കൊച്ചി: സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് നിയമം ലംഘിച്ച് പണിത മരട് ഫ്ലാറ്റ് സമുച്ചയങ്ങളിൽ പൊളിച്ചുമാറ്റാൻ ഉദ്ദേശിച്ച ആദ്യത്തെ കെട്ടിടമായ ഹോളിഫെയ്ത്ത് എച്ച്2ഒ നിയന്ത്രിത സ്ഫോടനത്തിലൂടെ നിലംപതിച്ചിരിക്കുന്നു. ജസ്റ്റിസ് അരുൺ മിശ്രയുടെ കരുത്തുറ്റ നിലപാട് തന്നെയാണ് ഇതിനാധാരം. കോടതിയുടെ ഉത്തരവ് നടപ്പാക്കാതിരിക്കാൻ തൊടുന്യായങ്ങളുമായി വന്നവരെ സുപ്രീംകോടതി മുറിയിൽനിന്ന് അദ്ദേഹം വിരട്ടിയോടിച്ചു എന്നുതന്നെ പറയാം.
നിരവധി പരാമർശങ്ങൾ ഈ വിഷയത്തിൽ അദ്ദേഹം നടത്തിയിരുന്നു. കേരളം ഇന്ത്യയിലല്ലേ, നിയമങ്ങൾ കേരളത്തിന് ബാധകമല്ലേ, കേരള ഹൈക്കോടതിക്കും സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ ബാദ്ധ്യതയുണ്ട് തുടങ്ങിയ പരാമർശങ്ങൾ ചില കേസുകളിൽ അദ്ദേഹത്തിൽനിന്നുണ്ടായി. മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണംകാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഇത് ഹൈക്കോടതി പരിശോധിച്ചാൽപ്പോരേ എന്ന് അരുൺ മിശ്ര ആദ്യം തന്നെ ചോദിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി പരിഗണിച്ചാൽ മതിയെന്ന് നിർമാതാക്കൾ പറഞ്ഞതോടെ ജസ്റ്റിസ് മിശ്ര സമ്മതിക്കുകയായിരുന്നു.
ഉത്തരവ് സ്റ്റേ ചെയ്യാൻ ജസ്റ്റിസ് മിശ്ര വിസമ്മതിച്ചതിനുപിന്നാലെ അവധിക്കാലത്ത് മറ്റൊരു ബെഞ്ചിൽനിന്ന് റിട്ട് ഹർജിക്കാർ സ്റ്റേ വാങ്ങി. സ്റ്റേ നൽകിയ ബെഞ്ചിനെതിരേ വാക്കാൽ പരാമർശം നടത്താൻപോലും ജസ്റ്റിസ് മിശ്ര മടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.മരട് ഫ്ലാറ്റ് ഉടമകൾക്കെല്ലാം 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനും കോടതി നിർദേശിച്ചു. നിർമാതാക്കൾ ചേർന്ന് 20 കോടി രൂപ കോടതിയിൽ കെട്ടിവയ്ക്കണം. ഇതിനായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ തൽക്കാലം ഒഴിവാക്കുമെന്നും കോടതി അറിയിച്ചു.
പൊളിക്കാനുള്ള ഉത്തരവ് വരുന്നതുവരെ ഫ്ളാറ്റുടമകൾ സുപ്രീംകോടതിയിലെത്തിയിരുന്നില്ല. നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്ന ഫ്ളാറ്റുകളാണിവ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉടൻതന്നെ പുനഃപരിശോധനാ ഹർജി നൽകലായിരുന്നു നിയമപരമായ മാർഗമെന്ന് പലരുംചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതിനുപകരം, കോടതിയുത്തരവ് ചോദ്യം ചെയ്യും വിധം പലതരം റിട്ട് ഹർജികളെത്തിയതും ജസ്റ്റിസ് മിശ്രയെ ചൊടിപ്പിച്ചിരുന്നു.
പണം മാത്രം ലക്ഷ്യമിട്ട് ധാര്‍മികതയ്ക്ക് നിരക്കാത്ത നടപടിയാണ് അഭിഭാഷകരുടേതെന്നും കൊല്‍ക്കത്തക്കാരനായ മുതിര്‍ന്ന അഭിഭാഷകന്‍ ദേബള്‍ ബാനര്‍ജിയെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് എല്ലാ റിട്ട് ഹര്‍ജികളും തള്ളി, ഫ്ളാറ്റ് പൊളിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.