flat-demolition

 റിയൽ എസ്‌റ്രേറ്ര് മേഖലയ്ക്ക് തിരിച്ചടി

കൊച്ചി: നിമിഷങ്ങൾ കൊണ്ട് നിലംപൊത്തിയ മരടിലെ ഫ്ളാറ്റുകൾക്കൊപ്പം മണ്ണടിഞ്ഞത് ശതകോടികൾ. നാല് ഫ്ളാറ്റുകളുടെയും സംയുക്ത മൂല്യം 500 കോടി രൂപയെന്നാണ് അനുമാനം. 50 ലക്ഷം മുതൽ രണ്ടരക്കോടി രൂപവരെ വിലയുള്ള ഫ്ളാറ്റുകളാണ് തവിടുപൊടിയായത്. ഹോളി ഫെയ്‌ത്തും ആൽഫ സെറീനും ആഡംബര അപ്പാർട്ട്‌മെന്റുകളാണ്.

20,000 കോടി രൂപയുടെ ഇടപാടുകളാണ് കേരളത്തിന്റെ റിയൽ എസ്‌റ്രേറ്ര് രംഗത്ത് ഒരു വർഷം നടക്കുന്നത്. നോട്ട് അസാധുവാക്കൽ, എൻ.ആർ.ഐ പണമൊഴുക്കിലുണ്ടായ ഇടിവ്, സാമ്പത്തിക മാന്ദ്യം, ജി.എസ്.ടി എന്നിവ മൂലം വില്‌പന 25-30 ശതമാനം വരെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇരുട്ടടിയായി മരട് ഫ്ളാറ്റ് പൊളിക്കൽ ഉത്തരവെത്തിയത്.

കൊച്ചി മേഖലയിൽ മാത്രം ഫ്ളാറ്റ്/അപ്പാർട്ട്‌മെന്റ് വില്പന 40 ശതമാനത്തോളം ഇടിഞ്ഞു. മരട് ഉത്തരവ് കൂനിന്മേൽ കുരുവായി.

പുതിയ ഫ്ളാറ്രുകൾക്ക് ബുക്കിംഗ് ലഭിക്കുന്നില്ല. പുതിയ പദ്ധതികളുടെ നിർമ്മാണങ്ങളും നിലച്ച മട്ടാണ്.

വിറ്റു പോയത് ഇങ്ങനെ

• 19 നിലകളിലായി 128 അപ്പാർട്ട്‌മെന്റുകളുള്ള ജെയിൻ കോറൽ കോവിൽ ആരംഭവില 86 ലക്ഷം രൂപ

• 17 നിലകളിലായി 40 അപ്പാർട്ട്‌മെന്റുകളുള്ള ഗോൾഡൻ കായലോരത്തിൽ 50-60 ലക്ഷം രൂപ മുതൽ

• 19 നിലകളിൽ 91 ഫ്ളാറ്റുകളുള്ള എച്ച് 2ഒയിലെ വില 1.25 കോടി രൂപ മുതൽ രണ്ടരക്കോടി വരെ.

• ആൽഫ സെറീനിലെ 80 വീതം അപ്പാർട്ട്‌മെന്റിന്റെ വില 1.07 കോടി രൂപ മുതൽ 1.33 കോടി വരെ

പ്രതീക്ഷ ബഡ്‌ജറ്റിൽ

ഉപഭോക്താക്കളുടെയും നിർമ്മാതാക്കളുടെയും ആത്മവിശ്വാസം തിരിച്ചെത്താൻ ആറുമാസം മുതൽ ഒരുവർഷം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര, സംസ്ഥാന ബഡ്‌ജറ്റിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഉണർവ് പകരാനാകുമെന്ന് ക്രെഡായ് കേരള മുൻ ചെയർമാൻ എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. നിർമ്മാണ രംഗത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി രൂപീകരിച്ച കേരള റിയൽ എസ്‌റ്രേറ്റ് റെഗുലേറ്രറി അതോറിട്ടിയുടെ (റെറ) സാന്നിദ്ധ്യവും കരുത്താകും.