ukraine-flight

ടെഹ്‌റാൻ:കഴിഞ്ഞയാഴ്‌ച 176 പേരുടെ മരണത്തിനിടയാക്കി ഉക്രെയ്ൻ വിമാനം തകർന്നത് തങ്ങളുടെ മിസൈൽ ഏറ്റാണെന്ന് ഇറാൻ സർക്കാർ സമ്മതിച്ചു. മനഃപൂർവമല്ലാത്ത അപകടത്തിന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫ് മാപ്പ് ചോദിക്കുകയും ചെയ്‌തു.

ഇറാന്റെ മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്ന അമേരിക്കയും കാനഡയും മറ്റും വീഡിയോ സഹിതം ഉന്നയിച്ച ആരോപണങ്ങൾ ഇതുവരെ ഇറാൻ നിഷേധിക്കുകയായിരുന്നു.

വിമാനം തകർക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ലക്ഷ്യം മാറിയതാണ് ദുരന്തത്തിൽ കലാശിച്ചതെന്നും ഇറാൻ വെളിപ്പെടുത്തി.

ഉക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് പോയ ഉക്രെയിന്റെ ബോയിംഗ് 737-800 വിമാനം ഇറാനിൽ ടേക് ഓഫിന് പിന്നാലെ തകർന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് കാരണമെന്നാണ് ഇറാൻ മാദ്ധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്.

ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരമായി ഇറാക്കിലെ യു. എസ് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെയാണ് വിമാനം തകർന്നത്. മിസൈൽ ലക്ഷ്യം തെറ്റി വിമാനത്തിൽ കൊള്ളുകയായിരുന്നു. 167 യാത്രക്കാരും 9 ജീവനക്കാരും കൊല്ലപ്പെട്ടു. 82 ഇറാൻകാരും 63 കനേഡിയൻ പൗരന്മാരും 11ഉക്രെയ്ൻകാരും ഉൾപ്പെടെയാണ് മരിച്ചത്.

അമേരിക്കയുടെ അതിസാഹസം സൃഷ്‌ടിച്ച പ്രതിസന്ധിയിൽ സംഭവിച്ച മനുഷ്യസഹജമായ പിഴവാണ് ദുരന്തത്തിന് കാരണമായത്. തങ്ങൾക്കുണ്ടായ വലിയ പിഴവിൽ ഇറാൻ ജനതയോടും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോടും ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളോടും മാപ്പ് ചോദിക്കുന്നതായും കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതാണ് നപ്രശ്നങ്ങളുടെ കാതലായ കാരണമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി കുറ്റപ്പെടുത്തി. വലിയ ദുരന്തമാണ് നടന്നതെന്നും പൊറുക്കാനാകാത്ത തെറ്റാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.