mullappaly-

ന്യൂഡൽഹി: പൗരത്വനിയമത്തിനെതിരെ മുഖ്യമന്ത്രി പരസ്യം നൽകിയക് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതിനായി കോടികളാണ് ചെലവിട്ടത്. രാഷ്ട്രീയനേട്ടം കൊയ്യലായിരുന്നു പിണറായിയുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷപ്രേമം കാപട്യമാണ്. കേരളത്തിലെ മുസ്ലീങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പൗരത്വനിയമത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാടെന്നും മുല്ലപ്പള്ളി ആരോപിച്ചു. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതുകൊണ്ട് നിയമം ഇല്ലാതാക്കാനാവില്ല. ഒരു സന്ദേശം നൽകാൻ മാത്രമെ കഴിയൂ. നിയമം ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കേണ്ടത് സുപ്രീം കോടതിയാണ്. അല്ലെങ്കിൽ പാർലമെന്റ് തന്നെ അതിന് തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൗരത്വനിയമത്തിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രിമാർക്ക് പിണറായി കത്തെഴുതിയപ്പോൾ അവർ സമരമുഖത്തായിരുന്നു. അപ്പോഴും അയാൾ കത്തെഴുതുക മാത്രമായിരുന്നെന്ന് മുല്ലപ്പള്ളി പറഞ്ഞു. പൗരത്വനിയമത്തിനെതിരെ ജനാധിത്യമതേതരശക്തികൾ ഐക്യപ്പെടുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ സി.പി.എമ്മുമായി യോജിച്ച് കേരളത്തിൽ സമരം ചെയ്യാൻ കോൺഗ്രസില്ല. അവരുമായി ചേർന്ന് ഫാസിസ്റ്റ് വിരുദ്ധസമരം നടത്താൻ കഴിയില്ല. ഇക്കാര്യത്തിൽ എന്റെ നിലപാടിൽമാറ്റമില്ല. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്റെ അഭിപ്രായക്കാരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എം നേതാക്കൾ എന്നെ ആക്രമിച്ചതുകൊണ്ട് എന്റെ നിലപാടിൽ ഞാൻ വെള്ളം ചേർക്കില്ല. താൻ മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ ഭീരുവല്ല. സി.പി.എമ്മിന്റെ തനിക്കെതിരായ ആക്രമണത്തെ നേരിടാൻ താൻ തന്നെ മതിയെന്നും മുല്ലപ്പള്ളി പറഞ്ഞു