തുമ്പ: രഞ്ജി ട്രോഫി എലൈറ്ര് ഗ്രൂപ്പ് എയിൽ പഞ്ചാബിനെതിരെയും കേരളത്തിന് തകർച്ച. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 227 റൺസിന് ആൾൗട്ടായി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ പഞ്ചാബ് ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 46/2 എന്ന നിലയിലാണ്. 8 വിക്കറ്റ് കൈയിലിരിക്കേ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ അവർക്ക് 182 റൺസ് കൂടി വേണം.
രാവിലെ മുൻനിര തകർന്നപ്പോൾ പതറാതെ ബാറ്ര് വീശിയ സൽമാൻ നിസാറാണ് (പുറത്താകാതെ 91) കേരളത്തെ ഇരുന്നൂറ് കടത്തിയത്. ക്യാപ്ടൻ റോബിൻ ഉത്തപ്പ (48) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അക്ഷയ് ചന്ദ്രൻ (28), വിഷ്ണു വിനോദ് (20) എന്നിവരാണ് അല്പമെങ്കിലും പിടിച്ചു നിന്ന മറ്ര് കേരള ബാറ്റ്‌സ്മാൻമാർ. 11 റൺസെടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായ കേരളം ഒരുഘട്ടത്തിൽ 89/6 എന്ന നിലയിലായിരുന്നു. 157 പന്ത് നേരിട്ട് 10 ഫോറും 2 സിക്സും ഉൾപ്പട്ടതാണ് സൽമാന്റെ ഇന്നിംഗ്സ്. പഞ്ചാബിനായി സിദ്ധാർത്ഥ് കൗളും ബൽതേജ് സിംഗും വിനയ് ചൗധരിയും മൂന്ന് വിക്കറ്ര് വീതം വീഴ്ത്തി.
ഓപ്പണർമാരായ മർവാഹയുടേയും (16), സൻവീർ സിംഗിന്റെയും (1) വിക്കറ്റുകളാണ് പഞ്ചാബിന് ഇന്നലെ നഷ്ടമായത്. രണ്ട് വിക്കറ്രും എം.ഡി നിതീഷാണ് വീഴ്ത്തിയത്.