയിൽ നിന്നെത്തിച്ച വിലകൂടിയ പിച്ചള തകിടുകളിൽ ക്ഷേത്രാചാരപ്രകാരമുള്ള മനോഹരമായ കൊത്തുപണികൾ നടത്തിയാണ് തകിടുകൾ ഉറപ്പിക്കുന്നത്. തകിടിലെ കൊത്തുപണികൾക്കായി കുന്തിരിക്ക, നല്ലെണ്ണ, കാവിപ്പൊടി, മെഴുക്, തേൻ എന്നിവ ചേർത്ത് പ്രത്യകം തയ്യാറാക്കിയ അരക്കു ആണ് ഉപയോഗിക്കുന്നത്. കട്ടിയുള്ള പശ രൂപത്തിലുള്ള അരക്കിന്റെ പുറത്ത് പിച്ചള ഷീറ്റ് വച്ച് അതിൽ കൈകൊണ്ട് ഡിസൈൻ വരച്ച് ഇരുമ്പ് ഉളി ഉപയോഗിച്ചാണ് രൂപങ്ങൾ കൊത്തിയുണ്ടാക്കുന്നത്. തകിടിലെ കൊത്തുപണികൾ പൂർത്തിയായ ശേഷം നേർപ്പിച്ച നൈട്രിക് ആസിഡ് ഉപയോഗിച്ച് പിത്തള തകിട് വൃത്തിയാക്കിയ ശേഷം പുളി വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം ബഫിംഗ് മോട്ടോർ ഉപയോഗിച്ച് പോളിഷും ചെയ്തശേഷമാണ് കൊത്തുപണികൾ ചെയ്ത തകിടുകൾ പിച്ചള സ്ക്രൂ ഉപയോഗിച്ചും ഗ്യാസ് വെൽഡിംഗ് ഉപയോഗിച്ചും ഉറപ്പിക്കുന്നത്. പിച്ചള തകിടുകൾ അതത് സ്ഥാനങ്ങളിൽ ഉറപ്പിച്ച ശേഷം ഹാൻഡ് മോട്ടോർ ഉപയോഗിച്ച് കൈ ഫിനിഷിംഗ് നടത്തി മെറ്റൽ ക്ലിയർ കോട്ട് അടിക്കുന്നതോടെ തകിടുകൾ സ്വർണ ശോഭയിൽ ജ്വലിക്കും.
ഈ രംഗത്ത് അറിയപ്പെടുന്ന കൊല്ലം സ്വദേശിയായ ജയദേവൻ ആചാരിയെ കൂടാതെ മധുര സ്വദേശി നാഗരാജ്, തിരുപ്പൂർ സ്വദേശി പ്രഭാകരൻ, തിരുവനന്തപുരം സ്വദേശി രാജേഷ് ആചാരി, കോയമ്പത്തൂർ സ്വദേശി മദനൻ തുടങ്ങി സാങ്കേതിക മികവുള്ള ഏഴോളം ജീവനക്കാർ ഒരു വർഷമെടുത്താണ് പണികൾ ചെയ്യുന്നത്. ഇനി അവസാന മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്. ഹരിപ്പാട്ടെ വിഗ്നേശ്വര ഹാൻഡി ക്രാഫ്റ്റ് എന്ന സ്ഥാപനമാണ് കരാർ എടുത്തിട്ടുള്ളത്. പിച്ചള കൊണ്ടുള്ള തങ്കഷീറ്റ് പൊതിയുന്ന ജോലികൾ പൂർത്തിയായാൽ ക്ഷേത്ര താഴികക്കുടം ഉൾപ്പെടെയുള്ളവ സ്വർണം പൂശുന്ന ജോലികൾ ആരംഭിക്കുമെന്ന് പണിമൂല ദേവീ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ആർ.ശിവൻ കുട്ടിനായർ പറഞ്ഞു.