ഇടക്കാല ലാഭവിഹിതമായി ₹40,000 കോടി ചോദിച്ചേക്കും
കൊച്ചി: നികുതി വരുമാനവും പൊതുമേഖലാ ഓഹരി വില്‌പന വരുമാനവും പാളിയ സാഹചര്യത്തിൽ റിസർവ് ബാങ്കിൽ നിന്ന് വീണ്ടും കേന്ദ്രസർക്കാർ ഇടക്കാല ലാഭവിഹിതം തേടിയേക്കും. നടപ്പു സാമ്പത്തിക വർഷം (2019-20) അവസാനിക്കുന്നതിന് മുമ്പേ 35,000-40,000 കോടി രൂപ ചോദിക്കാനാണ് ധനമന്ത്രാലയ നീക്കം.
നടപ്പുവർഷത്തെ കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ ഇതിനകം നാലുലക്ഷം കോടി രൂപയുടെ കുറവുണ്ടെന്നാണ് വിലയിരുത്തൽ. പൊതുമേഖലാ സ്ഥാപനങ്ങളുടെ നിശ്‌ചിത ഓഹരികൾ വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ നേടുകയാണ് നടപ്പുവർഷത്തെ ലക്ഷ്യമെങ്കിലും ഇതിനകം നടന്നത് 17,000 കോടി രൂപയുടെ വില്പന മാത്രമാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും റിസർവ് ബാങ്കിന്റെ കാശിൽ കണ്ണെറിയുന്നത്.
നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്ന വിലയിരുത്തൽ ഉള്ളതിനാൽ, നടപ്പുവർഷത്തെ കേന്ദ്രസർക്കാരിന്റെ ഇടക്കാല ലാഭവിഹിത ആവശ്യത്തിന് റിസർവ് ബാങ്ക് പ്രത്യേക പരിഗണന തന്നെ നൽകണമെന്ന വാദവും ധനമന്ത്രാലയത്തിനുണ്ട്.
₹1.76 ലക്ഷം കോടി
റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ കേന്ദ്രം കൈയിട്ടുവാരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നീട്, ശക്തികാന്ത ദാസ് ഗവർണർ സ്ഥാനത്ത് എത്തിയതോടെ, 1.76 ലക്ഷം കോടി രൂപയുടെ റെക്കാഡ് സർപ്ളസ് കഴിഞ്ഞ ആഗസ്‌റ്രിൽ സർക്കാരിന് നൽകി. ഇതിനു പുറമേയാണ് വീണ്ടും ഇടക്കാല ലാഭവിഹിതം തേടുന്നത്.
റിസർവ് ബാങ്കിന് ക്ഷീണം
സർക്കാരിന് റെക്കാഡ് സർപ്ളസ് നൽകിയതിലൂടെ, അടിയന്തര ആവശ്യങ്ങൾക്കുള്ള റിസർവ് ബാങ്കിന്റെ കണ്ടിൻജൻസി ഫണ്ട് കുത്തനെ ഇടിഞ്ഞിരുന്നു.
9.59 ലക്ഷം കോടി രൂപയായിരുന്നു റിസർവ് ബാങ്കിന്റെ കരുതൽ ധനം
ഇതിൽ 6.91 ലക്ഷം കോടി രൂപ സ്വർണമായും വിദേശ കറൻസിയായും 2.32 ലക്ഷം കോടി രൂപ കണ്ടിൻജൻസി ഫണ്ടായുമാണ് സൂക്ഷിച്ചിരുന്നത്.
₹1.76 ലക്ഷം കോടി രൂപ കേന്ദ്രം വാങ്ങിയതോടെ കണ്ടിൻജൻസി ഫണ്ട് 1.96 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.