tiger
പ്രതീകാത്മക ചിത്രം

ഇന്ത്യയിലെയും നേപ്പാളിലെയും ഹിമാലയൻ ഗ്രാമങ്ങൾ പേടിച്ച് വിറച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20 നൂറ്റാണ്ടിന്റെ ആദ്യവും ചമ്പാവത്ത് കടുവ എന്ന നരഭോജി, മനുഷ്യരെ ഒന്നിനു പിറകേ ഒന്നായി കൊന്നൊടുക്കിയ കാലമായിരുന്നു അത്. ചമ്പാവത്ത് എന്ന പ്രദേശത്തിന്റെ പേരിലറിയപ്പെടുന്ന ഈ നരഭോജിക്കടുവ കൊന്നൊടുക്കിയത് 430 ലേറെ പേരെയാണ് ! ലോകത്ത് ഏറ്റവും കൂടുതൽ പേരെ കൊന്നൊടുക്കിയെന്ന ഗിന്നസ് റെക്കാഡ് ചമ്പാവത്ത് കടുവയുടെ പേരിലാണ്.

നേപ്പാളിലായിരുന്നു ചമ്പാവത്ത് കടുവ ആദ്യം ഭീതി പരത്തിയത്. 200ലേറെ പേരെ കടുവ നേപ്പാളിൽ കൊന്നൊടുക്കി. വകവരുത്താനെത്തിയ പല വേട്ടക്കാരും ചമ്പാവത്ത് കടുവയുടെ ആഹാരമായി. കടുവയുടെ ആക്രമണം അസഹനീയമായതോടെ നേപ്പാളീസ് സൈന്യം രംഗത്തിറങ്ങി. കടുവയെ കൊല്ലാനോ ജീവനോടെ പിടികൂടാനോ നേപ്പാളീസ് സൈന്യത്തിന് കഴിഞ്ഞില്ല.

എന്നാൽ, കടുവയെ അവർ നേപ്പാളിൽ നിന്നും തുരത്തി. അതിർത്തി കടന്ന് ഉത്തരാഖണ്ഡിലെ കുമാവോൻ ജില്ലയിലേക്കാണ് കടുവ എത്തിയത്. കുമാവോനിൽ ദിവസവും 20 മൈലിലേറെ സഞ്ചരിച്ച് ഗ്രാമങ്ങളായ ഗ്രാമങ്ങളിലെല്ലാം കടുവ തന്റെ നരവേട്ട തുടർന്നു. കടുവയെ പിടിയിലാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഒടുവിൽ, 1907ൽ അതിനെ വകവരുത്താനുള്ള ദൗത്യം പ്രശസ്‌ത ബ്രിട്ടീഷ് വേട്ടക്കാരനായ ജിം കോർബറ്റ് ഏറ്റെടുത്തു. ചമ്പാവത്ത് ഗ്രാമത്തിന് സമീപം 16 വയസുള്ള ഒരു പെൺകുട്ടിയെ കടുവ കൊന്നിരുന്നു. കടുവയുടെ രക്തത്തിൽ കുതിർന്ന കാൽപ്പാടുകൾ പിന്തുടർന്ന കോർബറ്റ്, കടുവയെ കണ്ടെത്തി വെടിവച്ചെങ്കിലും അത് രക്ഷപ്പെട്ടു. പിറ്റേ ദിവസം 300 ഓളം ഗ്രാമീണരുടെ നേതൃത്വത്തിൽ കോർബറ്റ് കടുവയെ തേടി ഇറങ്ങി. അങ്ങനെ കടുവ കോർബറ്റിന്റെ തോക്കിനിരയായി. ഏകദേശം 12 വയസ് പ്രായം അപ്പോൾ കടുവയ്‌ക്കുണ്ടായിരുന്നു.