''ഇത്രയേ ഉള്ളു മനുഷ്യന്റെ കാര്യം. അഞ്ഞൂറു തലമുറയ്ക്കു വേണ്ടി സമ്പാദിച്ചു വച്ചിട്ടുണ്ട് എന്നൊന്നും അഹങ്കരിച്ചിട്ടു കാര്യമില്ല. ഒന്നുകിൽ ഹൃദയത്തിൽ ഇതുപോലെ ഒരു തുള വീഴ്‌ത്തിയാൽ... അല്ലെങ്കിൽ ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ തള്ളൽ കൂടിയാൽ... ഒക്കെ കഴിഞ്ഞു."
എം.എൽ.എ ശ്രീനിവാസകിടാവിന്റെ ശരീരത്തിലേക്കു നോക്കിക്കൊണ്ട് അയാളെ കുത്തിയ ആ രൂപം പല്ലിറുമ്മി.
''ഇങ്ങനെയുള്ളവന്റെയൊക്കെ വരും തലമുറകൾ ധൂർത്തടിച്ച് മൊത്തം നശിപ്പിച്ച് പേരുദോഷം കേൾപ്പിച്ച് അവസാനം ഏതെങ്കിലും പീടികത്തിണ്ണയിൽ കിടന്നു ചാകും. അതല്ലെങ്കിൽ സമ്പത്തിനു വേണ്ടിയുള്ള കലഹത്തിൽ പരസ്പരം കത്തിയെടുത്തു കുത്തും. അതാണ് മിക്കയിടത്തും കാലം കരുതിവച്ചിരിക്കുന്നത്."
ആ രൂപം ശക്തമായി കിതച്ചു. ''കായലു കയ്യേറി റിസോർട്ടു പണിയുന്നവനും അവിടേക്ക് പാവങ്ങടെ അണ്ണാക്കിൽ മണ്ണിട്ട് സർക്കാർ ചിലവിൽ റോഡ് നിർമ്മിക്കുന്നവന്റെയുമൊക്കെ അവസ്ഥ അവസാനം ഇങ്ങനെയാകും.
അടുത്ത തലമുറ പുഴുത്തളിഞ്ഞു ചാകും."
മറ്റുള്ളവർ കേട്ടു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
ആ രൂപം തുടർന്നു:
''എല്ലാത്തിന്റെയും ദൃശ്യരൂപമാണ് നമ്മുടെ മുന്നിൽ തെരുവു പട്ടിയെക്കാൾ ദയനീയമായി ചത്തുകിടക്കുന്നത്. എന്നാലും നാളെ ഇവനുവേണ്ടി ഒരു ഹർത്താലോ ദുഃഖാചരണമോ പാടില്ല. ഇവന്റെ ശരീരം ഒരിടത്തും പൊതുദർശനത്തിനു വയ്ക്കാനോ റോഡുകൾ ബ്ളോക്കാക്കി വിലാപയാത്ര നടത്താനോ പാടില്ല."
ആ രൂപം തിരിഞ്ഞ് ഒരാളെ നോക്കി.
''അതിങ്ങ് കൊണ്ടുവാ..."
അയാൾ ഒരു വലിയ ചാക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു. പിന്നെ മൂടി തുറന്ന് ആയാസപ്പെട്ട് തറയിലേക്കിട്ടു.
ഒരടി ചതുരത്തിൽ കറുത്ത നിറത്തിലുള്ള എന്തോ ആയിരുന്നു അത്.
അയാൾ തന്നെ അത് ചാണകവരളി അടുക്കുന്നതുപോലെ കിടാവിന്റെ ശരീരത്തിൽ നിരത്തി.
മറ്റൊരാൾ ഒരു തുണിപ്പന്തം കത്തിച്ച് അതിലേക്കു വച്ചു.
ഇത്തിരി താമസിച്ചു തീ പിടിക്കുവാൻ. പിടിച്ചു തുടങ്ങിയതോടെ ആ വസ്തു ഒഴുകിപ്പടരാനും ഒരുതരം ഗന്ധം ഉണ്ടാകുവാനും തുടങ്ങി.
ഉരുകുന്തോറും ആ വസ്തുവിൽ തീ പിന്നെയും കൂടിക്കൊണ്ടിരുന്നു.
നിലമ്പൂർ, ആഢ്യൻപാറ റോഡ് ടാർ ചെയ്യുവാൻ കൊണ്ടുവന്നപ്പോൾ ഒരു വീപ്പ റോഡ് സൈഡിൽ മറിഞ്ഞ് ടാർ കട്ടിയായി കിടന്നിരുന്നു.
അത് പണിക്കാർ ഉപയോഗിച്ചിരുന്നില്ല. അവിടെ കിടന്നു കട്ടിയായ അതായിരുന്നു അവർ മുറിച്ചുകൊണ്ടുവന്നത്. കിടാവിന്റെ ചിതയൊരുക്കുവാൻ...
''നേരം പുലരുമ്പോഴേക്കും ഈ ശരീരം എരിഞ്ഞുതീരും. നമുക്ക് ഇനിയും ജോലി ബാക്കിയാണ്."
കിടാവിനെ കൊന്ന രൂപം പിൻതിരിഞ്ഞു.
മറ്റുള്ളവരും അതിനു പിന്നാലെ പോയി.
വടക്കേ കോവിലകം.
ഭ്രാന്തു പിടിച്ചതുപോലെ അങ്ങിങ്ങ് പാഞ്ഞുനടന്ന് ശേഖരകിടാവു തളർന്നു.
പാഞ്ചാലിയുടെ മുറിക്കുള്ളിലേക്കു കയറ്റുന്നതു കണ്ട ചേട്ടനെപ്പറ്റി യാതൊരു സൂചനയുമില്ല...
ചേട്ടനെ ഇനി തിരിച്ചുകിട്ടത്തില്ല എന്നുപോലും ശേഖരനു തോന്നി.
പെട്ടൊന്നൊരു ചിന്ത അയാളുടെ തലച്ചോറിനെ പുകച്ചു.
ഒരുപക്ഷേ പ്രജീഷിന്റെയും പരുന്ത് റഷീദിന്റെയും അന്തർധാനവും ഇത്തരത്തിലായിരിക്കുമോ?
അയാൾ ചെന്ന് ചന്ദ്രകലയുടെ മുറിയുടെ വാതിൽ തുറന്നു.
മുറിഞ്ഞ ശിരസ്സോടെ തല കുമ്പിട്ടിരിക്കുകയായിരുന്നു ചന്ദ്രകല. അവൾ മുഖമുയർത്തി പകയോടെ അയാളെ നോക്കി.
''തനിക്കൊന്നും മതിയാകില്ലേ? പ്രജീഷിനെ നീയൊക്കെ കൊന്നിട്ട് എന്റെ മുന്നിൽ നാടകം കളിക്കുകയാണെന്നറിയാം."
''ചന്ദ്രകലേ..."
ശേഖരൻ എന്തോ പറയുവാൻ ഭാവിച്ചു.
''മിണ്ടരുത്." അവൾ കൈചൂണ്ടി. ''ചതിക്കും വഞ്ചനയ്ക്കും നോബൽപ്രൈസ് വാങ്ങിയവരാണ് നിങ്ങൾ കിടാക്കന്മാർ എന്ന് എനിക്കറിയാം. ഇനി എന്നെക്കൂടി കൊന്നുകഴിഞ്ഞാൽ കാര്യങ്ങൾ നിങ്ങൾ വിചാരിക്കുന്ന കടവിലെത്തും. അതിനാണല്ലോ ഇങ്ങോട്ടു കൊണ്ടുവന്നതും? പരുന്ത് എന്നോട് എല്ലാം പറഞ്ഞു."
മിണ്ടിയില്ല ശേഖരൻ.
അല്പം കഴിഞ്ഞ് അയാളറിയിച്ചു.
''നീ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ....
അയാൾ കിടാവിന്റെ തിരോധാനത്തെക്കുറിച്ചു പറഞ്ഞു.
ചന്ദ്രകല സ്തബ്ധയായി.
''എനിക്കു തോന്നുന്നത് പാഞ്ചാലിയുടെ മുറിയിൽ എന്തോ ദുരൂഹതയുണ്ടെന്നാ. ഈ കോവിലകത്ത് ഇനി ജീവനോടെയുള്ളത് നമ്മൾ രണ്ടുപേർ മാത്രമാണെന്ന് എന്റെ മനസ്സു പറയുന്നു. അതുകൊണ്ട്..."
അയാൾ ഒന്നു നിർത്തി.
അയാൾ തന്നെ വീണ്ടും പറയട്ടെ എന്ന ഭാവത്തിൽ ചന്ദ്രകല ഇരുന്നു.
ശേഖരൻ തുടർന്നു:
''കുറേക്കാലം ഇവിടെ കഴിഞ്ഞവളല്ലേ നീയ്? പുറത്തേക്കു പോകുവാൻ നിലവറയിലൂടെയല്ലാതെ ഏതെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ പറഞ്ഞുതാ...
നിന്നെ ഞാൻ ഒന്നും ചെയ്യില്ല. നമുക്ക് രണ്ടുപേർക്കും കൂടി രക്ഷപെടാം."
ചന്ദ്രകലയുടെ മുഖത്ത് ക്രൂരമായ ഒരു ചിരിവന്നു.
''മരണത്തെ എനിക്കു ഭയമില്ല ശേഖരകിടാവേ... ഞാനും പ്രജീഷും ഇവിടെനിന്നു പോയിക്കഴിഞ്ഞപ്പോൾ വേട്ടപ്പട്ടികളെപ്പോലെ കുറേപ്പേരെ നങ്ങൾ ഞങ്ങൾക്കു പിന്നാലെ അയച്ചില്ലേ? എത്രയോ തവണ ഞങ്ങൾ മരണത്തിൽ നിന്നു രക്ഷപെട്ടു? അന്നേ തീർന്നതാ ശേഖരാ മരണത്തോടുള്ള പേടിയൊക്കെ."
''എങ്കിൽ നീ ഇവിടെത്തന്നെ കിടക്കെടീ." കോപത്തോടെ ശേഖരൻ വെട്ടിത്തിരിഞ്ഞു പുറത്തിറങ്ങി. വാതിൽ പഴയതുപോലെ അടച്ചു കുറ്റിയിട്ടു.
പിന്നെ തിടുക്കത്തിൽ തട്ടിൻപുറത്തിനു നേർക്കു പാഞ്ഞു.
(തുടരും)