തിരുവനന്തപുരം: ട്വിറ്ററിൽ അവയവ ദാനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പങ്കുവച്ച ശശി തരൂർ എം.പിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു. അപകടത്തിൽ പെട്ട് ചികിത്സയിൽ ഇരുന്നിരുന്ന രണ്ടുപേരുടെ മസ്തിഷ്ക മരണം ഡോക്ടർമാർ സ്ഥിരീകരിച്ചെന്നും നാല് വൃക്കകൾ അവയവ ദിനത്തിനായി തയ്യാറാണെന്നും ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടണമെന്നുള്ള സന്ദേശമാണ് തരൂർ പങ്കുവച്ചത്.
എന്നാൽ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് എന്ന ഒരു അംഗീകൃത സംവിധാനം ഉണ്ടെന്നും അതുവഴി അല്ലാതെ മരണാനന്തര അവയവദാനം നടക്കില്ല എന്നുള്ള കാര്യം താങ്കൾക്ക് അറിയില്ലേ എന്നും ഇൻഫൊക്ലിനിക് പ്രവർത്തകൻ കൂടിയായ ഡോ. ജിനേഷ് ചോദിക്കുന്നു.
പി.എസ് ജിനേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശശി തരൂർ,
അപകടത്തിൽ പെട്ട് ചികിത്സയിൽ ഇരുന്നിരുന്ന രണ്ടുപേരുടെ മസ്തിഷ്ക മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു എന്നും നാല് വൃക്കകൾ അവയവ ദിനത്തിനായി തയ്യാറാണെന്നും ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടണം എന്നും പറഞ്ഞു കൊണ്ടുള്ള താങ്കളുടെ ട്വീറ്റ് കണ്ടു.
കേരളത്തിലെ മരണാനന്തര അവയവദാനം ഏകോപിപ്പിക്കാൻ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് എന്ന ഒരു അംഗീകൃത സംവിധാനം ഉണ്ടെന്നും അതുവഴി അല്ലാതെ മരണാനന്തര അവയവദാനം നടക്കില്ല എന്നും താങ്കൾക്ക് അറിയില്ല എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. അതിൽ തന്നെ പല സർക്കാർ ഉത്തരവുകൾ പ്രകാരം സീനിയോറിറ്റിയും മറ്റും പരിഗണിച്ച് മാത്രമേ ഇത് നടക്കുകയുള്ളൂ എന്നും താങ്കൾക്ക് അറിയില്ല എന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല.
നുണ പറയാനും, അശാസ്ത്രീയതകൾ പറയാനും, ഇല്ലാതിരുന്ന പ്രൗഢഗംഭീരമായ ഒരു പൗരാണികതയിൽ ഊറ്റം കൊള്ളാനും ധാരാളം പേർ ഇവിടെ ഉണ്ട്. പുഷ്പക വിമാനം ആണ് ആദ്യത്തെ വിമാനം എന്നും ഗണപതിയുടെ തല ആണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി എന്നും തുടങ്ങി ആയിരക്കണക്കിന് അശാസ്ത്രീയതകളുടെ കൂമ്പാരം അവർ ഇവിടെ വാരിവിതറുന്നുണ്ട്.
ആ കൂട്ടത്തിൽ നിങ്ങളെ പോലെ ഒരാൾ ചേരുന്നത് കഷ്ടമാണ് എന്ന് പറയാതെ വയ്യ. വാട്സാപ്പിൽ ഫോർവേഡ് ചെയ്തു വരുന്ന മണ്ടത്തരങ്ങൾ ഫോർവേഡ് ചെയ്യുന്ന ധാരാളം പേർ ഇവിടെ ഉണ്ട്. നിങ്ങൾ അതിലൊരാൾ മാത്രമായി മാറുന്നതിൽ ഖേദമുണ്ടെന്ന് പറയാതെ വയ്യ.
തരൂർ, നിങ്ങൾ ഒരു കേശവൻ മാമൻ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്. ഇതുപോലെ പോലെ അബദ്ധങ്ങൾ എല്ലാം വാരിവിതറി കഴിഞ്ഞ് കേശവൻ മാമൻ പട്ടം കിട്ടിയ ശേഷം പണ്ട് ഉന്നതവിദ്യാഭ്യാസം ലഭിച്ചിരുന്നുവെന്നും ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു എന്നും പറയുന്നതിൽ ഒരു അർത്ഥവും ഇല്ല എന്ന് ഓർമ്മവേണം.
നന്ദി,
ഒരു കേരളീയൻ.