കൊച്ചി: ദിവസങ്ങളോളം നീണ്ട തയാറെടുപ്പുകൾ ഉണ്ടായിരുന്നെങ്കിലും മരടിൽ ഇന്ന് കാണാൻ സാധിച്ചത് ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. ഫ്ലാറ്റുകൾ തകർക്കുന്നത് കാണാൻ നിരവധി പേർ സ്ഥലത്തേക്ക് ഒഴുകിയെത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ 11 മണി ആയിട്ടും ഫ്ലാറ്റ് പൊളിഞ്ഞ് വീഴാതായതോടെ ജനങ്ങൾ അക്ഷമരാകാൻ തുടങ്ങിയത്. ഫ്ളാറ്റിനെ ചുറ്റിപറ്റി വാർത്ത റിപ്പോർട്ട് ചെയാനെത്തിയ മാദ്ധ്യമസംഘങ്ങളിലും ആശങ്ക പടരാൻ തുടങ്ങി. സൈറൺ മുഴങ്ങിയിട്ടും എന്തുകൊണ്ടാണ് ഫ്ലാറ്റ് തകർന്നുവീഴാൻ വൈകുന്നതെന്നായിരുന്നു ഇവരുടെ ചോദ്യം.
തുടർന്ന് അധികം താമസിയാതെ തന്നെ ഈ ചോദ്യത്തിന് മറുപടി വന്നു. ഒന്നും രണ്ടും മൂന്നും സൈറണുകൾ ഉണ്ടെന്നും മൂന്നാമത്തെ സൈറൺ മുഴങ്ങിയ ശേഷം മാത്രമാണ് ഫ്ലാറ്റ് പൊളിക്കുക(ഇമ്പ്ലോഷൻ) എന്നും സ്ഥീരീകരണങ്ങളെത്തി. മാത്രമല്ല നാവിക സേനാവിഭാഗത്തിന്റെ ഹെലികോപ്റ്റർ ഫ്ളാറ്റിന് മുകളിലായി നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിനാൽ അവർ മാറിയ ശേഷം മാത്രമേ ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ ആരംഭിക്കൂ എന്നും വിവരം ലഭിച്ചു. തുടർന്നു പിന്നെയും കാത്തിരിപ്പിന്റെ നിമിഷങ്ങൾ.
ഏകദേശം 11:07നോടടുത്ത് രണ്ടാമത്തെ സൈറൺ മുഴങ്ങിയത്. അപ്പോഴേക്കും പരിസരം ചുറ്റിയിരുന്ന നാവികസേനാ ഹെലികോപ്ടറും മടങ്ങിപോയിരുന്നു. തുടർന്ന് മൂന്നാമത്തെ സൈറൺ മുഴങ്ങാൻ ഇനി നിമിഷങ്ങൾ മാത്രമെന്ന വാർത്തകൾ വനതോടെ ആൾകൂട്ടം വീണ്ടും ഉഷാറായി.
ആർപ്പുവിളികൾ അതിന്റെ പാരമ്യത്തിലേക്ക് എത്താൻ തുടങ്ങിയതോടെ അധികം താമസിയാതെ തന്നെ മൂന്നാമത്തെ സൈറണും മുഴങ്ങുകയായിരുന്നു. പിന്നെ അവശേഷിച്ചത് ഒരു നിമിഷം മാത്രം. അടുത്ത നിമിഷം അൽപം പോലും താമസമില്ലാത്തെ ഹോളി ഫെയ്ത്ത് നിലം പൊത്തുകയായിരുന്നു. ഇതിനായി എടുത്തതോ വെറും രണ്ട് സെക്കൻഡുകൾ മാത്രം. അപ്പോഴേക്കും സമയം ഏകദേശം 11:20 മണി കഴിഞ്ഞിരുന്നു.
തുടർന്ന് ജനങ്ങളിൽ നിന്നും ആവേശോജ്ജ്വലമായ ആർപ്പുവിളികൾ ഉയർന്നു. ശേഷം, പൊളിക്കാനുള്ള അടുത്ത ഫ്ലാറ്റായ അൽഫയിലേക്ക് എല്ലാവരുടെയും കണ്ണുകൾ നീണ്ടു. തുടർന്ന് ഏകദേശം 11:45ഓടെ അൽഫ വെഞ്ചേഴ്‌സ് ഫ്ലാറ്റും നിലംപൊത്തുകയായിരുന്നു.
ഫോട്ടോകൾ കാണാം
ഫോട്ടോകൾ: എൻ.ആർ സുധർമദാസ്, ശ്രീകുമാർ ആലപ്ര, മനു മംഗലശേരി, വിഷ്ണു കുമരകം, അനുഷ് ഭദ്രൻ, ജോഷ്വാൻ മനു, ദിനു പുരുഷോത്തമൻ.