pa

ന്യൂഡൽഹി: സുഹ‌ൃത്തിനെ യൂണിവേഴ്സിറ്റി വൈസ്ചാൻസിലറായി നിയമിക്കാൻ ഗവർണർക്ക് വ്യാജ ഫോൺ വിളിച്ച മുതിർന്ന ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. എയർ ഫോഴ്സ് വിംഗ് കമാൻഡർ കുൽദീപ് ബാഗേലയെയും,​ സുഹൃത്ത് ചന്ദ്രശേഖര കുമാർ ശുക്ലയെയുമാണ് മധ്യപ്രദേശിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്ത‌ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നും,​ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റാണെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് ബാഗേലയും,​ ശുക്ലയും വ്യാജഫോൺ വിളിച്ചതെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അഡീഷണൽ ‌‌ഡയറക്ടർ ജനറൽ വ്യക്തമാക്കി.


കുൽദീപ് ബാഗേലയുടെ സുഹൃത്തും ഭോപ്പാലിലെ ‌ഡെന്റിസ്റ്റുമായ ചന്ദ്രശേഖര കുമാർ ശുക്ലയെ,​ ജബൽപൂരിലുള്ള മധ്യപ്രദേശ് മെഡിക്കൽ സയൻസ് യൂണിവേഴ്സിറ്റി വൈസ്ചാൻസിലറായി നിയമിക്കാനാണ് വ്യാജ ഫോൺ കോൾ വിളിച്ചത്.

മധ്യപ്രദേശ് മെഡിക്കൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തസ്തികയിലേക്ക് നിയമന നടപടികൾ ആരംഭിച്ചപ്പോൾ ചന്ദ്രശേഖര കുമാർ അപേക്ഷ നൽകിയിരുന്നു.സർവകലാശാലയുടെ വി.സി ആകാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് ശുക്ല,​ ബാഗേലയെ പലതവണ ബന്ധപ്പെട്ടിരുന്നു. ചില മുതിർന്ന നേതാക്കൾ തന്റെ പേര് ശുപാർശ ചെയ്താൽ ജോലി ലഭിക്കുമെന്ന് ശുക്ല പറഞ്ഞിരുന്നെന്നും സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അഡീഷണൽ ‌‌ഡയറക്ടർ ജനറൽ വ്യക്തമാക്കി.

പിന്നീട് ഇരുവരും ഗൂഢാലോചന നടത്തി സംസ്ഥാന ഗവർണർ ലാൽജി ടണ്ടനെ വിളിച്ചു. ശുക്ല അമിത് ഷായുടെ പി‌.എ ആയി വേഷമിട്ടപ്പോൾ ബാഗേല കേന്ദ്ര ആഭ്യന്തരമന്ത്രിയായി ആൾമാറാട്ടം നടത്തി ഗവർണറുമായി സംസാരിക്കുകയായിരുന്നു.