ഇന്നു പെയ്യേണ്ടതായ മഴ നാളേക്കു പെയ്യുന്നതിനായി മാറ്റി വയ്ക്കപ്പെടുന്നില്ല. ഇന്നു വിരിയേണ്ടതായ ഒരു പൂമൊട്ടും നാളേക്കു വിരിയുന്നതിനായി മാറ്റിവയ്ക്കപ്പെടുന്നില്ല. ഇന്നുണ്ടാവേണ്ടതായ കാറ്റും തീയും പിന്നീട് ഒരവസരത്തിലേക്കായി മാറിപ്പോകുന്നുമില്ല. പ്രകൃതിയുടെ ഈ ഭാവങ്ങളെല്ലാം സൂചിപ്പിക്കുന്നത് പ്രകൃതിയുടെ ഉടയാടകളായിരിക്കുന്ന പഞ്ചഭൂതങ്ങളും അതിന്റെ സൃഷ്ടിജാലങ്ങളും അതാതിന്റെ കൃത്യനിർവഹണങ്ങളിൽ നിന്നും അണുവിടപോലും വ്യതിചലിച്ചുപോകുന്നില്ല എന്നതാണ്.
ഒന്നോർത്തുനോക്കിയാൽ ഈ കൃത്യനിർവഹണങ്ങളാണു പ്രകൃതിയുടെ പ്രകൃതത്തെ പരിപാലിച്ചും നിലനിറുത്തിയും പരിപോഷിപ്പിച്ചും പോരുന്നത് . എന്നാൽ ആരാണ് ഈ പഞ്ചഭൂതങ്ങളെയെല്ലാം തനിച്ചാക്കിയും പരസ്പരം കൂട്ടിയിണക്കിയും അതാതിന്റെ കൃത്യനിർവഹണത്തിനു പാകമാക്കുന്നതെന്നു ചിന്തിച്ചാൽ ഒരു കാര്യം വ്യക്തമാകും. അതായത് പ്രകൃതിയുടെ സ്വഭാവമെന്നതു മാറ്റമാണ്. ആ മാറ്റത്തിനു ഇടമൊരുക്കേണ്ടതായ യാതൊന്നിനും അവയുടെ കൃത്യനിർവഹണങ്ങളിൽ നിന്നും മാറിപ്പോകാനോ അതിൽ മാറ്റം വരുത്താനോ സാദ്ധ്യമാകാത്ത വിധമാണ് പ്രകൃതി അതിന്റെ എല്ലാ ഭാവങ്ങളെയും വിഭവങ്ങളെയും ഇണക്കിയും ഒരുക്കിയും വെച്ചിരിക്കുന്നതെന്ന്.
പ്രകൃതിയുടെ ഈ നിയാമകത്വത്തെ പൂർണമായും ഉൾക്കൊണ്ടും അതിനു വിധേയമായുമല്ലാതെ യാതൊന്നിനും ഇവിടെ നിലകൊള്ളാനാവില്ല എന്നതാണ് സത്യം. അതിന്റെ തുറന്ന വെളിപാടുകളാണു കാറ്റും തീയും വായുവും ആകാശവും ജലവുമൊക്കെത്തന്നെ അനുഷ്ഠിച്ചുപോരുന്നതെന്നറിയണം. എന്നാൽ പ്രകൃതിയുടെ ഈ ഭാവത്തിനും നിർണയത്തിനും അനുസരിച്ച് കൃത്യനിർണയവും കൃത്യനിർവഹണവും നടത്തുന്നതിൽ വീഴ്ചവരുത്തുന്നത് ഈശ്വരൻ ബുദ്ധിയും വിവേകവും സമ്പത്തായി നല്കിയിട്ടുള്ള മനുഷ്യൻ മാത്രമാണെന്നു കാണാം. കാറ്റ് വീശേണ്ടപ്പോൾ വീശുന്നു. മഴ പെയ്യേണ്ടപ്പോൾ പെയ്യുന്നു. അഗ്നി പിടിക്കേണ്ടപ്പോൾ പിടിക്കുന്നു. ജലം ഒഴുകേണ്ടപ്പോൾ ഒഴുകുന്നു. പൂക്കൾ വിരിയേണ്ടപ്പോൾ വിരിയുന്നു. പറവകൾ പറക്കേണ്ടപ്പോൾ പറക്കുന്നു. നക്ഷത്രങ്ങൾ ഉദിക്കേണ്ടപ്പോൾ ഉദിക്കുന്നു. ഇങ്ങനെ പ്രകൃതിയിലുള്ളവയെല്ലാം അവയുടെ കൃത്യനിഷ്ഠകളിൽ മുഴുകി അതതു കൃത്യങ്ങളെ നിർവഹിക്കുമ്പോൾ മനുഷ്യൻ എന്തുകൊണ്ടാണ് അവന്റെ കൃത്യങ്ങളെ മറ്റൊരവസരത്തിലേക്കായി പലപ്പോഴും മാറ്റിക്കൊണ്ടു പോകുന്നത്?
ഇന്നു ചെയ്യേണ്ടതിനെ നാളെ ചെയ്യാനായും ഇന്നു ചിന്തിക്കേണ്ടതിനെ നാളെ ചിന്തിക്കാനായും ഇന്നു പോകേണ്ടിടത്ത് നാളെ പോകാനായും ഇന്നു പഠിക്കേണ്ടത് നാളെ പഠിക്കാനായും ഇന്നു പറയേണ്ടത് നാളെ പറയാനായും ഇന്നു കാണേണ്ടത് നാളെ കാണാനായും മാറ്റിവയ്ക്കുന്ന ശീലം മാറ്റാനാവാത്ത വിധം മനുഷ്യൻ ഇന്നു മാറിയിരിക്കുകയാണ്. ഈ മാറ്റിവയ്ക്കൽ എന്ത് കാര്യത്തിലായാലും പ്രകൃതിയുടെ സഹജതയോടുള്ള നഗ്നമായ ലംഘനമാണ്.
ഈശ്വരൻ മനുഷ്യന് ബുദ്ധിയും വിവേകവും ഓർമ്മശക്തിയും ചിന്താശീലവും അറിവുമൊക്കെ നല്കിയിരിക്കുന്നത് കർത്തവ്യങ്ങളെ ശീഘ്രമായും യഥോചിതമായും നിർവഹിക്കുന്നതിനായിട്ടാണ്. അതല്ലാതെ കർത്തവ്യങ്ങളെ മാറ്റി വയ്ക്കുന്നതിനായിട്ടല്ല. കാരണം മനുഷ്യന് അവന്റെ ജീവിതത്തിൽ ഉള്ളത് വർത്തമാനകാലം മാത്രമാണ്. നാളെ എന്നത് ഒരു സ്വപ്നവും അത് ഒരിക്കലും വന്നു ചേരാത്തതും മനുഷ്യന്റെ പക്കൽ ഇല്ലാത്തതുമായ ഒന്നാണ്. ഇങ്ങനെ ഇല്ലാത്ത ഒന്നിലേക്ക് കർത്തവ്യങ്ങളെ മാറ്റിവയ്ക്കുകയെന്നാൽ ഉള്ള ഒന്നിനെ സ്വയം നഷ്ടപ്പെടുത്തുക കൂടിയാണെന്നർത്ഥം. എന്താണ് ഇവിടെ ഉള്ളത്? അതു നമ്മൾ ജീവിച്ചിരിക്കുന്ന ഈ വർത്തമാനകാലമാണ്. പക്ഷേ മനുഷ്യൻ വളരെവേഗം മറന്നുപോകുന്നതും വർത്തമാനകാലം എന്ന ഈ യാഥാർത്ഥ്യത്തെയാണ്. പറന്നുകൊണ്ടിരിക്കുന്ന ഒരു പക്ഷി പറക്കൽ മറന്നുപോയാൽ എന്തു സംഭവിക്കുമോ അതു തന്നെയാണു വർത്തമാനകാലം വിസ്മരിക്കുന്നതുമൂലം മനുഷ്യനു അവന്റെ ജീവിതത്തിലും സംഭവിക്കുന്നത്.
നാളെ ഒരു കാര്യം ചെയ്യുമെന്നു ആരും തീർത്തു പറയരുതെന്നു ഖുർ ആൻ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ശീഘ്രകർത്തവ്യകൃത്തായിരിക്കാൻ ഗുരുദേവതൃപ്പാദങ്ങളും ഉപദേശിക്കുന്നു. പക്ഷേ നമ്മൾ എല്ലാം നാളെയിലേക്ക് മാറ്റിവച്ച് വരാത്തൊരു കാലത്തെ സ്വപ്നം കാണുകയാണ്. കൈയിലില്ലാത്ത പണം ചെലവഴിക്കുന്നുവെന്നു പറഞ്ഞാൽ അതിലെ വ്യാജപൊരുൾ എത്രയോ അത് തന്നെയാണ് ഇതിനുമുള്ളത്.
ഒരിക്കൽ പ്രജാതത്പരനായിരുന്ന ഒരു രാജാവ് തന്റെ മന്ത്രിയെ വിളിച്ച് നാളെ എന്നത് ഉള്ളതോ ഇല്ലാത്തതോ എന്നൊരു സംശയം ചോദിച്ചു. ആലോചിച്ചിട്ട് നാളെ ഒരു മറുപടി പറയാമെന്ന് പറഞ്ഞ് മന്ത്രി സ്ഥലം വിട്ടു. നേരേ തന്റെ ആചാര്യന്റെയടുത്തെത്തി സംശയനിവൃത്തി വരുത്താമെന്നു കരുതിയായിരുന്നു മന്ത്രി അങ്ങനെ പറഞ്ഞത്. പക്ഷേ അടുത്ത കുറേ ദിവസങ്ങളിലേക്ക് അദ്ദേഹത്തിന് ആ ആചാര്യനെ കണ്ടെത്താനായില്ല. ഓരോ ദിവസവും രാജാവ് ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം മന്ത്രിയും തന്റെ പഴയ മറുപടി തന്നെ ആവർത്തിച്ചു.
ഒടുവിൽ രാജാവ് ക്രുദ്ധനായി ഇന്നുതന്നെ ചോദ്യത്തിനുത്തരം പറയണമെന്നു കല്പിച്ചു. മന്ത്രി ആകെ കുഴങ്ങി. എങ്കിലും പെട്ടെന്നൊരുത്തരം അദ്ദേഹത്തിന്റെ ബുദ്ധിയിൽ തെളിഞ്ഞുവന്നു. മന്ത്രി മെല്ലെ പറഞ്ഞു. നാളെ എന്നത് അവിടുത്തേക്കുള്ളതും ഇവിടുത്തേക്ക് ഇല്ലാത്തതുമാണ്.
അതെങ്ങനെയെന്നായി രാജാവ്. അപ്പോൾ മന്ത്രി വിനീതനായി പറഞ്ഞു. ''ഇന്നു പറയേണ്ടത് ഇന്നു പറയാതിരിക്കുകയും നാളെ പറയാമെന്നു കള്ളം പറയുകയും ചെയ്ത എന്നെ അങ്ങ് നാളെ തുറുങ്കിലടയ്ക്കുകയോ വധിക്കുകയോ ചെയ്യുമെന്നതുറപ്പാണ്. അപ്പോൾ പിന്നെ എനിക്കു എങ്ങനെയാണ് മഹാരാജൻ നാളെ എന്ന ഒന്നുള്ളത്.""
ശിക്ഷ പ്രതീക്ഷിച്ചുനിന്ന മന്ത്രിയെ നോക്കി രാജാവ് ചിരിച്ചു. എന്നിട്ടു പറഞ്ഞു.
''മന്ത്രീ, ഞാനും താനും ഈ പ്രകൃതിയിലെ സർവചരാചരങ്ങളും ജീവിച്ചിരിക്കുന്നത് ഒരേ കാലത്താണ്. അതാണു വർത്തമാനകാലം. അതല്ലാതുള്ള ഒരു കാലവും നമ്മുടെ ജീവിതത്തിലില്ല. അതുകൊണ്ട് ഇന്നു ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യുക. കൈയിലിരിക്കുന്ന പണം മാത്രമേ നമുക്ക് ചെലവാക്കാനാവൂ എന്നതുപോലെ.""
ഇതുകേട്ടു മന്ത്രിയുടെ മനസ് തെളിഞ്ഞു. അതുപോലെ നമ്മുടെയും മനം തെളിയണം. അതിനു നീ തന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറല്ലഎന്ന തൃപ്പാദങ്ങളുടെ വചനാമൃതം കൊണ്ടൊരു വിളക്കൊരുക്കിവയ്ക്കണം. അതിനായാൽ അതിൽപ്പരം ജീവിതത്തെ തെളിച്ചു വെയ്ക്കുന്ന മറ്റൊരു വെളിച്ചമില്ലെന്നു ബോദ്ധ്യപ്പെടും.