ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ യുക്രേനിയൻ വിമാനം തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി ഇറാൻ. വിമാനം തകർത്ത സംഭവം ഉണ്ടായത് മനുഷ്യസഹജമായ തെറ്റ് മൂലമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചിരിക്കുന്നത്. സംഭവത്തിൽ അമേരിക്കയെയും വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. പ്രക്ഷുബ്ധമായ ഒരു സാഹചര്യത്തിൽ അമേരിക്കയുടെ അതിസാഹസികതയാണ് ഇങ്ങനെയൊരു ദുരന്തം വരുത്തിവച്ചതെന്നാണ് സരീഫ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയൊരു ദുരന്തം സംഭവിച്ചതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളോടും ഇറാനിയൻ ജനതയോടും, അപകടം ബാധിച്ച രാജ്യങ്ങളോടും സർക്കാർ മാപ്പ് പറയുന്നുവെന്നും മന്ത്രി പറഞ്ഞു. ട്വിറ്റർ വഴിയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.
ഇറാനിയൻ സൈന്യവും സംഭവിച്ച ദുരന്തത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇറാൻ സൈന്യം അനുശോചനം അറിയിച്ചു. അപകടത്തിന് കാരണമായവരെ നീതി വകുപ്പിന് മുൻപിലേക്ക് എത്തിക്കുമെന്നും അവർക്കുമേൽ കുറ്റം ചാർത്തുമെന്നും ഇറാൻ പറഞ്ഞു. വിമാനം തകർന്നുവീണതിന് പിന്നിൽ ഇറാന്റെ കൈകളാണെന്ന് പറഞ്ഞുകൊണ്ട് അമേരിക്കയും കാനഡയും ഇന്നലെ രംഗത്തെത്തിയിരുന്നു. എന്നാൽ വിമാനം തകർന്നുവീണത് തങ്ങൾ കാരണമല്ല എന്നാണ് ഇറാൻ തുടക്കത്തിൽ പറഞ്ഞിരുന്നത്. വിമാനം താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും മറ്റും പുറത്തുവന്നിരുന്നു. 176 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടിരുന്നത്. ഇറാനിയൻ ആന്റി എയർക്രാഫ്‌റ്റ് മിസൈലുകളാണ് വിമാനത്തിൽ പതിച്ചിരുന്നത്.