തൃശൂർ: കഴിഞ്ഞ പണിമുടക്കു ദിവസം നൊബേൽ സമ്മാനജേതാവിനെ തടഞ്ഞതു സാമൂഹിക വിരുദ്ധരാണെന്ന് പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സാമൂഹിക വിരുദ്ധരുടെ പാർട്ടിയാണോ സി.പി.എമ്മെന്ന് വ്യക്തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് അറസ്റ്റുചെയ്ത നാലുപേരും സി.പി.എമ്മുകാരാണെന്നതിനാൽ ആരാണ് സാമൂഹിക വിരുദ്ധരെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിശബ്ദത വെടിയണം. നിക്ഷേപക സംഗമത്തിന്റെ തലേന്നാണ് നൊബേൽ ജേതാവിനെ തടഞ്ഞുവച്ചത്. എല്ലാ കാര്യങ്ങൾക്കും വലിയ മാറ്റം വരുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദമെങ്കിലും വാഗ്ദാനം നൽകുന്നതല്ലാതെ ഒന്നും നടപ്പായിട്ടില്ല. നാടിനുവേണ്ടി പ്രവർത്തിക്കുകയെന്ന അടിസ്ഥാന തത്വം സർക്കാർ മറന്നു. മുമ്പെങ്ങും ഇത്രയധികം സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടില്ല. ഡി.എ കുടിശിക നൽകിയിട്ടില്ല. ശമ്പള പരിഷ്‌കരണത്തിനും നടപടിയുണ്ടായിട്ടില്ല. രാഷ്ട്രീയനിറം നോക്കി ജീവനക്കാരെ സ്ഥലംമാറ്റി പീഡിപ്പിക്കാനാണ് നോക്കുന്നത്. ഇതിലും വലിയ പ്രതിസന്ധിയിലായ കേന്ദ്ര സർക്കാർ പൗരത്വപ്രശ്‌നം പറഞ്ഞ് ജനത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. വിമലൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി, അനിൽ അക്കര എം.എൽ.എ, മുൻമന്ത്രിമാരായ കെ. ബാബു, കെ.പി. വിശ്വനാഥൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, പി.എ. മാധവൻ, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, എൻ.കെ. ബെന്നി, വി.എം. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.