mistry

റഷ്യൻ സാഹിത്യകാരൻ ഐസക്ക് അസിമോവിന്റെ, യന്ത്രമനുഷ്യർ പ്രധാന കഥാപാത്രങ്ങളായി വരുന്ന, കഥാപുസ്തകങ്ങളിലൂടെയാണ് മനുഷ്യൻ ആദ്യമായി റോബോട്ടുകളെക്കുറിച്ചും മനുഷ്യസമൂഹത്തിൽ അവ നടത്താൻ സാദ്ധ്യതയുള്ള ഇടപെടലുകളെ കുറിച്ചും ആദ്യമായി ചിന്തിക്കുന്നത്. ഇതിനുശേഷം സിനിമയിലും മറ്റുമായി റോബോട്ടുകൾ മുഖ്യധാരയിൽ ഇടപെടാൻ ആരംഭിച്ചു.

ചിലപ്പോഴൊക്കെ മനുഷ്യന്റെ സുഹൃത്തായും, മറ്റുചിലപ്പോൾ അവനെ ഇല്ലാതാക്കാൻ നടക്കുന്ന ശത്രുവായും റോബോട്ടുകൾ അരങ്ങുവാണു. കണ്ടാൽ മനുഷ്യനിൽ നിന്നും വേർതിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള, 'ജീവനുറ്റ' റോബോട്ടുകളായിരുന്നു സിനിമാക്കാരുടെ ഒരു കാലത്തെ ഭ്രമം. ടെർമിനേറ്റർ, റോബോകോപ്പ്, ബ്ലേഡ് റണ്ണർ എന്നീ ചിത്രങ്ങൾ സിനിമാപ്രേക്ഷകരുടെ കൗതുകങ്ങളെയും ഒരുപാട് പരിപോഷിപ്പിച്ചു.

എന്നാൽ യഥാർത്ഥ ജീവിതത്തിലും ഇത്തരം റോബോട്ടുകൾ രംഗത്തെത്തിയയാൽ എങ്ങനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ കേട്ടോളൂ. ഇത്തരത്തിൽ മനുഷ്യനിൽ നിന്നും തിരിച്ചറിയാൻ സാധിക്കാതെ, മനുഷ്യന്റെ അതേ സ്വഭാവമുള്ള റോബോട്ടുകളെ ഈ വർഷത്തോടെ തന്നെ പുറത്തിറക്കാൻ ആലോചിക്കുകയാണ് പ്രണവ് മിസ്ത്രി എന്ന ഇന്ത്യക്കാരൻ.

എന്നാൽ, സാംസങിന്റെ പിന്തുണയുള്ള, സ്റ്റാർ ലാബ്സ് എന്ന സഥാപനത്തിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ മിസ്ത്രി ഇവരെ റോബോട്ടുകളായി കാണാനോ, മനുഷ്യന്റെ അടിമകളായി കണക്കാക്കാനോ ഒരുക്കമല്ല. മനുഷ്യനെ പോലെ തന്നെ പെരുമാറുന്ന അവന്റെ കൂട്ടുകാരനായാണ് മിസ്ത്രി തന്റെ 'നിയോൺ' എന്ന് പേരിട്ടിരിക്കുന്ന കൃത്രിമ മനുഷ്യനെ കാണുന്നത്.

സോഫിയ പോലെ, മനുഷ്യന് വെറും 'റെസ്പോൻസുകൾ' മാത്രം നൽകുന്ന ഒരു റോബോട്ടിനെ പോലെയോ, അല്ലെങ്കിൽ ആപ്പിളിന്റെ മുഖമില്ലാത്ത സിറിയെപ്പോലെയോ അല്ല ഈ 'കൃത്രിമ മനുഷ്യൻ'. മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും മനസിലാക്കി അതിന് അനുയോജ്യമായ രീതിയിൽ പെരുമാറുന്നവനാണ്/പെരുമാറുന്നവളാണ് നിയോണുകൾ.

ഇന്നത്തെ കാലത്ത് ഏറെ പ്രചാരത്തിലുള്ള എ.ഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുതന്നെയാകും നിയോണുകളും പ്രവർത്തിക്കുക. എന്നാൽ മിസ്ത്രിയുടെ എ.ഐ ഉപയോഗിക്കാനുള്ള തീരുമാനം മറ്റുള്ളവർക്കിടയിൽ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രമനുഷ്യർക്ക് മനുഷ്യന് ദോഷമുണ്ടാക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ കാരണം. അമേരിക്കയിലെ എം.ഐ.ടിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത 'നോർമൻ' എന്ന റോബോട്ട് ഇത്തരത്തിൽ പ്രവർത്തിച്ച് വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇങ്ങനെയുള്ള ആശങ്കകളെ മിസ്ത്രി തള്ളിക്കളയുകയാണ്.

'നിയോണു'കൾ അവയുടെ പ്രവർത്തികൾക്ക് അടിസ്ഥാനമാക്കുന്നത് മനുഷ്യനിൽ നിന്നും ലഭിക്കുന്ന അറിവുകളും അവനിൽ നിന്നും സ്വാംശീകരിച്ചെടുത്ത വികാര വിചാരങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് റോബോട്ട് എന്ന് വിളിക്കാതെ മിസ്ത്രി ഇവയെ 'കൃത്രിമ മനുഷ്യൻ' എന്നുവിളിക്കുന്നത്. മനുഷ്യനെപോലെതന്നെ പെരുമാറുന്ന, ഒരു മനുഷ്യന് അവന് വേണ്ടതെല്ലാം പങ്കുവയ്ക്കാൻ സാധിക്കുന്ന ഒരു തോഴൻ/തോഴി. അതാണ് മിസ്ത്രിക്ക് 'നിയോൺ'.