സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ഇപ്പോഴിതാ സ്റ്റീഫൻ നെടുമ്പള്ളിയുമായി തനിക്ക് സാമ്യമുണ്ടെന്ന് പലരും പറഞ്ഞതായി രാഷ്ട്രീയ നേതാവ് പി.സി ജോർജ് വ്യക്തമാക്കുന്നു.
‘ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി. ആ കഥാപാത്രത്തിന് ഒരു പി.സി ജോർജ് കട്ടുണ്ടെന്ന് പലരും പറഞ്ഞു. പക്ഷെ ഇതുവരെ ഞാൻ ആ പടം കണ്ടില്ല. പലരും പറഞ്ഞു ഈ അഭിപ്രായം. പി.സി ജോർജിനെ അതേപടി സൃഷ്ടിച്ചുവച്ചിരിക്കുകയാണ് എന്നൊക്കെ. സിനിമ കണ്ട് കഴിഞ്ഞാൽ ഞാൻ അഭിപ്രായം പറയും.
മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും കേരളത്തിൽ തമിഴ് നടൻ വിജയ് ക്ക് ആരാധകരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘വിജയ് യെ ടി.വി കാണുന്നതല്ലാതെ എനിക്ക് വലിയ പരിചയമില്ലായിരുന്നു. അവരുടെ ഫാൻസ് അസോസിയേഷന്റെ പരിപാടി വരണം എന്ന് പറഞ്ഞ് പത്തിരുപത് പിള്ലേർ വന്നു. ഞാൻ അവിടെ ചെന്നു. ആയിരക്കണക്കിന് ചെറുപ്പക്കാർ വിജയ് യുടെ പടം വച്ച് അതിലൂടെ പാലൊഴിക്കുന്നു. ഇതുപോലെ ജനങ്ങളെ സ്വാധീനിക്കാൻ എങ്ങനെ കഴിയുന്നു.
ഇത് എല്ലാവർക്കും കഴിയില്ല. വിജയിയെപ്പോലെയുള്ള മാന്യന്മാർക്കേ കഴിയൂ. വിജയ്‌യെപ്പറ്റി ഞാൻ പഠിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. വലിയ പരോപകാരിയാണ്. സാമൂഹിക പ്രവർത്തകനാണ്. സഹാനുഭൂതിയും ദീനാനുകമ്പയും ഉള്ളവനാണ്. അതുപോലെ ഫാൻസ് അസോസിയേഷൻ അവർ കൈയ്യിൽ നിന്ന് കാശ് മുടക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ അതിലെ ഒരംഗത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അദ്ദേഹം ആ സ്ഥലത്ത് ചെന്ന് അന്വേഷിക്കും. നല്ല നടൻ. അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.’ 'ഓൺലൈൻ പീപ്പ്സ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പി.സി. ജോർജ് പറഞ്ഞു.