maradu

കൊച്ചി: ഇനി മിനിറ്റുകൾ മാത്രം! മരടിലെ പടുകൂറ്റൻ ഫ്ലാറ്റുകളിൽ രണ്ടെണ്ണം ഇന്ന് തവിടുപൊടി. മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒയിൽ ആദ്യ സ്ഫോടനം 11ന്. അഞ്ച് മിനിട്ടിന് ശേഷം ആൽഫയിൽ അടുത്ത സ്ഫോടനം. നാളെ ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം ഫ്ലാറ്റുകളും പൊളിക്കും. ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമ്പത് മുതൽ ഫ്ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിക്കും. ഇതിനായി പ്രത്യേക ബസുകൾ ഏർപ്പാടാക്കി. പത്ത് ഫയർ എൻജിനുകളും രണ്ട് സ്‌കൂബാ വാനുകളും ഫ്ലാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിറുത്തും. നൂറോളം അഗ്‌നിശമന സേനാംഗങ്ങളും ഉണ്ടാകും.

വിദേശങ്ങളിൽ സ്ഫോടനത്തിലൂടെ കൂറ്റൻ കൊട്ടിടങ്ങൾ പൊളിച്ചുനീക്കം ചെയ്ത കമ്പനിയാണ് മരടിലെ ഫ്ലാറ്റുകളുടെ പൊളിക്കൽ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ജെറ്റ് ‌ഡിമോളിഷൻ. 2018ൽ ജോഹന്നാസ്ബർഗിലെ ലിസ്ബൺ ബാങ്ക് പൊളിക്കുന്ന ദൗത്യമാണ് കമ്പനി അവസാനമായി നിർവഹിച്ചത്. ജർമ്മനിയെ ഫ്രാങ്ക്ഫർട്ടിൽ 140 മീറ്റർ ഉയരത്തിലുള്ള കെട്ടിടങ്ങൾ പൊളിച്ച ജെറ്റ് ഡിമോളിഷന് 108 മീറ്റർ ഉയരമുള്ള ലിസ്ബൺ ബാങ്ക് പൊളിക്കുന്നത് തികഞ്ഞ വെല്ലുവിളിയായിരുന്നു എന്നുവേണം പറയാൻ. കാരണം മറ്റൊന്നുമല്ല, അതിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന 100ഉം 200ഉം മീറ്റർ ഉയരമുള്ള മറ്റ് കെട്ടിടങ്ങളായിരുന്നു.

എന്നാൽ 100, 200 മീറ്റർ ഉയരങ്ങളിലുള്ള കെട്ടിടങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കാതെയാണ് ജെറ്റ് ഡിമോളിഷൻ ആ ദൗത്യം നിർവഹിച്ചത്. കമ്പനി ഇന്നും അഭിമാനത്തോടെ ഏറ്റെടുത്ത പ്രോജക്ടുകളിൽ ഒന്നായിരുന്നെന്ന് കമ്പനിയുടെ വക്താക്കൾ പറയും. എല്ലാം നിശ്ചയിച്ചപോലെ 108 മീറ്റർ ഉയരമുള്ള ലിസ്ബൺ ബാങ്ക് അന്ന് നിലം പതിച്ചു. ഒരു കെട്ടിടത്തിനും അന്ന് തകരാറുണ്ടായില്ല. ഉയർന്നു പൊങ്ങിയ പുകപടലങ്ങൾ 15 നില കെട്ടിടത്തിന്റെ ഉയരത്തിൽ ഒരു ഭൂഗോളം സൃഷ്ടിച്ചതല്ലാതെ മറ്റൊന്നും അന്ന് സംഭവിച്ചില്ല. 894 കിലോ സ്‌ഫോടകവസ്തുക്കളാണ് അന്ന് ഉപയോഗിച്ചത്. സമീപവാസികളായ 2000 പേരെ ഒഴിപ്പിച്ചു. ഉയർന്നുപൊങ്ങിയ പൊടിപടലങ്ങൾ 15 നില കെട്ടിടത്തിന്റെ അത്ര ഉയരത്തിൽ പുകാപടലം സൃഷ്ടിച്ചു. കൃത്യമായും നിശ്ചയിച്ച കോണുകളിൽ 47 ഡിഗ്രി മുതൽ 37 ഡിഗ്രിവരെ കോൺ വ്യത്യാസത്തിൽ ഓരോ വശങ്ങളിലേക്കും ചരിഞ്ഞുകൊണ്ടായിരുന്നു കെട്ടിടം തകർന്നുവീണത്.180 മീറ്റർ ദൂരം ഉയരത്തിലുള്ള കെട്ടിടത്തിനും അന്ന് ഒരു പോറലും സംഭവിച്ചില്ല.

ഇന്ന് കൊച്ചിയിലെ മരടിലും സമാനമായ വെല്ലുവിളിയാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്ക പ്രദേശവാസികളിൽ നിലനിൽക്കുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കമ്പനി ദൗത്യം നിർവഹിക്കാൻ പോകുന്നത്. അതേസമയം,​ പൊളിക്കുന്നതിനുള്ള നടപടികൾ കൃത്യമായി പോകുമ്പോഴും സമീപവാസികൾ വലിയ ആശങ്കയിലാണ്. ഫ്‌ളാറ്റുകളുടെ ചുമരുകൾ പൊളിച്ചുതുടങ്ങിയപ്പോൾ തന്നെ അടുത്തുള്ള പല വീടുകളിലും വിള്ളൽ വീണിരുന്നു. പൂർണ്ണമായും പൊളിച്ചുനീക്കുമ്പോൾ വലിയ നാശനഷ്ടമുണ്ടാകുമെന്ന പേടി ഇവർക്കുണ്ട്. വീടുകളുടെ കാലപ്പഴക്കം കണക്കാക്കി ഇൻഷുറൻസ് തുക നൽകിയാൽ അത് കുറഞ്ഞ് പോകുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്.