കൊച്ചി: തീരദേശനിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞ എല്ലാ താമസക്കാർക്കും നഷ്ടപരിഹാരതുക ലഭിച്ചില്ലെന്ന് സംവിധായകനും ഫ്ലാറ്റുടമകളിൽ ഒരാളുമായ മേജർ രവി പറഞ്ഞു. എനിക്ക് കിട്ടിയോ എന്നല്ല, ഇതിനകത്ത് താമസിച്ച ആൾ എന്ന നിലയിൽ എല്ലാവർക്കും നഷ്ടപരിഹാര തുക കിട്ടുന്നതുവരേയ്ക്കും നമ്മൾ ആരും സന്തോഷവന്മാരല്ല. ഫ്ലാറ്റുകളിൽ നിന്നൊഴിഞ്ഞ എല്ലാവർക്കും പണം കിട്ടിക്കഴിഞ്ഞാൽ ഞങ്ങൾ സന്തോഷവാന്മാരായിരിക്കുമെന്നും മേജർ രവി കേരളകൗമുദിയോട് പറഞ്ഞു.
'നഷ്ടപരിഹാര തുക കിട്ടിക്കഴിഞ്ഞാൽ അതുകൊണ്ട് ചിലർക്ക് ഉപകാരമുണ്ട്. ഇന്നലെയാണ് പത്ത് മുപ്പത്തിയഞ്ചുപേർക്ക് പണം കൊടുത്തിരിക്കുന്നത്. അത് കഴിഞ്ഞ് ഇനിയും കിട്ടാത്തവരുണ്ട്. ഇത് പൊളിഞ്ഞുവീണാൽ പിന്നെ അരെങ്കിലും തിരിഞ്ഞുനോക്കുമോ ഞങ്ങളെ. അതുകൊണ്ട് ഇക്കാര്യങ്ങളൊക്കെ കമ്മിഷനെ കണ്ട് പറഞ്ഞിട്ടുണ്ട്. എന്താവും എന്നതുള്ളത് ആ സമയത്ത് കാണാം'- മേജർ രവി പറഞ്ഞു.
മരടിലെ രണ്ട് ഫ്ലാറ്റുകൾ ഇന്ന് രാവിലെയോടെ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. രാവിലെ 11.19ഓടെ ഹോളിഫെയ്ത്തും 11.44ഓടെ ആൽഫയും നിലംപതിക്കുകയായിരുന്നു. ഇതിനിടെ ഹോളിഫെയ്ത്തിന്റെ കെട്ടിടാവശിഷ്ടങ്ങൾ കായലിലേക്ക് പതിച്ചു. ദിവസങ്ങളോളം നീണ്ട തയാറെടുപ്പുകൾ ഉണ്ടായിരുന്നെങ്കിലും മരടിൽ ഇന്ന് കാണാൻ സാധിച്ചത് ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. ഫ്ലാറ്റുകൾ തകർക്കുന്നത് കാണാൻ നിരവധി പേർ സ്ഥലത്തേക്ക് ഒഴുകിയെത്തിയിരുന്നു.