maradu-flat

കൊച്ചി: ഇനി ഏതാനും മിനുറ്റുകൾക്കുള്ളിൽ മരടിലെ രണ്ട് ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നിലംപതിക്കും. എന്നാൽ,​ ഫ്ലാറ്റ് പൊളിക്കുന്നതിനായി തങ്ങൾക്കു മുന്നിൽ വലിയ വെല്ലുവിളിയാണുള്ളതെന്ന് ഫ്ളാറ്റ് പൊളിക്കാൻ കരാറുള്ള എഡിഫസ് എൻജിനീയറിംഗിന്റെ ദക്ഷിണാഫ്രിക്കൻ പങ്കാളികളായ ജെറ്റ് ഡിമോളിഷൻസ് സി.ഇ.ഒ ജോ ബ്രിങ്ക്മാൻ പറയുന്നു.

മരടിൽ സുപ്രീംകോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളിൽ സുരക്ഷിതമായ രീതിയിൽ നിയന്ത്രിത സ്ഫോടനം നടത്തും. മരട് ഫ്ലാറ്റ് സമുച്ചയത്തിലെ ഗോൾഡൻ കായലോരം പൊളിക്കുകയാണ് തങ്ങൾക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറയുന്നു. ഈ ഫ്ലാറ്റിന്റെ 10 മീറ്റർ പരിസരത്ത് ഒരു അങ്കണവാടി കെട്ടിടവും കൂടാതെ പരിസരത്തുതന്നെ സ്കൂൾ കെട്ടിടവുമുണ്ട്. കെട്ടിടങ്ങളെ സംരക്ഷിക്കാൻ പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇത് ശരിക്കും ഞങ്ങൾക്കു മുന്നിലൊരു വെല്ലുവിളിയാണ്. ഇതിനായി അധിക ജോലികളും ചെയ്തിട്ടുണ്ട്. സുരക്ഷ മുന്നിൽക്കണ്ട് ഈ കെട്ടിടത്തെ ഞങ്ങൾ രണ്ടായി വിഭജിക്കും. ഇതോടുകൂടി കെട്ടിടം രണ്ട് ദിശകളിലേക്ക് വീഴും.

ഫ്ലാറ്റ് പൊളിക്കുമ്പോൾ ഒരു അപകട സാദ്ധ്യത എപ്പോഴും മുന്നിലുണ്ടെന്നും ബ്രിങ്ക്മാൻ വ്യക്തമാക്കുന്നു. ഈ പ്രോജക്ട് പൂർണമായും സുരക്ഷിതമാണെന്ന് ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. അപകട സാദ്ധ്യതയേക്കാൾ ഒരു വെല്ലുവിളിതന്നെയാണിത്. അപകടസാദ്ധ്യത മുന്നിൽക്കണ്ട് ഇത് വരുത്തി വയ്ക്കുന്ന ആഘാതം കുറയ്ക്കാൻ ശ്രമിക്കും. ഇതുസംബന്ധിച്ച് പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ല. അത് ഞങ്ങൾക്ക് ഉറപ്പു നൽകാൻ സാധിക്കും. പൊതു ജനങ്ങളുടെ ആശങ്ക കേവലം ചിന്തിച്ചുകൂട്ടുന്ന ഭാവനകൾ മാത്രമാണ്.

അതേസമയം,​ അപകട സാദ്ധ്യത വളരെ വിദൂരമാണെന്നും പറയാം. കാരണം ഇവിടെ നടത്തുന്നത് ഇംപ്ലോഷനാണ്. കെട്ടിടം നിലംപൊത്തുകയാണ് ചെയ്യുന്നത്. ഉൾവലിഞ്ഞാണ് പൊട്ടലുണ്ടാകുന്നത്. മൂന്ന് പാളികളിലായാണ് സംരക്ഷണം ഉറപ്പ് വരുത്തിയിരിക്കുന്നത്. സ്ഫോടനവസ്തുക്കൾ ഉറപ്പിച്ചിരിക്കുന്ന നിലകളിലെല്ലാം ജിയോടെക്സ്റ്റെയിൽസ്കൊണ്ട് മൂടിയിട്ടുണ്ട്.

സമീപ പ്രദേശങ്ങളിൽ നിന്നും പൊതു ജനങ്ങളോട് മാറി നിൽക്കുന്നതിനും അപകട സാദ്ധ്യത വിലയിരുത്തിയിട്ടുണ്ട്. പൊളിച്ചുകഴിഞ്ഞാലുള്ളപൊടിയുടെ കാര്യത്തിൽ മാത്രമാണ് ആശങ്ക നിലനിൽക്കുന്നത്. പൊതുജനങ്ങൾ തങ്ങളുടെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. പൊടി പടരാൻ സാദ്ധ്യതയുണ്ട്. കിണറുകൾ ഷീറ്റുകൾ കൊണ്ട് മൂടുക,​ എൽ.പി.ജി സിലിണ്ടറുകൾ,​ വീട്ടുപകരണങ്ങൾ വാഹനങ്ങൾ എന്നിവ വീട്ടിൽ തന്നെ സൂക്ഷിക്കാം. അവിടെ നിന്നും മാറ്റേണ്ട ആവശ്യമില്ല -അദ്ദേഹം പറ‌ഞ്ഞു.