qaboos-bin-said

മസ്‌കറ്റ്: ആധുനിക ഒമാന്റെ പിതാവെന്നറിയപ്പെട്ട ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് (79) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായിരുന്നു. ബെൽജിയത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനിൽ തിരിച്ചെത്തിയത്.

49 വർഷത്തോളം ഒമാന്റെ ഭരണാധികാരിയായിരുന്നു. ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന അറബ് ഭരണാധികാരിയാണ്.

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായിരുന്നു. സഹോദരങ്ങളും മക്കളും ഇല്ല.

ഒമാൻ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിലാണ്. 40 ദിവസം ദേശീയ പതാക താഴ്‌ത്തി കെട്ടും.

സ്ഥാനാരോഹണത്തിന് ശേഷം സുൽത്താന്റെ ആദ്യ നടപടി രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. 'മസ്‌കറ്റ് ആൻഡ് ഒമാൻ" എന്ന പേരുമാറ്റി 'സുൽത്താനേറ്റ് ഓഫ് ഒമാൻ" എന്നാക്കി. ഒമാനിലെ പരമാധികാരി എന്നതിന് പുറമെ, പ്രധാനമന്ത്രി, സൈനിക തലവൻ, പ്രതിരോധ മന്ത്രി, ധനമന്ത്രി, വിദേശകാര്യമന്ത്രി എന്നീ പദവികളും വഹിച്ചിരുന്നു.

ശാന്തിയുടെയും സമാധാനത്തിന്റെയും മാതൃകയായ ഒമാൻ ജനങ്ങളുടെ ക്ഷേമവും വികസനവും ഉറപ്പാക്കി.വിദേശികൾക്ക് തൊഴിൽ സാഹചര്യം ഒരുക്കി. ഗൾഫിലെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. അമേരിക്ക - ഇറാൻ ആണവ കരാറിലും നിർണായക പങ്ക് വഹിച്ചു.