king

മസ്‌കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു. 79 വയസായിരുന്നു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനിൽ തിരിച്ചെത്തിയത്. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മരണത്തോടനുബന്ധിച്ച് രാജ്യത്ത് മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു.

ആധുനിക ഒമാന്റെ ശിൽപി എന്നാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അറിയപ്പെടുന്നത്. സുൽത്താനോടുള്ള ആദരസൂചകമായി 40 ദിവസം രാജ്യത്ത് ദേശീയ പതാക താഴ്‌ത്തിക്കെട്ടും. പുതിയ ഭരണാധികാരിയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. വിവാഹ മോചിതനായ സുൽത്താന് മക്കൾ ഇല്ലാത്തതിനാൽ പ്രഖ്യാപിത കിരീടവകാശി രാജ്യത്ത് നിലവില്ല. ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ഒമാൻ ഭരണഘടന അനുസരിച്ച് ഭരണാധികാരി മരിക്കുകയോ, സ്ഥാനമൊഴിയുകയോ ചെയ്താൽ മൂന്നു ദിവസത്തിനകം പിൻഗാമിയെ കണ്ടെത്തണം.

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23നാണ് സുൽത്താൻ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്. ഒമാനെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരിയായിട്ടാകും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുന്നത്.

സുൽത്താൻ ഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബ‍ർ പതിനെട്ടിന് സലാലയിലാണ് ഖാബൂസ് ബിൻ സയിദ് ജനിച്ചത്. പൂനെയിലും സലാലയിലുമായിട്ടായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ഇംഗ്ളണ്ടിലായിരുന്നു ഉപരി പഠനം. ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിട്ടറി അക്കാദമിയിൽ നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളൾ അദ്ദേഹം പഠിച്ചു. തുടർന്ന് പശ്ചിമ ജർമിനിയിലെ ഇൻഫൻട്രി ബറ്റാലിയനിൽ ഒരുവർഷം സേവനമനുഷ്ടിച്ചു. ഭരണത്തിൽ 50 വർഷം തികയാൻ ഏഴ് മാസം മാത്രമാണ് അദ്ദേഹത്തിന് ബാക്കിയുണ്ടായിരുന്നത്.

ഇന്ത്യയുമായി എക്കാലത്തും സവിശേഷബന്ധം പുലർത്തിപ്പോന്ന ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന ശങ്കർദയാൽ ശ‌ർമ്മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനായിരുന്നു. ഒമാനിലുള്ള ഇന്ത്യക്കാരുമായും അദ്ദേഹം വിശേഷ ബന്ധം സ്ഥാപിച്ചിരുന്നു.മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് സംരക്ഷണവും സൗകര്യവും ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുൽത്താന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.