കൊച്ചി: മരടിലെ ഫ്ളാറ്റുകൾക്കൊപ്പം നിലംപൊത്തിയത് കേരളത്തിലെ റിയൽ എസ്‌റ്രേറ്ര് രംഗത്തെ നിർമ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും ആത്മവിശ്വാസമാണ്. നോട്ട് അസാധുവാക്കൽ, സാമ്പത്തികമാന്ദ്യം, ഗൾഫ് പ്രതിസന്ധിമൂലം പ്രവാസി പണമൊഴുക്കിലുണ്ടായ കുറവ് എന്നിവമൂലം തിരിച്ചടി നേരിട്ട റിയൽ എസ്‌റ്രേറ്റ് മേഖലയ്ക്ക് ഇരുട്ടടിയായിരുന്നു മരടിലെ ഫ്ളാറ്റുകളുടെ 'തലവര".
എന്നാൽ, കേരള റിയൽ എസ്‌റ്രേറ്ര് റെഗുലേറ്രറി അതോറിറ്റിയുടെ (കേരള റെറ) സാന്നിദ്ധ്യവും കേന്ദ്ര-സംസ്ഥാന ബഡ്‌ജറ്റുകളും ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷകൾ. റെറയിലൂടെ, സർക്കാർ മുഖേന തന്നെ ഫ്ളാറ്ര്/അപ്പാർട്ട്‌മെന്റ് പദ്ധതികളുടെ പൂർണവിവരം ലഭിക്കുമെന്നത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉയർത്തും.
സമ്പദ്‌ഞെരുക്കം മൂലം മുടങ്ങിക്കിടക്കുന്ന റിയൽ എസ്‌റ്രേറ്റ് പദ്ധതികൾ പൂർത്തിയാക്കുക ലക്ഷ്യമിട്ട് 25,000 കോടി രൂപയുടെ 'പുനരുജ്ജീവന പാക്കേജ്" കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 1,600 പദ്ധതികളിലായി അഞ്ചുലക്ഷത്തോളം അപ്പാർട്ട്‌മെന്റ് യൂണിറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ഈ പാക്കേജ് സഹായിക്കുമെന്നാണ് പ്രതീക്ഷ.
ബഡ്‌ജറ്രിലെന്ത്?
അടുത്ത സാമ്പത്തിക വർഷത്തേക്കായി കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ അവതരിപ്പിക്കുന്ന ബഡ്‌ജറ്റുകളിൽ കൂടുതൽ ആനുകൂല്യങ്ങൾ റിയൽ എസ്‌റ്രേറ്ര് രംഗം പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര ബഡ‌്ജറ്രിൽ ഭവന വായ്‌പാ പലിശയിന്മേലുള്ള റിബേറ്റും ആദായ നികുതി വകുപ്പിലെ സെക്‌ഷൻ 80(സി) പ്രകാരമുള്ള ഇളവും ഉയർത്തിയാൽ അത് റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് വൻ ആശ്വാസമാകും.
റെറയുടെ നേട്ടം
കേന്ദ്ര റിയൽ എസ്‌റ്രേറ്ര് റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് ആക്‌ട് (റെറ) പ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള റിയൽ എസ്‌റ്റേറ്ര് നിയന്ത്രണ അതോറിറ്റി ഈമാസാദ്യം പ്രവർത്തനം തുടങ്ങിയിരുന്നു. ഉപഭോക്താക്കൾക്ക് പദ്ധതികൾ സംബന്ധിച്ച പൂർണ വിവരങ്ങൾ കേരള റെറയുടെ പോർട്ടലിൽ (rera.kerala.gov.in) ലഭിക്കും. നിർമ്മാണക്കമ്പനി, മുൻകാല പ്രവർത്തനം, കേസുകൾ, പദ്ധതി വില, നിർമ്മാണ നിലവാരം, പദ്ധതിക്ക് ലഭിച്ച വിവിധ അനുമതികൾ തുടങ്ങിയവ ഇതിലുണ്ട്.
ഉപഭോക്താക്കളുടെ
ശ്രദ്ധയ്ക്ക്
വാങ്ങാനുദ്ദേശിക്കുന്ന ഫ്ളാറ്രിന്റെ രജിസ്‌ട്രേഷൻ, കമ്പനിയുടെ മുൻകാല ചരിത്രം, ഫ്ളാറ്രിന്റെ നിർമ്മാണ സ്ഥിതി, നിലവാരം, വില തുടങ്ങിയവ റെറയുടെ പോർട്ടലിൽ പരിശോധിച്ച ശേഷം മാത്രം അഡ്വാൻസ് തുക നൽകുക.
പരാതികളുണ്ടെങ്കിൽ റെറയിൽ പരാതിപ്പെടാം.
നിർമ്മാതാക്കൾ
അറിയേണ്ടത്
നിർമ്മാണത്തിലുള്ളതും ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്‌റ്റർ ചെയ്യണം
സമയപരിധിക്ക് ശേഷവും നടപടി ഉണ്ടായില്ലെങ്കിൽ, രജിസ്‌ട്രേഷൻ ലഭിച്ചതായി കണക്കാക്കാം.
രജിസ്‌റ്റർ ചെയ്യാത്ത പദ്ധതികൾ പരസ്യം ചെയ്യാനോ വില്ക്കാനോ പറ്റില്ല. ചട്ടം ലംഘിച്ചാൽ പദ്ധതിയുടെ 10 ശതമാനം വരെ തുക പിഴയോ ജയിൽ ശിക്ഷയോ ലഭിക്കും.