തിരുവനന്തപുരം: 2019-20 വർഷത്തെ ജനകീയാസൂത്രണ റിവിഷൻ പദ്ധതികൾ തിരുവനന്തപുരം നഗരസഭ അംഗീകരിച്ചു. ഇന്നലെ മേയർ കെ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ് റിവിഷൻ പദ്ധതികൾ അംഗീകരിച്ചത്.
റിവിഷൻ പദ്ധതിയിൽ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും കക്ഷിരാഷ്ട്രീയ ഭേദമേന്യ എല്ലാ വാർഡുകളിലും വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. വാർഡുകളിൽ ഉപയോഗിക്കാതിരുന്ന ടെൻഡർ സേവിംഗ്സായ ഒരു കോടി രൂപ പൊതു പ്രൊജക്ടുകൾക്കായി വകയിരുത്തിയുട്ടുണ്ട്. സ്കൂൾ നവീകരണം, കല്ലടിമുഖം, പൂങ്കുളം എന്നിവടങ്ങളിൽ ലൈഫ് പദ്ധതി പ്രകാരമുള്ള ഫ്ളാറ്റ് നിർമ്മാണം തുടങ്ങിയ പദ്ധതികളും റിവിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തികരിക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യമെന്നും മേയർ പറഞ്ഞു.
കഴക്കൂട്ടം മാർക്കറ്റിന്റെ പൂർത്തീകരണം - 75 ലക്ഷം
കടകംപള്ളി വാർഡിൽ വനിത സൗഹൃദ കേന്ദ്രം - 55 ലക്ഷം
ചാക്ക യു.പി സ്കൂൾ നിർമ്മാണം രണ്ടാംഘട്ടം - 40 ലക്ഷം
മെഡിക്കൽ കോളേജ് വാർഡിൽ തൊഴിൽ നൈപുണ്യ കേന്ദ്രം - 30 ലക്ഷം
പൂങ്കുളം വാർഡിൽ ലൈഫ് പദ്ധതിയിൽ ഫ്ളാറ്റ് (എസ് സിപി) - 8.18 കോടി
പൂങ്കുളം വാർഡിൽ ലൈഫ് പദ്ധതിയിൽ ഫ്ളാറ്റ് (ജനറൽ) - 1.1 കോടി
കിഴക്കേകോട്ട ഫൂട്ട് ഓവർ ബ്രിഡ്ജ് - 50 ലക്ഷം