anilkumar

കൊട്ടിയം : ദളിത് യുവാവിനെ അർദ്ധരാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി. മയ്യനാട് ആലുംമൂട് തെക്കുംകര ആതിരഭവനിൽ തുളസിയുടെയും ബേബിയുടെയും മകനായ മണിക്കുട്ടനെന്ന അനിൽകുമാറാണ് (23) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരീ ഭർത്താവ് അനീഷ്, സുഹൃത്ത് സന്തോഷ്, സന്തോഷിന്റെ ഒപ്പം കഴിഞ്ഞ സ്ത്രീ എന്നിവരെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് സംഘത്തലവനാണ് സന്തോഷെന്ന് പറയപ്പെടുന്നു.

ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി അനീഷും അനിലുമായി വഴക്കുണ്ടായിരുന്നു. പിന്നാലെ ഉമയനല്ലൂർ കൂതറവയൽ ലക്ഷം വീട് കോളനി നിവാസിയായ ഒരു യുവാവെത്തി അനിൽകുമാറിനെ കൂട്ടിക്കൊണ്ടുപോയി. ഒരു കിലോമീറ്റർ അകലെയുള്ള സന്തോഷിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് അനീഷും സന്തോഷും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് സംശയിക്കുന്നു. കു​ഴ​ഞ്ഞു​വീ​ണ​ ​അ​നി​ലി​നെ​ പൊ​ലീ​സെ​ത്തി​ പാലത്തറയിലെ ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെങ്കിലും ​​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മരപ്പണിക്കാരനായ അനിൽകുമാർ അവിവാഹിതനാണ്. സഹോദരി: ആര്യ.