deepika-

ന്യൂഡൽഹി : ദീപിക പദുക്കോൺ നായികയായ ഹിന്ദി ചിത്രം ചപാക്കിന്റെ അണിയറ പ്രവർത്തകരോട് പ്രത്യേക നിർദ്ദേശവുമായി ഡൽഹി ഹൈക്കോടതി. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ചപാക്ക്. ലക്ഷ്മിയുടെ അതിജീവനത്തിന് സഹായിച്ച അഭിഭാഷക അപർണ ഭട്ടിന്റെ പേരുകൂടി ചിത്രത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജനുവരി 15നകം ചിത്രത്തിൽ ഇക്കാര്യം ചേർക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് പ്രതിഭ എം.സിംഗ് നിർദ്ദേശിച്ചു.

'ഈ സിനിമ പ്രദർശിപ്പിക്കുമ്പോഴും സ്ത്രീകൾക്കെതിരെ ശാരീരികവും ലൈംഗികവുമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അപർണ ഭട്ടിന്റെ പോരാട്ടം തുടരുകയാണ്" എന്ന് സിനിമയില്‍ എഴുതിക്കാണിക്കാൻ നേരത്തെ കീഴ്ക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന ഫോക്സ്റ്റാർ സ്റ്റുഡിയോ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ ലക്ഷ്മിയുടെ ജീവിത കഥ സിനിമാ പ്രവർത്തകർക്ക് വിവരിച്ച നല്‍കിയത് അപർണയായിരുന്നു. എല്ലാ കാര്യവും നേരിട്ടറിയുന്ന അപർണയാണ് സിനിമയ്ക്ക് എല്ലാ പിന്തുണയും നല്‍കിയതും. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു എന്തുകൊണ്ട് അപർണയുടെ പേര് കാണിക്കാൻ മടിയെന്ന് ഹൈക്കോടതി ചോദിച്ചത്.