maradu-flat

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം. ഫ്ളാറ്റ് പൊളിക്കൽ ആദ്യദിനദൗത്യം വിജയമെന്ന് എറണാകുളം കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു. തൊട്ടടുത്ത് വീടുകൾ ഉള്ളതിനാൽ ആല്‍ഫയുടെ ഒരുഭാഗം കായലില്‍ മനഃപൂർവം വീഴ്ത്തിയതാണെന്നും കലക്ടർ വ്യക്തമാക്കി.

ചുറ്റുമുളള കെട്ടിടങ്ങള്‍ക്കോ വീടുകള്‍ക്കോ കേടുപാടുകളോ, മറ്റു അത്യാഹിതമോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കലക്ടർ പറഞ്ഞു. എല്ലാം തീരുമാനിച്ച പോലെ തന്നെ നടന്നു. ആദ്യ ഫ്ളാറ്റായ എച്ച് ടു ഒ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെയാണ് നിലംപൊത്തിയത്. ആല്‍ഫയിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളുടെ കെട്ടിടാവിശിഷ്ടങ്ങളില്‍ ഒരു ഭാഗം കായലില്‍ പതിക്കുന്ന തരത്തിലാണ് സ്‌ഫോടനം തീരുമാനിച്ചിരുന്നത്.

ചുറ്റുപാടുമുളള വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ ഒരു ഭാഗം കായലില്‍ വീഴുന്ന രീതിയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത്. വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയും പറഞ്ഞു. ചെറിയ കേടുപാടുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഉണ്ടായത് ഒരുശതമാനം മാത്രമാണെന്നും ഇരുവരും പ്രതികരിച്ചു.

എച്ച് ടു ഒ ഫ്ലാറ്റ് വീണ് 28 മിനിറ്റിനുശേഷമാണ് മീറ്ററുകള്‍ അകലെയുളള ആൽഫ ഫ്ലാറ്റില്‍ സ്ഫോടനം നടന്നത്. സമീപത്ത് വീടുകളുളളതിനാല്‍ ഒരു ഭാഗം കായലിലേക്ക് ചെരിച്ചാണ് രണ്ട് ടവറുകളും വീഴ്ത്തിയത്. എന്നാല്‍,​ എച്ച്.ടു.ഒ പോലെ കോണ്‍ക്രീറ്റ് പൂര്‍ണമായി തകര്‍ന്നില്ല. ആൽഫയുടെ പരിസരത്തും വീടുകള്‍ക്ക് നാശമില്ലെന്നാണ് വിവരം.