tejas

ന്യൂഡൽഹി : ഇന്ത്യ സ്വന്തമായി നിർമ്മിച്ച ലഘു യുദ്ധ വിമാനം (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് - എൽ‌.സി‌.എ ) തേജസിന്റെ നാവിക സേനാ പതിപ്പ് വിമാനവാഹിനിക്കപ്പലായ ഐ. എൻ. എസ് വിക്രമാദിത്യയിൽ വിജയകരമായി 'അറസ്റ്റഡ് ലാൻഡിംഗ്' നടത്തി. തേജസ് ആദ്യമായാണ് വിമാനവാഹിനിക്കപ്പലിൽ ഇറങ്ങുന്നത്.

ചെറിയ റൺവേയിൽ വിമാനത്തെ വടത്തിന്റെ സഹായത്തോടെ പൊടുന്നനെ പിടിച്ചു നിറുത്തുന്ന സങ്കേതമാണ് അറസ്റ്റഡ് ലാൻഡിംഗ്.

അറബിക്കടലിൽ കിടക്കുന്ന ഐ‌.എൻ‌.എസ് വിക്രമാദിത്യയുടെ ഡെക്കിൽ ഇന്നലെ രാവിലെ 10.02 നാണ് തേജസ് എം. കെ - 1 വിമാനം ഇറങ്ങിയത്. കമ്മഡോർ ജയ്‌ദീപ് മവ്‌ലങ്കർ ആണ് കന്നി ലാൻഡിംഗ് നടത്തിയത്. തേജസ് ഈ സങ്കേതം സെപ്റ്റംബറിൽ കരയിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. ഗോവയിലെ നാവികസേനാ പരിശീലന കേന്ദ്രത്തിലായിരുന്നു പരീക്ഷണം. മണിക്കൂറിൽ 224 കിലോമീറ്റർ വേഗതയിൽ ലാൻഡ് ചെയ്‌ത തേജസിനെ രണ്ട് സെക്കൻഡിലാണ് നിശ്ചലമാക്കിയത്. അന്നും മവ്‌ലങ്കറായിരുന്നു വിമാനം പറത്തിയത്.

റഷ്യ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇതുവരെ വിമാനവാഹിനിക്കപ്പലിൽ അറസ്റ്റഡ് ലാൻഡിംഗ് സങ്കേതം ഉണ്ടായിരുന്നത്.

ഇതോടെ വിമാനവാഹിനിക്കപ്പലിൽ നിന്ന് സ്വന്തം യുദ്ധവിമാനത്തെ ഉപയോഗിക്കാനുള്ള ശേഷിയും ഇന്ത്യ കൈവരിച്ചു. വിമാനവാഹിനിക്കപ്പലിന്റെ ഡെക്കിൽ നിന്ന് ഓപ്പറേറ്റ് ചെയ്യാൻ കഴിവുള്ള പുതിയ ഇരട്ട എൻജിൻ യുദ്ധവിമാനങ്ങളും ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. നിലവിൽ റഷ്യൻ മിഗ് -29കെ വിമാനങ്ങളാണ് വിക്രമാദിത്യയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.

അറസ്റ്റഡ് ലാൻഡിംഗ്

ചെറിയ റൺവേയിൽ യുദ്ധവിമാനം ഇറങ്ങാനുള്ള സങ്കേതം

റൺവേയിൽ കുറുകെ ഒരു ഉരുക്കു വടം ഘടിപ്പിച്ചിരിക്കും

വിമാനത്തിനടിയിൽ വാലിനടുത്തായി കൊളുത്തുണ്ടാകും

വിമാനം ഇറങ്ങുമ്പോൾ ഈ കൊളുത്ത് വടത്തിൽ ഉടക്കും

മുന്നോട്ട് കുതിക്കുന്ന വിമാനം പിടിച്ചുകെട്ടിയപോലെ നിൽക്കും

കരയിൽ യുദ്ധവിമാനത്തിന് 1000 മീറ്ററെങ്കിലും റൺവേ വേണം

വിമാനവാഹിനിയിൽ ചെറിയ റൺവേ ആയതിനാൽ അറസ്റ്റഡ് ലാൻഡിംഗ്

ടേക്കോഫിന് 200 മീറ്ററും ലാൻഡിംഗിന് 100 മീറ്ററും മതി.