ക്വലാലംപൂർ: ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിയെത്താനുള്ള സഹായം ചെയ്തുതരാമെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വക്താവ് തന്നെ സമീപിച്ചിരുന്നതായി വിവാദ ഇസ്‌ലാമിക് മതപ്രഭാഷകൻ സാക്കിർ നായിക്ക്. ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിക്കുകയാണെങ്കിലാണ് ഇങ്ങനെയൊരു സഹായം ചെയ്തുതരികയെന്ന് ഈ വക്താവ് പറഞ്ഞതായും നായിക്ക് തുറന്നടിച്ചു.
മോദിയുടെയും ഷായുടെയും വ്യക്തമായ നിർദ്ദേശപ്രകാരമാണ് താൻ കാണാൻ എത്തിയതെന്ന് വക്താവ് പറഞ്ഞു. കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിക്കുകയാണെങ്കിൽ നായിക്കിനെതിരെ നിലനിൽക്കുന്ന കേസുകളെല്ലാം പിൻവലിക്കാം. മണിക്കൂറുകൾ നീണ്ട ഈ കൂടിക്കാഴ്ചയാണ് നടന്നത്. സാക്കിർ നായിക്ക് പറയുന്നു.
2019 സെപ്തംബറിലാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വക്താവ് തന്നെ കാണാനായി എത്തിയത്. നായിക്ക് ചൂണ്ടിക്കാട്ടി. മറ്റൊരു ഇസ്‌ലാമിക മതപ്രഭാഷകനായ യാസിർ ഖാദി നായിക്കിനെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന് മറുപടിയായി ഒരു വീഡിയോയിലൂടെയാണ് സാക്കിർ നായിക്ക് ഇക്കാര്യം പറയുന്നത്.
കേന്ദ്ര സർക്കാരും നായിക്കും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇല്ലായ്മ ചെയ്യണമെന്നും, മുസ്ലിം രാജ്യങ്ങളുമായുള്ള കേന്ദ്രത്തിന്റെ ബന്ധം ശക്തിപ്പെടുത്താൻ താൻ തന്റെ 'ബന്ധങ്ങൾ' ഉപയോഗപ്പെടുത്തണമെന്ന് വക്താവ് ആവശ്യപ്പെട്ടതായും സാക്കിർ നായിക്ക് പറഞ്ഞു. കേന്ദ്ര സർക്കാറിനെയും മോദിയെയും ഒരിക്കലും വിമർശിക്കാൻ പാടില്ല. എന്നാൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) പോലുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെ വിമർശിക്കാവുന്നതാണ്. വക്താവ് തന്നോട് പറഞ്ഞതായി നായിക്ക് വെളിപ്പെടുത്തി.
എന്നാൽ താൻ ഈ നിർദ്ദേശത്തെ എതിർത്തുവെന്നും ആർട്ടിക്കിൾ 370 എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർക്കുന്നയാളാണ് താനെന്നും നായിക് വ്യക്തമാക്കുന്നു. ഇന്ത്യയിൽ മുസ്ലിം നേതാക്കൾ പൗരത്വ നിയമഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിക്കാൻ കേന്ദ്ര സർക്കാരിനാൽ നിർബന്ധിക്കപ്പെടുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സാക്കിർ നായിക്ക് വീഡിയോ അവസാനിപ്പിക്കുന്നത്. 2016ൽ തനിക്കെതിരെയുള്ള കേസുകൾ മൂലം നായിക്ക് മലേഷ്യയിലേക്ക് നാടുവിട്ടിരുന്നു.