naravane

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സൈന്യം ഏതുസമയത്തും തയ്യാറാണെന്ന് കരസേനാ മേധാവി. സാങ്കേതികപരവും, സങ്കീർണ്ണവുമായ ഭാവി യുദ്ധങ്ങൾക്ക് സൈന്യത്തെ സജ്ജമാക്കുന്നതിനാവശ്യമായ പരിശീലമാണ് സേനയ്ക്ക് നൽകുന്നതെന്നും കരസേനാ മേധാവി എം എം നരവാനെ പറഞ്ഞു.

വടക്കൻ അതിർത്തിയിലെ വെല്ലുവിളികളെ നേരിടാൻ ഞങ്ങൾ തയ്യാറാണ്. സൈന്യത്തിനകത്തും ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തും. മൂന്ന് സേനകളുടെയും സംയുക്ത ഗ്രൂപ്പ് അതിന്റെ ഒരു ഉദാഹരണം മാത്രമാണ്. സംയുക്തസേന മേധാവി സ്ഥാനം മൂന്ന് സേനകളുടെയും സംയോജനത്തിനുള്ള ഒരു വലിയ ചുവടുവെപ്പാണ്. ഇതിലൂടെ കരസേന അതിന്റെ വിജയം ഉറപ്പാക്കുമെന്നും നരവാനെ പറഞ്ഞു. ജനറൽ ബിപിൻ റാവത്താണ് നിലവിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി. കര- നാവിക- വ്യോമസേനയുടെ പ്രവർത്തനങ്ങൾ ഒന്നിപ്പിക്കാനും,​ രാജ്യത്തിന്റെ സൈനിക വൈദഗ്ദ്ധ്യം വർധിപ്പിക്കാനുമാണ് പ്രതിരോധ മേധാവിയെ നിയോഗിച്ചത്.

ഇന്ത്യൻ ആർമി ഒരു പ്രൊഫഷണൽ സേനയാണ്. അതിർത്തിയിലും,​ പോരാട്ടത്തിലും ധാർമ്മികതയോടും സമാധാനത്തോടുമാണ് സേന പ്രവർത്തിക്കുന്നത്. ഭരണഘടനയിലെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ സൈന്യത്തെ നയിക്കും. ഭരണഘടനയോടുള്ള കൂറ് എല്ലായ്പ്പോഴും സൈന്യത്തെ നേരായി നയിക്കുമെന്നും നരവാനെ പറഞ്ഞു