കൊച്ചി: കേവലം നിമിഷങ്ങൾക്കുള്ളിൽ മരടിലെ രണ്ട് ഫ്ലാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുമാറ്റിയിരിക്കുന്നു. നിശ്ചയിച്ചുറപ്പിച്ച പോലെ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഫ്ലാറ്റുകളും നിലംപതിച്ചു. ഹോളി ഫെയ്ത്തിണ് ആദ്യം സ്ഫോടനം നടത്തിത്. തുടർന്ന് 11.43 ഓടെയാണ് ആല്‍ഫ സെറീനും തകർത്തു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ആല്‍ഫ സെറീന്റെ ടവറുകളും നിലംപതിച്ചത്. നിമിഷങ്ങൾക്കുള്ലിൽ കെട്ടിടങ്ങൾ തവിടുപൊടിയായി.
മരടിലെ സ്ഫോടനങ്ങൾക്കൊക്കെ പിന്നിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ വേണ്ടി ചുക്കാൻ പിടിച്ച ഒരാളുണ്ട്. ഫ്ലാറ്റുകളിലെ സ്ഫോടനം നിയന്ത്രിച്ചതും സുരക്ഷ ഒരുക്കിയതും പെട്രോളിയം ആൻഡ് എക്സ്‌പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ്. അതിനു നേതൃത്വം നൽകിയത് തൃശൂർ പൂരം വെടിക്കെട്ടിനു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡെപ്യൂട്ടി ചീഫ് കൺട്രോളർ എക്സ്‌പ്ലോസിവ്സ് ഡോ.ആർ.വേണുഗോപാലാണ്.
ജനങ്ങളെ വിഷമിപ്പിക്കാതെ ഫ്ലാറ്റ് പൊളിച്ചു നീക്കുകയാണു ലക്ഷ്യമെന്നു വേണുഗോപാൽ പറഞ്ഞിരുന്നു. സുരക്ഷയ്ക്ക് ഉയർന്ന പരിഗണന നൽകാൻ എല്ലാ മുൻകരുതലും എടുത്തു. ജനങ്ങളുടെ സുരക്ഷയ്ക്കു തന്നെയാണു പ്രാധാന്യമെന്നു വേണുഗോപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് കോടതികളിൽ തുടർച്ചയായി കേസ് വരികയും അപകടങ്ങൾ ചൂണ്ടിക്കാട്ടി വെടിക്കെട്ടു റദ്ദാക്കണമെന്നു പലരും വാദിക്കുകയും ചെയ്തപ്പോൾ രക്ഷകനായി എത്തിയത് വേണുഗോപാലാണ്. 16 വർഷമായി പൂരം വെടിക്കെട്ടിനു അന്തിമാനുമതി നൽകുന്നത് ഇദ്ദേഹമാണ്. പൂരം വെടിക്കെട്ടിന്റെ ശക്തി കുറയ്ക്കുകയും എല്ലാം സുരക്ഷാ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യാൻ വേണുഗോപാൽ നൂറുകണക്കിനു യോഗങ്ങളാണ് നടത്തിയത്.
പൂരംവെടിക്കെട്ട് സംബന്ധിച്ച് നാടൻ വെടിക്കെട്ടുപകരണങ്ങൾ ഉപയോഗിക്കുന്നതിന് എതിരെയും ശക്തമായ നീക്കം നടന്നിരുന്നു. ഗുണ്ട്, കുഴിമിന്നൽ, ഡെെന പോലുള്ള നാടൻ വെടിക്കോപ്പുകൾ ഉണ്ടാക്കുന്നതു വിദഗ്ദ്ധ പാരമ്പര്യ തൊഴിലാളികളാണെന്നും ഇവരെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിന്റെ പിറകിൽ വേണുവിന്റെ തുടർച്ചയായ ഇടപെടലുകളുണ്ടായിരുന്നു.