കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായിരിക്കെ, രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി, മുഖ്യമന്ത്രി മമതാ ബാനർജി രാജ്ഭവനിൽ വച്ച് കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി ബംഗാളിലെത്തിയതിനാൽ ഔപചാരികതയുടെ പേരിലുള്ള കൂടിക്കാഴ്ചയാണ് നടന്നതെന്ന് മമത പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരായ എതിർപ്പ് പ്രധാനമന്ത്രിയെ അറിയിച്ചതായും വിഷയങ്ങൾ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടതായും മമത വ്യക്തമാക്കി.
'എൻ.പി.ആർ, എൻ.ആർ.സി, സി.എ.എ എന്നിവയെ ബംഗാളിലെ ജനങ്ങൾ സ്വീകരിക്കില്ല.
നടപടികളിൽ വീണ്ടും ചിന്തിക്കാൻ തയാറാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ
വിഷയങ്ങൾ സംസാരിക്കാൻ ഡൽഹിയിലേക്ക് ചെല്ലാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. മറ്റൊരു പരിപാടിക്ക് എത്തിയതായതിനാൽ ഈ വിഷയങ്ങൾ ഇപ്പോൾ പരിഗണിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.'- മമത മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിലെത്തിയ മോദിയെ ഗവർണർ ജഗ്‌ദീപ് ധൻകർ, മന്ത്രി ഫിർഹാദ് ഹക്കീം, ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. വിമാനത്താവളത്തിനു പുറത്ത് പൗരത്വ നിയമത്തിൽ മോദിക്കെതിരായ പ്രതിഷേധവും അരങ്ങേറി. ഇന്ന് കൊൽക്കത്തയിലുള്ള പ്രധാനമന്ത്രി കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150–ാം വാർഷികം ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കും.
കനത്ത പ്രതിഷേധം
കനത്ത സുരക്ഷയിലും വിമാനത്താവളത്തിന്റെ ഒന്നാം ഗേറ്റിന് സമീപം നൂറു കണക്കിന് പ്രതിഷേധക്കാരെത്തി 'മോദി ഗോ ബാക്ക്" വിളിച്ചു. കൊൽക്കത്ത നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രധാനമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ അരങ്ങേറി. ബംഗാൾ സന്ദർശനത്തിൽ നരേന്ദ്ര മോദിയും മമത ബാനർജിയും രണ്ടിടങ്ങളിൽ ഒരേ വേദിയിലെത്തുമെന്നാണ് വിവരം. മോദിക്കൊപ്പം മമത വേദി പങ്കിടുന്നതിനെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.