maradu-
മരട് ആൽഫാ സെറീൻ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര

കൊച്ചി: തീരദേശനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച രണ്ടാമത്തെ ഫ്ലാറ്റും നിലപൊത്തി. നിയന്ത്രിത സ്ഫോടനത്തിലൂടെ വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ് ഫ്ലാറ്റുകൾ പൊളിച്ചത്. രണ്ടാമതായി 11.49ന് നടന്ന സ്ഫോടനത്തിൽ ആൽഫ സെറിന്റെ രണ്ട് ടവറുകളാണ് തകർന്നത്. സെക്കന്റുകൾക്കുള്ളിൽ രണ്ട് കെട്ടിടങ്ങളും നിലംപൊത്തുകയായിരുന്നു. രണ്ട് ഫ്ലാറ്റുകളുടെയും പൊളിക്കൽ വിജയകരമായി നടന്നതോടെ മരടിലെ ഇന്നത്തെ സ്ഫോടനങ്ങൾ പൂർത്തിയായി.

നേരത്തെ, മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. 11 മണിക്ക് ആദ്യത്തെ ഫ്ലാറ്റ് പൊളിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷ വിലയിരുത്താൻ സമയം എടുത്തതിനെ തുടർന്ന് 11.19നാണ് ഹോളി ഫെയ്ത്ത് തകർന്നടിഞ്ഞത്. ഫ്ലാറ്രിന്റെ അടിത്തറ താഴേക്ക് പതിയുന്ന രീതിയിലുള്ള സ്ഫോടനമാണ് മരടിൽ നടന്നത്.

maradu-

കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റാണ് ഹോളിഫെയ്ത്ത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടർന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് കേരളത്തിൽ ഒരു ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ കായലിലും വന്ന് പതിച്ചിട്ടുണ്ട്. ഹോളിഫെയ്‌ത്ത് പൊളിക്കൽ വിജയകരമായിരുന്നെന്ന് സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി എം.ഡി മാദ്ധ്യമങ്ങളോട് പറഞ്ഞു.