കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകളിൽ ആദ്യത്തെ ഫ്ലാറ്റുകളിൽ ഒന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. 11 മണിക്ക് ആദ്യത്തെ ഫ്ലാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താൻ സമയം എടുത്തതിനെ തുടർന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകർന്നടിഞ്ഞത്.
കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റാണ് ഹോളിഫെയ്ത്ത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടർന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ കായലിലും വന്ന് പതിച്ചിട്ടുണ്ട്. ഹോളിഫെയ്‌ത്ത് പൊളിക്കൽ വിജയകരമായിരുന്നെന്ന് സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി എം.ഡി മാദ്ധ്യമങ്ങളോട് പറഞ്ഞു.
രണ്ടാം സ്ഫോടനം നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റിലാണ് നടത്തുക. മറ്റു രണ്ടെണ്ണം (ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം) നാളെയാണു തകർക്കുക.
ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒമ്പത് മുതൽ ഫ്ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചിരുന്നു. ഇതിനായി പ്രത്യേക ബസുകൾ ഏർപ്പാടാക്കിയിരുന്നു. പത്ത് ഫയർ എൻജിനുകളും രണ്ട് സ്‌കൂബാ വാനുകളും ഫ്ലാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിറുത്തിയിട്ടുണ്ട്. നൂറോളം അഗ്‌നിശമന സേനാംഗങ്ങളും ഉണ്ടാകും.ഫ്ലാറ്റിന് 200 മീറ്റർ ചുറ്റളവിൽ പൊളിക്കൽ ചുമതലയുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കില്ല.